വേണം, ഇവർക്കും വാസയോഗ്യമായ വീട്
text_fieldsകൽപറ്റ: ജില്ലയിലെ ആദിവാസികൾക്കായി സർക്കാർ സഹായത്തോടെ നിർമിച്ചു നൽകുന്ന വീടുകൾ കാലാവധി പൂർത്തിയാകും മുമ്പേ ജീർണാവസ്ഥയിലാകുന്നു. ലൈഫ് മിഷൻ പദ്ധതി പ്രകാരം ആറു ലക്ഷം രൂപയാണ് ഗോത്ര വിഭാഗത്തിന് വീട് നിർമിക്കാനായി അനുവദിക്കുന്നത്. അനുവദിക്കുന്ന വീടുകളുടെ നിർമാണം പലപ്പോഴും കരാറുകാരാണ് ഏറ്റെടുക്കുന്നത്.
ഇവർ നിർമാണത്തിൽ കൃത്രിമം കാണിക്കുന്നതാണ് വീടുകളുടെ തകർച്ചക്ക് കാരണമാകുന്നതെന്ന് കോളനിക്കാർ പറയുന്നു. കാട്ടുനായ്ക്ക, പണിയ, ഊരാളി വിഭാഗങ്ങൾക്കായി അനുവദിക്കുന്ന വീടുകൾ കരാറുകാരാണ് ഏറ്റെടുത്ത് നിർമിച്ചു നൽകുന്നത്.
നിർമാണം പൂർത്തിയാക്കി താമസം തുടങ്ങി വർഷങ്ങൾ കഴിയുമ്പോഴേക്കും ചുമരുകൾക്ക് വിള്ളൽ, മേൽക്കൂരയിൽ ചോർച്ച, മുകളിൽനിന്ന് നനവ് പടർന്ന് ചുമരുകൾക്ക് ജീർണാവസ്ഥ, വീടിന്റെ തറകൾക്ക് വിള്ളൽ, മേൽക്കൂരയിലെയും സ്ലാബിലെയും തേപ്പ് അടർന്നുവീഴൽ എന്നിങ്ങനെ നിരവധി പ്രയാസങ്ങളാണ് ഉണ്ടാകുന്നത്. കക്കൂസുകളുടെ അവസ്ഥയും പരിതാപകരമാണ്. പലപ്പോഴും ലൈഫ് മിഷൻ പദ്ധതിയിൽ വീടിനപേക്ഷിക്കുന്നവർക്ക് വീട് അനുവദിച്ചെന്ന കാര്യം ഗുണഭോക്താവ് അറിയുന്നതിന് മുമ്പ് ലിസ്റ്റ് കോൺട്രാക്ടർമാരുടെ കൈയിൽ എത്തുന്നു.
കരാറുകാർ ഗുണഭോക്താവിനോട് ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവ ചോദിക്കുമ്പോഴാണ് പലരും വീട് അനുവദിച്ചിട്ടുണ്ടെന്ന കാര്യം അറിയുന്നത്.
അനുവദിക്കുന്ന തുക ഗോത്രവിഭാഗത്തിന് നേരിട്ട് നൽകിയാൽ അവർ ശരിയായ രീതിയിൽ വീട് നിർമാണത്തിന് ഉപയോഗിക്കാതെ ദുരുപയോഗം ചെയ്യുമെന്ന കാരണത്താലാണ് കരാറുകാർക്ക് വീട് നിർമാണത്തിന് നൽകുന്നത്.
ഏറ്റെടുക്കുന്ന കരാറുകാർ തങ്ങളുടെ ഇഷ്ടത്തിനും സൗകര്യത്തിനുമനുസരിച്ചാണ് വീടുകൾ നിർമിച്ചു നൽകുക. പലപ്പോഴും വീട് നിർമാണം പൂർത്തിയാവാൻ കാലതാമസവും നേരിടുന്നു. വീട് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച് കരാറുകാർ മുങ്ങുന്ന കാഴ്ചയും കോളനിക്കാർക്ക് പറയാനുണ്ട്. പല വീടുകളും വൈദ്യുതീകരണം പോലും നടത്തിയിട്ടില്ല.
തറയുടെ പ്രവൃത്തികൾ പലതും സിമന്റ് പരുക്കനിട്ട് അവസാനിപ്പിക്കുകയാണ്.
അടുക്കളയിൽ സ്ലാബിടാതെ തറയിൽ കുത്തിയിരുന്ന് ആഹാരം പാകം ചെയ്യണം. വീടുകൾക്ക് അനുവദിക്കുന്ന ഫണ്ട് വാങ്ങി മുങ്ങുന്ന കരാറുകാർക്കെതിരെ നടപടി വേണമെന്നാണ് കോളനിക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.