യു.പിയാകുന്നതും കാത്ത് എടവക പള്ളിക്കൽ ഗവ. എൽ.പി സ്കൂൾ
text_fieldsകൽപറ്റ: മാനന്തവാടി ഉപജില്ലയുടെ കീഴിൽ വരുന്ന എടവക പള്ളിക്കൽ ഗവ.എൽ.പി സ്കൂൾ യു.പി ആയി ഉയർത്തണമെന്ന മുറവിളി ശക്തമാകുന്നു. സാധാരണക്കാരുടെ മക്കൾക്ക് പ്രാഥമികവിദ്യാഭ്യാസം ലഭിക്കുന്നതിന് പ്രദേശത്തുള്ളവർ ആശ്രയിക്കുന്ന ഏക സ്കൂളാണിത്. 1896ലാണ് പള്ളിക്കൽ ജി.എൽ.പി സ്കൂൾ സ്ഥാപിതമാകുന്നത്. ആദ്യ കാത്ത് അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്നു. എന്നാൽ പിന്നീട് ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത മൂലം 1965ൽ അഞ്ചാം ക്ലാസ് ഒഴിവാക്കപ്പെടുകയായിരുന്നു. പട്ടികജാതി-വർഗ വിദ്യാർഥികളും ന്യൂനപക്ഷ വിഭാഗം വിദ്യാർഥികളും കൂടുതലായി പഠിക്കുന്ന വിദ്യാലയമാണിത്. നിലവിൽ യു.പി സ്കൂളാക്കുന്നതിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. കെട്ടിടമടക്കമുള്ളവയും ഉണ്ട്. പുതിയ മൂന്നെണ്ണമടക്കം നാലുകെട്ടിടങ്ങൾ നിലവിലുണ്ട്. എൽ.പി വിഭാഗത്തിൽ അധ്യാപകരടക്കം ആകെ 15 ജീവനക്കാരാണുള്ളത്. പ്രീപ്രൈറി വിഭാഗത്തിൽ അഞ്ച് അധ്യാപകരടക്കം ആറു ജീവനക്കാരുമുണ്ട്.
എന്നാൽ, യു.പി ആയി ഉയർത്തുന്നതിനുള്ള തുടർനടപടികൾ അധികൃതർ സ്വീകരിക്കുന്നില്ല. നിലവിൽ പി.ടി.എ അടക്കമുള്ളവർ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, രാഹുൽ ഗാന്ധി എം.പി തുടങ്ങിയവർക്കൊക്കെ നിവേദനങ്ങൾ നൽകിയിരുന്നു. നിലവിൽ 300 കുട്ടികൾ എൽ.പിവിഭാഗത്തിലും 120 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നുണ്ട്. നാലാംതരത്തിൽ മാത്രം 84 കുട്ടികൾ പഠിക്കുന്നുണ്ട്. സ്കൂളിന്റെ മൂന്നുകിലോമീറ്റർ പരിധിയിൽ മറ്റു യു.പി സ്കൂളുകൾ ഇല്ല. ഇതിനാൽ പള്ളിക്കൽ ഗവ.എൽ.പിയിൽനിന്ന് നാലാം ക്ലാസ് പൂർത്തിയാക്കുന്നവർക്ക് കിലോമീറ്ററുകൾ അപ്പുറമുള്ള യു.പി സ്കൂളുകളിൽ ചേരുക മാത്രമേ നിവൃത്തിയുള്ളൂ.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവരാണ് പഠിക്കുന്നത്. ദൂരെയുള്ള സ്കൂളുകളിലേക്ക് കുട്ടികളെ അയക്കുകയെന്നത് ഇവർക്ക് സാമ്പത്തികമായി അധിക ബാധ്യത ഉണ്ടാക്കുന്നതുമാണ്. ജില്ലയിലെ ആദ്യത്തെ സ്കൂളുകളിലൊന്നാണ് പള്ളിക്കൽ ഗവൺമെൻറ് എൽ.പി സ്കൂൾ. 127 വർഷമായി കൂലിത്തൊഴിലാളികളും കർഷകരും ന്യൂനപക്ഷങ്ങളും ആദിവാസികളും അടങ്ങുന്ന സമൂഹത്തിൽ വിദ്യ പകർന്നു നൽകുന്ന ഈ വിദ്യാലയം യു.പി ആയി ഉയർത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിരന്തര ആവശ്യങ്ങൾക്കൊടുവിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് യു.പി ആക്കാനുള്ള ഉത്തരവിറങ്ങിയിരുന്നു. എന്നാൽ, എൽ.ഡി.എഫ് സർക്കാർ വന്നതോടെ സ്കൂൾ മാപ്പിങ് കഴിഞ്ഞിട്ടില്ല എന്ന കാരണത്താൽ നടപടികൾ നിർത്തിവെച്ചു. മാപ്പിങ് നടപടികൾ പൂർത്തിയായിട്ട് നാലുവർഷം പിന്നിട്ടെങ്കിലും തുടർ നടപടികൾ മാത്രമുണ്ടാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.