കരിങ്കല്‍ ഖനനം; പ്രതിഷേധവുമായി പ്രദേശവാസികൾ
text_fieldsകല്പറ്റ: നെന്മേനി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ കോട്ടയില്‍ കരിങ്കല്‍ ഖനനം തുടങ്ങുന്നതില്‍ പ്രതിഷേധം. കരിങ്കല്‍ ഖനനത്തിനു പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചതിനെതിരെ പ്രദേശവാസികള്‍ ക്വാറി വിരുദ്ധ ജനകീയ സമിതി രൂപവത്കരിച്ചു. ഖനനം ആരംഭിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് സമിതി ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്പേഴ്സൻ കൂടിയായ ജില്ല കലക്ടര്‍ ഡോ. ആര്. രേണുരാജിന് നിവേദനം നല്കി. 1,000 പേര് ഒപ്പിട്ടതാണ് നിവേദനം. ലൈസന്‍സ് അനുവദിച്ച നടപടി പുനഃപരിശോധിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പാട്ടത്തിനെടുത്ത അഞ്ച് ഏക്കര്‍ ഭൂമിയില്‍ ഖനനം നടത്താനാണ് ഫാല്‍ക്കന്‍ ക്വാറി യൂനിറ്റ് എന്ന സ്ഥാപനം ലൈസന്‍സ് സമ്പാദിച്ചതെന്ന് ക്വാറി വിരുദ്ധ ജനകീയ സമിതി ഭാരവാഹികളായ ഷാജി കോട്ടയില്‍, പി.എച്ച്. റഷീദ്, ആര്. ശ്രീനിവാസന്, സലിം കൂരിയാടന്‍, സി. ഷമീര്‍, അന്‍വര്‍ തോട്ടുങ്കല്‍, സുധീര്‍ പുന്നക്കാട് എന്നിവര്‍ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ജൂണ്‍ 20നാണ് പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചത്. ഖനനത്തിനു സമീപവാസികളുടെ സമ്മതം നടത്തിപ്പുകാര്‍ വാങ്ങിയിട്ടില്ല. നിലം നികത്തിയാണ് കല്ല് പൊട്ടിക്കാന്‍ തീരുമാനിച്ച സ്ഥലത്തുനിന്നു റോഡ് സൗകര്യം ഒരുക്കുന്നത്.
ഖനനത്തിനു ലൈസന്‍സ് അനുവദിച്ച സ്ഥലത്തിനു 150 മീറ്റര്‍ പരിധിയില്‍ അമ്പതോളം വീടുകളുണ്ട്. ക്വാറി പ്രവര്‍ത്തനം പരിസര മലിനീകരണത്തിന് കാരണമാകുന്നതിനൊപ്പം വീടുകളുടെ സുരക്ഷയെയും ബാധിക്കും. പ്രദേശവാസികളുടെ എതിര്‍പ്പ് അവഗണിച്ച് ഖനനം ആരംഭിച്ചാല്‍ റോഡ് ഉപരോധം അടക്കമുള്ള സമരത്തിന് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.