വയനാടിനെ മാലിന്യമുക്തമാക്കാൻ ‘ഗ്രീന്‍ ക്ലീന്‍’ പദ്ധതി
text_fieldsകൽപറ്റ: വയനാടിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വമിഷന് ‘ഗ്രീന്‍ക്ലീന്‍’ വയനാട് കാമ്പയിന് തുടങ്ങും. കാമ്പയിനിന്റെ രൂപരേഖ സംസ്ഥാന സര്‍ക്കാറിലേക്ക് സമര്‍പ്പിക്കും. രൂപരേഖ തയാറാക്കുന്നതിനായി ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഞ്ചംഗസമിതിയെ തിരഞ്ഞെടുത്തു.
തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വമിഷന് എന്നിവരുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും ഏജന്‍സികളെയും പങ്കാളികളാക്കും. മാലിന്യസംസ്കരണത്തിന് സ്ഥിരസംവിധാനം ഒരുക്കുന്ന ബൃഹത് പദ്ധതിയില്‍ ജനകീയ പങ്കാളിത്തവും ഉറപ്പാക്കും. ഗ്രീന്‍ ക്ലീന്‍ വയനാട് പദ്ധതിയില്‍ ഗ്രീന്‍ ഗേറ്റ്സ്, ഗ്രീന്‍ സെസ്, ഗ്രീന്‍ ഫീ എന്നീ മൂന്ന് തരത്തിലാണ് നടപ്പിലാക്കുക.
ഗ്രീൻ ഗേറ്റ് അതിർത്തി ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച്
ഗ്രീന്‍ ഗേറ്റ് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചാണ് നടക്കുക.അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ കടന്നുപോകുന്ന ജില്ലക്ക് പുറത്തുള്ളതും സംസ്ഥാനത്തിന് പുറത്തുള്ളതുമായ വാഹനങ്ങളില്‍ നിന്നും നിശ്ചിത ശതമാനം തുക ഈടാക്കും.
ലക്കിടി, വടുവന്‍ചാല്‍, താളൂര്‍, മുത്തങ്ങ, ബത്തേരി-ഗൂഡലൂര്‍ റോഡ്, തോല്പെട്ടി, ബാവലി, ബോയ്സ് ടൗണ്‍, പേരിയ, നിരവില്‍പുഴ, നമ്പ്യാര്‍ കുന്ന് എന്നീ അതിര്‍ത്തി ചെക്ക് പോസ്റ്റുകളാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. ചെക്ക് പോസ്റ്റുകളില്‍ പ്രത്യേകം പരിശോധനയും ഒരുക്കും. കാമ്പയിന്റെ ഭാഗമായി മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് പരിശോധനയും യാത്രക്കാര്‍ക്ക് ബോധവത്കരണവും നല്‍കും.
ഗ്രീൻ സെസ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ
ഗ്രീന്‍ സെസ് ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വഴിയാണ് നടപ്പാക്കുന്നത്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ടിക്കറ്റിനോടൊപ്പം നിശ്ചിത തുക ഈടാക്കും.
ഗ്രീൻ ഫീ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും
ഗ്രീന്‍ ഫീ റിസോര്‍ട്ടുകളെയും ഹോം സ്റ്റേകളെയും കേന്ദ്രീകരിച്ചാണ് നടത്തുന്നത്. റിസോര്‍ട്ട്, ഹോം സ്റ്റേ എന്നിവിടങ്ങളിലെ ഓരോ മുറിക്കും നിശ്ചിത ഫീസ് ഏര്‍പ്പെടുത്തും. ഇത്തരത്തില്‍ ഈടാക്കുന്ന തുക തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. അനധികൃതമായി മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ വിവിധയിടങ്ങളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കുക, മാലിന്യ കേന്ദ്രങ്ങള്‍ ശുചിയാക്കുക, യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടം തയാറാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുക.
സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികളെയും ഭാഗമാക്കും. അശാസ്ത്രീയമായും നിയമവിരുദ്ധമായും മാലിന്യം കൈകാര്യം ചെയ്യുന്നതിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൃത്യമായി നിരീക്ഷിക്കും. പൊതുസ്ഥലങ്ങളിലും മറ്റും വാഹനങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും നിയമ നടപടി സ്വീകരിക്കും. മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ സ്വന്തം മേഖലയില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും. യോഗത്തില്‍ കലക്ടര്‍ ഡോ. രേണു രാജ് അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍.ഐ. ഷാജു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, എ.എസ്.പി വിനോദ് പിള്ള, ജില്ല ശുചിത്വ മിഷന് അസിസ്റ്റന്റ് കോഓഡിനേറ്റര്‍ (ഐ.ഇ.സി) കെ. റഹീം ഫൈസൽ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.