കേരള ടൂറിസത്തിന്റെ കാവൽക്കാരൻ, സൊണ ലാമ ഫ്രം നേപ്പാൾ
text_fieldsകൽപറ്റ: കേരള ടൂറിസം വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് വിദേശ രാജ്യക്കാരനായ ഒരാൾ സ്ഥിരം ജീവനക്കാരനാകുന്നത്, ആ ബഹുമതിക്ക് ഉടമയാണ് നേപ്പാൾ സ്വദേശിയായ സൊണ ലാമ.
സഞ്ചാരികളോട് ഹിന്ദിയിലും മലയാളത്തിലും കൂട്ടുകൂടി മനംനിറച്ച സൊണ, 33 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം 58ാം വയസ്സിൽ വയനാട് ടൂറിസം പ്രമോഷൻ കൗൺസിലിൽനിന്ന് (ഡി.ടി.പി.സി) നിന്ന് അറ്റൻഡറായി വിരമിച്ചു. 1991ലാണ് സൊണ വയനാട്ടിൽ എത്തുന്നത്.
20 രൂപ ദിവസക്കൂലിക്ക് പൂക്കോട് തടാകത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഹിന്ദിയിൽ എല്ലാ സേവനങ്ങളും നൽകാൻ മുന്നിൽനിന്നു. എല്ലായിടത്തും ഓടിനടന്ന സൊണ അങ്ങനെ എല്ലാവരുടെയും ഇഷ്ടക്കാരനായി.
മലയാളി സഞ്ചാരികൾക്ക് നല്ല ‘ഭായി’യായി. ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളും സംസാരിക്കും. 2005ൽ ഡി.ടി.പി.സി എക്സിക്യൂട്ടിവ് കമ്മിറ്റി പ്രത്യേക താൽപര്യമെടുത്താണ് സൊണയെ സ്ഥിരംജീവനക്കാരനാക്കിയതെന്നും സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിദേശിയെ ഇങ്ങനെ നിയമിക്കുന്നതെന്നും നിലവിലെ മെംബർ സെക്രട്ടറി കെ.ജി. അജേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇതിനകം പൂക്കോട് തടാകം, കാന്തൻപാറ, കർളാട് തടാകം എന്നിവിടങ്ങളിൽ ജോലിചെയ്തു. നേപ്പാളിലെ മക്വൺപുർ ജില്ലയിലെ എറ്റോഡ നഗർ സ്വദേശിയായ സൊണയുടെ ഭാര്യ സുശീലയാണ്. 13 കൊല്ലത്തോളം കുടുംബസമേതം വൈത്തിരി തളിപ്പുഴയിൽ താമസിച്ചു.
സുസ്മിത, സുമിത, സുഭാഷ് എന്നിവർ മക്കളാണ്. സുമിത ബംഗളൂരുവിൽ ഡയാലിസിസ് കോഴ്സ് കഴിഞ്ഞു. നിലവിൽ അറ്റൻഡറായി സൊണ വിരമിക്കുമ്പോൾ ശമ്പളം അരലക്ഷത്തിന് മുകളിലാണ്. ഏത് ദേശക്കാരെയും ഉൾക്കൊള്ളുകയെന്ന കേരളത്തിന്റെ നല്ല മനസ്സിന്റെ ഉദാഹരണംകൂടിയാണ് സൊണയുടെ വർഷങ്ങൾ നീണ്ട ഔദ്യോഗിക ജീവിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.