ഹരിതകേരളം: ആദ്യ ജലബജറ്റുമായി മുട്ടില്‍
text_fieldsകൽപറ്റ: സംസ്ഥാനത്ത് ആദ്യമായി ജലബജറ്റ് തയാറാക്കി മുട്ടിൽ ഗ്രാമപഞ്ചായത്ത്. നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷൻ നേതൃത്വത്തിലാണ് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജലബജറ്റ് തയാറാക്കിയത്. 2020 തുടക്കത്തിലാണ് മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ ജലബജറ്റ് തയാറാക്കുന്നതിനുളള വിവരശേഖരണം തുടങ്ങിയത്. സംസ്ഥാനത്ത് ജലബജറ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി പൈലറ്റ് അടിസ്ഥാനത്തിലാണ് മുട്ടില്‍ പഞ്ചായത്തിനെ തിരഞ്ഞെടുത്തത്.
ഹരിതകേരളം മിഷന് റിസോഴ്സ് പേഴ്സണ്‍മാരാണ് വിവിധ വകുപ്പുകളില്‍ നിന്നും മറ്റ് ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലൂടെയും ഗ്രാമപഞ്ചായത്തിലെ ജല ലഭ്യതയും ജല വിനിയോഗവും സംബന്ധിച്ച വിവരശേഖരണം നടത്തിയത്.
ശേഖരിക്കപ്പെട്ട വിവരങ്ങള്‍ ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ അപഗ്രഥനവും വിശകലനവും നടത്തിയാണ് ജലബജറ്റിന് രൂപം നല്‍കിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ ജലബജറ്റ് രേഖ കൈമാറി പ്രകാശനം ചെയ്തു.
എന്താണ് ജലബജറ്റ്?
ജലത്തിന്റെ ലഭ്യതയും വിനിയോഗവും വിലയിരുത്താന്‍ ഉപയോഗിക്കാവുന്ന ശാസ്ത്രീയ ഉപാധിയാണ് ജലബജറ്റ്. ഒരു പ്രദേശത്തിന്റെ ജല സ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുന്നതിന് ഏറെ സഹായകരമാണിത്. ജലലഭ്യത ഉപയോഗം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ജലബജറ്റ് വിഭാവനം ചെയ്യുന്നത്. കൂടുതല്‍ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുന്നതിനും ഇത് സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.