ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മാറ്റുരക്കുന്നത് വയനാട് ജില്ലയിൽനിന്നുള്ള നാല് വിദ്യാലയങ്ങൾ
text_fieldsകൽപറ്റ: വൈവിധ്യമാർന്ന പഠനരീതികളിലൂടെയും പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും സംസ്ഥാനത്തിന് മാതൃകയായ ജില്ലയിലെ നാല് സ്കൂളുകൾ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മാറ്റുരക്കുന്നു.
വിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്തുവരുന്ന റിയാലിറ്റി ഷോയില് എസ്.എ.എൽ.പി.എസ് തരിയോട്, ഡബ്ല്യു.ഒ.യു.പി.എസ് മുട്ടിൽ, ജി.എച്ച്.എസ് ഓടപ്പള്ളം, ജി.എച്ച്.എസ്.എസ് മീനങ്ങാടി എന്നീ സ്കൂളുകളാണ് വയനാടിന്റെ അഭിമാനമാകുന്നത്. ഷോയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 20, 15, 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.
അവസാന റൗണ്ടിലെത്തുന്ന മറ്റു സ്കൂളുകൾക്ക് രണ്ടു ലക്ഷം രൂപ വീതവുമാണ് ലഭിക്കുക. സ്കൂളുകളുടെ അടിസ്ഥാന സൗകര്യം, സാമൂഹിക പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്.
733 സ്കൂളുകളായിരുന്നു ഹരിതവിദ്യാലയം സീസൺ മൂന്നിൽ പ്രാഥമിക പരിശോധനക്കായി രജിസ്റ്റർ ചെയ്തിരുന്നത്. പരിശോധനയിൽ ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തിൽ 110 വിദ്യാലയങ്ങളെ ഷൂട്ടിങ്ങിനായി തിരഞ്ഞെടുത്തു. സി-ഡിറ്റ് നേതൃത്വത്തിലാണ് സ്കൂൾതലത്തിലെ ഷൂട്ടിങ് നടത്തിയത്.
നവംബർ 22 മുതൽ ഡിസംബർ ഒന്നുവരെയുള്ള തീയതികളിലായി സ്കൂൾതലത്തിലെ ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു. പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 110 വിദ്യാലയങ്ങളിലെ മികവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവതരണവും അതിന്റെ റെക്കോഡിങ്ങും 2022 നവംബർ 29 മുതൽ ഡിസംബർ 10 വരെയുള്ള തീയതികളിൽ നടന്നു.
തിരുവനന്തപുരം ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോയിൽ തയാറാക്കിയ വേദിയിലാണ് ചിത്രീകരണം നടന്നത്. ജില്ലയിലെ മൂന്ന് സ്കൂളുകളുടെ സംപ്രേഷണം നടന്നു. മീനങ്ങാടി സ്കൂളിന്റെ അവതരണം ഫെബ്രുവരി 14ന് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.