നാട് അതിജീവിതർക്കൊപ്പം, വയനാട്ടിൽ ഇന്ന് ഹർത്താൽ
text_fieldsകല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുള്പൊട്ടല് ദുരന്തത്തിന്റെ ഇരകൾക്കൊപ്പമാണ് നാടെന്ന് പ്രഖ്യാപിച്ച് ചൊവ്വാഴ്ച ജില്ലയിൽ ഹർത്താൽ. ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിലും പ്രത്യക സാമ്പത്തിക സഹായം കേന്ദ്രം അനുവദിക്കാത്തതിലും പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച രാവിലെ ആറുമുതല് വൈകീട്ട് ആറുവരെ ഹർത്താൽ നടക്കുക. യു.ഡി.എഫും എൽ.ഡി.എഫുമാണ് പ്രഖ്യാപിച്ചത് എന്നതിനാൽ ഹർത്താൽ പൂർണമാകും. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. വൈകീട്ട് ആറുമണിക്ക് ശേഷമേ കെ.എസ്.ആർ.ടി.സി സർവിസ് നടത്തൂ. എന്നാൽ, ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് മുമ്പ് വയനാട് ചുരം ഇറങ്ങുന്ന സർവിസുകൾ നടത്തും. സുൽത്താൻ ബത്തേരിയിൽനിന്നുള്ള ചേർത്തല ബസും തിരുവനന്തപുരം ബസും ഇത്തരത്തിൽ ഓടും.
പുലർച്ച അഞ്ചുമണിക്ക് മാനന്തവാടി ഡിപ്പോയിൽനിന്ന് പുറപ്പെടുന്ന പനമരം-കൽപറ്റ-കോഴിക്കോട് ബസും 5.10ന് പുറപ്പെടുന്ന കുറ്റ്യാടി-പേരാമ്പ്ര-കോഴിക്കോട് ബസും സർവിസ് നടത്തും.ജൂലൈ 30നുണ്ടായ ഉരുൾദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട അതിജീവിതരുടെ പുനരധിവാസമടക്കം വഴിമുട്ടിയ സ്ഥിതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പോയപ്പോൾ കേരളം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. പണത്തിന്റെ തടസ്സംമൂലം കേരളം ദുരന്ത അതിജീവനവഴിയിൽ കഷ്ടപ്പെടില്ല എന്ന ഉറപ്പും പ്രധാനമന്ത്രി നൽകിയിരുന്നു. എന്നാൽ, മാസം മൂന്നു പിന്നിട്ടപ്പോഴും ഒരു സഹായവും േകന്ദ്രസർക്കാർ നൽകിയില്ല.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാങ്കേതിക തടസ്സമുണ്ടെങ്കിലും പ്രത്യേക സാമ്പത്തിക സഹായവും കേന്ദ്രം നൽകിയിട്ടില്ല. ഇതിനെതിരെയാണ് ചൊവ്വാഴ്ച ഹർത്താൽ നടത്തുന്നത്. അതേസമയം, ബി.ജെ.പി ഹർത്താലിനെതിരെ രംഗത്തുവന്നു. ഹർത്താൽ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കൽപറ്റ നഗരത്തിൽ തിങ്കളാഴ്ച വൈകീട്ട് ഏഴോടെ ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തി.
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ കാറ്റഗറി മൂന്നിൽപെടുത്തി അതിതീവ്ര ദുരന്തമായി പരിഗണിക്കാൻപോലും കേന്ദ്ര സർക്കാർ തയാറായിട്ടില്ല. വയനാട് ഹർത്താലിന് പിന്തുണയുമായി മറ്റു സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഹർത്താലിന് ദുരന്തമുഖത്തെ ഇരകളുടെ കൂട്ടായ്മയായ ജനകീയ സമിതിയും പിന്തുണ പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ ജനരോഷം ശക്തമാക്കാനാണ് ബി.ജെ.പി ഒഴികെയുള്ള പാർട്ടികളുടെയും ദുരന്തബാധിതരുടെയും തീരുമാനം.
പുനരധിവാസത്തിന് സർക്കാർ കണ്ടെത്തിയ രണ്ട് എസ്റ്റേറ്റുകളും നിയമക്കുരുക്കിൽ അകപ്പെട്ടുകിടക്കുകയാണ്. 10,000 രൂപയെന്ന അടിയന്തര ധനസഹായംപോലും പൂർണമായി എല്ലാവർക്കും ലഭിച്ചിട്ടില്ല.
വയനാട് ഹർത്താൽ വിജയിപ്പിക്കും -എച്ച്.എം.എസ്
പുൽപള്ളി: സമാനതകളില്ലാത്ത മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ വയനാടിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ ചൊവ്വാഴ്ച നടത്തുന്ന ഹർത്താലിന് എച്ച്.എം.എസ് പൂർണ പിന്തുണ നൽകുമെന്ന് ജില്ല പ്രസിഡന്റ് വി.ടി. തോമസ് അറിയിച്ചു. നാണ്യവിളകളിലൂടെ കോടാനുകോടി രൂപ നികുതിപ്പണമായി നേടിക്കൊടുത്ത ജില്ലയാണ് വയനാട്. ഇവിടത്തെ കർഷകരുടെയും മറ്റ് വിഭാഗങ്ങളുടെയും അധ്വാനത്തിന്റെ പങ്ക് കൈക്കലാക്കുന്ന സർക്കാർ ദുരന്തകാലത്ത് മുഖംതിരിക്കുന്നത് ന്യായീകരിക്കാനാവില്ല.
ഈസമരം വൻ വിജയമാക്കാൻ വയനാടിനെ സ്നേഹിക്കുന്നവരെല്ലാം മുന്നോട്ടുവരണമെന്നും എച്ച്.എം.എസ് ആവശ്യപ്പെട്ടു. വി.ടി. തോമസ് അധ്യക്ഷത വഹിച്ചു. വി.പി. വർക്കി, ജുനൈദ് കൈപ്പാണി, യു.എ. ഖാദർ, കെ.കെ. മോഹനൻ, പി.എം. ഇബ്രാഹിം, ടി.എ. അബ്ദുല്ല, എം.എ. ജോർജ്, സജി കണ്ടത്തിൻകര, ഷിജു എന്നിവർ സംസാരിച്ചു.
‘കേന്ദ്രത്തിന്റെ നടപടി കൊലച്ചതി’
കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് ദുരിതബാധിതരോടുള്ള കൊലച്ചതിയാണെന്നും ദുരന്തത്തെ അടിയന്തരമായി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുൽ ജബ്ബാർ. കേന്ദ്ര സർക്കാറിന്റെ വിവേചനത്തിനെതിരെ എസ്.ഡി.പി.ഐ വയനാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റുള്ള സംസ്ഥാനങ്ങളിൽ അപകടങ്ങൾ സംഭവിക്കുന്നമുറക്കുതന്നെ സഹായങ്ങൾ പ്രഖ്യാപിക്കുന്ന കേന്ദ്ര സർക്കാർ നാന്നൂറിലധികം മനുഷ്യർ മരണപ്പെട്ട, മുന്നൂറിലധികം പേർക്ക് പരിക്കേറ്റ, നൂറിലധികം പേരെ കാണാതായ മുണ്ടക്കൈ ദുരന്തത്തെ കേവലം രാഷ്ട്രീയത്തിന്റെ പേരിൽ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല.
ദുരിതബാധിതർക്ക് നീതി ലഭിക്കും വരെ സമരരംഗത്തുണ്ടാകും. ജില്ല വൈസ് പ്രസിഡന്റ് ഇ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ദുരിതബാധിതരുടെ പ്രതിനിധി സുബൈർ, ജില്ല കമ്മിറ്റിയംഗം കെ. സുബൈർ തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറിമാരായ കെ. മമ്മൂട്ടി, സൽമ അഷ്റഫ്, ട്രഷറർ മഹ്റൂഫ്, വിവിധ മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ നൂറിലധികം പ്രവർത്തകർ പങ്കെടുത്തു. ജില്ല ജനറൽ സെക്രട്ടറി എൻ. ഹംസ സ്വാഗതവും കൽപറ്റ മണ്ഡലം പ്രസിഡന്റ് കരീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.