മഴയിൽ കുളിച്ച് വയനാട്
text_fieldsകൽപറ്റ: ജില്ലയിൽ മഴക്ക് ശമനമില്ല. തോടുകളും പുഴകളും കര കവിഞ്ഞതോടെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് വൈത്തിരി താലൂക്കില്‍ വെങ്ങപ്പള്ളി വില്ലേജിലെ ചാമുണ്ടി കോളനിയില്‍ താമസിക്കുന്ന 14 കുടുംബങ്ങളിലെ 66 പേരെ തെക്കുംതറ അമ്മസഹായം യു.പി സ്കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
മരം വീണ് വീട് തകര്‍ന്നതിനെ തുടര്‍ന്ന് മാനന്തവാടി താലൂക്കില്‍ വാളാട് വില്ലേജില്‍ പോരൂര്‍കുന്ന് പ്രദേശത്തുളള ഒരു കുടുംബത്തെ സമീപത്തുള്ള ക്ലബ് കെട്ടിടത്തിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. കോട്ടത്തറ വില്ലേജിലെ പാല പൊയിൽ കോളനിയിൽ വെള്ളം കയറിയതിനാൽ 20 കുടുംബങ്ങളെ ജി.വി.എച്ച്.എസ് കരിങ്കുറ്റിയിലേക്ക് വൈകീട്ട് മാറ്റി. മേപ്പാടി പഞ്ചായത്തിലെ ചെങ്കൂറ്റി കോളനിയിലെ 14 പേരെ കോട്ടനാട് യു.പി സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി.
വെങ്ങപ്പള്ളി വില്ലേജിൽ കരിക്കിലോട് കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് നാല് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചു. മണിയങ്കോട് ഓടമ്പൊയിൽ കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് കോളനിയിലെ കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു.
കോഴിക്കോട്- മാനന്തവാടി സംസ്ഥാന പാതയിൽ കമ്പളക്കാട് പൊലീസ് സ്റ്റേഷന് മുൻവശം റോഡ് സൈഡിൽ ഗർത്തം രൂപപ്പെട്ടു. കാൽനടക്കാർക്കുപോലും നടക്കാൻ പറ്റാത്ത തരത്തിലാണ് ഗർത്തം രൂപപ്പെട്ടത്. അമ്പലവയലിൽ ഓടവയലിൽ വീടിന് മുകളിൽ മരം വീണു. മുരിങ്ങ പറമ്പിൽ സജീവന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. വീട് ഭാഗികമായി തകർന്നു.
കബനി പുഴ നിറഞ്ഞു
പനമരം: തുടർച്ചയായി പെയ്യുന്ന മഴയിൽ കബനി പുഴ നിറഞ്ഞു. ഞായറാഴ്ച ചെറുപുഴ നിറഞ്ഞു കവിഞ്ഞിരുന്നുവെങ്കിലും കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടിവന്നില്ല. ചെറുപുഴയോര പ്രദേശങ്ങൾ വയലുകളാണ്. വിരലിലെണ്ണാവുന്ന കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അതു കാരണം വലിയ പ്രതിസന്ധികൾ ഉണ്ടാവാറില്ല. എന്നാൽ, കബനി നിറഞ്ഞു കവിഞ്ഞാൽ പുഴയോര പ്രദേശങ്ങളിലുള്ള അഞ്ഞൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും.
പുഴയോര പ്രദേശമായ മാതോത്ത്പൊയിൽ, കീഞ്ഞുകടവ്, പരക്കുനി, ചങ്ങാടക്കടവ്, നീരട്ടാടിപൊയിൽ, ബെസതിപായിൽ, പാലുകുന്ന് പ്രദേശങ്ങളിലെ കുടുംബങ്ങളാണു വെള്ളംകയറി ഒഴിയേണ്ടി വരുക. മൂന്നുവർഷമായി ഇവിടങ്ങളിലെ കുടുംബങ്ങൾ വെള്ളം കയറി ഒഴിയേണ്ടിവന്നിട്ടില്ല.
തൊള്ളായിരംകണ്ടിയിലേക്ക് പ്രവേശനം നിരോധിച്ചു
കൽപറ്റ: കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ തൊള്ളായിരംകണ്ടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായി ജില്ല കലക്ടര്‍ അറിയിച്ചു. ജില്ലയിലെ മലയോരപ്രദേശങ്ങളിലേക്കുള്ള ട്രക്കിങ് പൂര്‍ണമായും നിരോധിച്ചു.
ഭാരമേറിയ വാഹനങ്ങള്‍ക്ക് നിരോധനം
കൽപറ്റ: മാനന്തവാടി കൈതക്കല്‍ റോഡ് കൊയിലേരി ഭാഗത്ത് പുഴയോട് ചേര്‍ന്ന് മുമ്പുണ്ടായിരുന്ന സംരക്ഷണഭിത്തി തകര്‍ന്നതിനാല്‍ റോഡിലൂടെയുള്ള ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം താത്കാലികമായി നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു. ഭാരമേറിയ വാഹനങ്ങള്‍ പനമരം നാലാംമൈല്‍ വഴി തിരിഞ്ഞു പോകണം.
വീടിനകത്തെ നിലം താഴ്ന്നു
വൈത്തിരി: കനത്ത മഴയിൽ വീടിനകത്തെ നിലം താഴ്ന്നു. പൊഴുതന ഇടിയം വയൽ കോലോത്തുംതൊടി സുനീറിന്റെ വീടിനകമാണ് താഴ്ന്നുപോയത്. കഴിഞ്ഞ ദിവസമാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.