വയനാട്ടിൽ കനത്ത മഴ; ജാഗ്രത വേണം
text_fieldsജില്ലയിൽ മഴ തുടർച്ചയായി പെയ്യുന്ന പ്രദേശങ്ങളിലുള്ളവർ സഹായത്തിനായി ദുരന്തനിവാരണ അതോറിറ്റിയുടെ 8078409770 എന്ന നമ്പറിൽ ബന്ധപ്പെടണം.
കൽപറ്റ: വയനാട്ടിൽ രണ്ടു ദിവസമായി കനത്ത മഴ. ജില്ലയിൽ തിങ്കളാഴ്ച യെല്ലോ അലർട്ടായിരുന്നു. എന്നാൽ, വൈകീട്ട് നാലു മണിക്കുശേഷം ഓറഞ്ച് അലർട്ടായി. കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി മേഖലകളിൽ ശക്തമായ മഴയാണ് പെയ്തത്. പലയിടത്തും ഉച്ചയോടെ തുടങ്ങിയ മഴ മണിക്കൂറുകൾ കഴിഞ്ഞിട്ടും ശമിച്ചില്ല.
കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിൽ വ്യാപകമായി മഴ പെയ്തിരുന്നു. മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതിജാഗ്രത പാലിക്കണമെന്ന് സർക്കാർ അറിയിച്ചിരുന്നു. ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന പ്രദേശങ്ങളിൽ സ്ഥലത്തെ വാർഡ് അംഗവുമായോ വില്ലേജ് ഓഫിസർമാരുമായോ ദുരന്തനിവാരണ അതോറിറ്റിയുമായോ ബന്ധപ്പെടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിലും ജില്ലയിൽ മഞ്ഞ അലർട്ടാണ്. തെക്ക് പടിഞ്ഞാറൻ കാലവർഷത്തോടനുബന്ധിച്ച് ജൂൺ മുതൽ സെപ്റ്റംബർ വരെ വയനാട്ടിൽ 1713.3 മി.മീറ്റർ മഴയാണ് പെയ്തത്. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം 250 മി.മീറ്റർ മഴ കിട്ടി.
പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ
- നദിക്കരകൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതർ നിർദേശിച്ചാൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം.
- ദുരന്തസാധ്യത പ്രദേശങ്ങളിലുള്ളവർ ദുരിതാശ്വാസ ക്യാമ്പുകൾ സംബന്ധിച്ച വിവരങ്ങൾക്കായി തദ്ദേശ സ്ഥാപന, റവന്യൂ അധികൃതരുമായി ബന്ധപ്പെടണം.
- അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.
- ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.
- അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.