ജില്ലയിൽ മഴ കനത്തു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
text_fieldsകൽപറ്റ: ജില്ലയിൽ മഴ കനത്തു. വെള്ളിയാഴ്ച രാത്രിയിലെ നിലക്കാത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചെറിയ പുഴകളിലും തോടുകളിലും വെള്ളം നിറഞ്ഞിട്ടുണ്ട്. കോട്ടത്തറ, പനമരം, പടിഞ്ഞാറത്തറ, തരിയോട്, മാനന്തവാടി പുഴയോരങ്ങളിൽ വെള്ളം കയറി. മഴ തുടർന്നാൽ പുഴകൾ കരകവിഞ്ഞൊഴുകാനുള്ള സാധ്യതായാണുള്ളത്. കബനി നദിയിലടക്കം വെള്ളം ഉയർന്നു തുടങ്ങിയിട്ടുണ്ട്.
പീസ് വില്ലേജ്-പുഴക്കല്‍ റോഡും സംരക്ഷണ ഭിത്തിയും ഇടിഞ്ഞു
വെങ്ങപ്പള്ളി: പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍പ്പെട്ട പീസ് വില്ലേജ് - പുഴക്കല്‍ റോഡിന്റെ ഒരു ഭാഗവും റോഡിനെ സംരക്ഷിച്ചു കൊണ്ടുള്ള കരിങ്കല്‍ ഭിത്തിയും പുഴയിലേക്ക് ഇടിഞ്ഞുവീണു. കോണ്‍ക്രീറ്റ് റോഡിന്റെ അടിഭാഗത്തെ മണ്‍തിട്ടയും പൂര്‍ണമായും പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നു.
ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. പതിനഞ്ചോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണ് തകർന്നത്. ഇതോടെ റോഡിനോട് ചേര്‍ന്നുള്ള കരോട്ട് കിഴക്കല്‍ തോമസിന്റെ വീട് പൂര്‍ണമായും അപകട ഭീഷണിയിലായി.
ഇവരുടെ വീടിന്റെ മുന്‍വശത്തുകൂടെ കടന്നു പോകുന്ന റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതോടെ വീടിന്റെ പരിസരവും ഇടിയുമെന്ന അവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷം പണി പൂര്‍ത്തിയാക്കിയ റോഡാണിത്. അമ്പത് മീറ്ററോളം സംരക്ഷണ ഭിത്തിയിടിഞ്ഞ് നിരങ്ങിയിട്ടുണ്ട്. ടി. സിദ്ദീഖ് എം.എൽ.എ സ്ഥലം സന്ദർശിച്ചു.
കനത്ത മഴയിൽ വീട് തകർന്നുവീണു
മേപ്പാടി: വെള്ളിയാഴ്ച രാത്രി ഉണ്ടായ ശക്തമായ മഴയെത്തുടർന്ന് മൂപ്പൈനാട് പഞ്ചായത്ത് പതിനാറാം വാർഡ് താഴെ അരപ്പറ്റയിൽ സിമന്റ് ഷീറ്റ് മേഞ്ഞ വീട് തകർന്നുവീണു.
അരപ്പറ്റ ഗ്രൗണ്ടിന് അടുത്തായി വിധവയായ കല്ലിങ്കൽ സുന്ദരമ്മയും വിദ്യാർഥിയായ ഏക മകളും താമസിച്ചിരുന്ന വീടാണ് തകർന്നത്. വീട് തകരുന്ന ശബ്ദം കേട്ട് പുറത്തേക്കോടിയാണ് സുന്ദരമ്മയും മകളും അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
താമസിക്കാൻ വീടില്ലാത്ത അവസ്ഥയിലായി കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ഈ കുടുംബം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. ശശീന്ദ്രൻ, വാർഡ് അംഗം ഇ.വി. ശശീധരൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റിൽ സുന്ദരമ്മയുടെ പേരുണ്ടെങ്കിലും ജനറൽ വിഭാഗത്തിലായതിനാൽ മുൻഗണന ലഭിക്കാനുള്ള സാധ്യത വിരളമാണ്.
ഈ കുടുംബത്തിന്റെ താൽക്കാലിക പുനരധിവാസത്തിന് ജില്ല ഭരണകൂടത്തിന്റെ സഹായം തേടുമെന്ന് പ്രസിഡന്റ് അറിയിച്ചു.
മൂന്നു കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
പിണങ്ങോട്: വെങ്ങപ്പള്ളി വില്ലേജിൽ മൂന്നു കുടുംബങ്ങളെ അയൽവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. പന്ത്രണ്ടാം വാർഡ് പീസ് വില്ലേജ് റോഡ് ഒരു ഭാഗം പൂർണമായി പുഴയിലേക്ക് വീണതിനെ തുടർന്ന് റോഡിന് സമീപത്തുള്ള മൂന്ന് വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയായതിനെ തുടർന്നാണ് കുടുംബങ്ങളെ അയൽവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചത്. 10 പേരാണ് മൂന്ന കുടുംബത്തിലായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.