കുരുക്കിലമർന്ന് കൽപറ്റ
text_fieldsകൽപറ്റ: പതിറ്റാണ്ടുകളായി ഒരു പുരോഗതിയുമില്ലാതെ നീണ്ടുനിവർന്നുകിടക്കുന്നൊരു മെയിൻ റോഡ്. പ്രതിദിനം അതിലൂടെ ഒഴുകിപ്പായുന്ന ആയിരക്കണക്കിന് വാഹനങ്ങൾ. ഒരുപാട് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഈ മെയിൻ റോഡിന് സമാന്തരമായൊരു ബൈപാസ് റോഡ് വന്നത്.
കാലമേറെയാകുംമുമ്പെ അത് പൊട്ടിപ്പൊളിഞ്ഞ് പാളീസായി. അപ്പോൾ വീണ്ടും എല്ലാ വണ്ടികളും പഴയതുപോലെ ആ മെയിൻറോഡിലൂടെ ഒഴുകാൻ തുടങ്ങി. ഫലം, സ്വതവേ റോഡുകളിൽ വാഹനബാഹുല്യം ഗതാഗത തടസ്സങ്ങൾക്ക് വഴിയൊരുക്കുന്ന കാലത്ത് ആ മെയിൻറോഡിലൂടെയുള്ള സഞ്ചാരം അതി ദുഷ്കരമായി.
ഇപ്പോൾ അങ്ങ് ട്രാഫിക് ജങ്ഷൻ മുതൽ ഇങ്ങ് കൈനാട്ടി ജങ്ഷൻ വരെയുള്ള ഒരു രണ്ടര കിലോമീറ്റർ ദൂരം താണ്ടിക്കിട്ടാൻ ചുരുങ്ങിയത് അരമണിക്കൂറെടുക്കുമെന്ന അവസ്ഥയാണ്. അത് പലപ്പോഴും മണിക്കൂറുകൾ തന്നെയുമാവാം. പറഞ്ഞുവരുന്നത് ജില്ല ആസ്ഥാനമായ കൽപറ്റ നഗരത്തിലെ മെയിൻ റോഡിനെക്കുറിച്ചുതന്നെയാണ്.
കാലങ്ങളായി ഇന്നാട്ടുകാർ അനുഭവിച്ചുവരുന്ന കടുത്ത ഗതാഗതക്കുരുക്കിനെക്കുറിച്ച്. ബൈപാസ് റോഡ് തകരുകയും കൈനാട്ടി ജങ്ഷൻ നവീകരണത്തിനായി പൊളിച്ചിടുകയും സഞ്ചാരികളുടെ ഒഴുക്ക് വർധിക്കുകയും ചെയ്തതോടെ അക്ഷരാർഥത്തിൽ കുരുക്കിലമർന്നിരിക്കുകയാണ് കൽപറ്റ ടൗൺ. പകലെന്നുമാത്രമല്ല, പലപ്പോഴും പുലർച്ചെ മുതൽ അർധരാത്രിവരെ നീളുന്ന ട്രാഫിക് ബ്ലോക്കാണിപ്പോൾ കൽപറ്റ നഗരത്തിെൻറ ശാപം. മേപ്പാടി ജങ്ഷൻ മുതൽ എടപ്പെട്ടി വരെ നീളുന്നതാണ് പല ദിവസങ്ങളിലും ടൗണിലെ ഗതാഗതക്കുരുക്ക്. ഇതിന് അറുതിവരുത്താനുള്ള ശ്രമങ്ങളൊന്നും മാസങ്ങളായി ഒരുതലത്തിലും നടക്കുന്നില്ലെന്നതാണ് ഏറ്റവും വിരോധാഭാസം.
പ്രഭവകേന്ദ്രമായി ഗൂഡലായി
ടൗണിലെ ട്രാഫിക് ബ്ലോക്കിെൻറ 'ആസ്ഥാനം' എന്നുപറയാവുന്ന ഇടമാണ് ഗൂഡലായി. ബസ്സ്റ്റോപ് നിർണയിച്ചതിലെ അശാസ്ത്രീയതയാണ് ഗൂഡലായിയിൽ നഗരക്കുരുക്കിെൻറ വ്യാപ്തി വർധിപ്പിക്കുന്നതിന് വഴിയൊരുക്കുന്നത്. കോഴിക്കോട് ഭാഗത്തേക്കും സുൽത്താൻ ബത്തേരി, മാനന്തവാടി ഭാഗത്തേക്കുമുള്ള ബസുകൾ ഇവിടെ മെയിൻറോഡിൽ നിർത്തുന്നത് നേർവിപരീത ദിശകളിലാണ്. ഇരുഭാഗത്തുനിന്നുമുള്ള ബസുകൾ ഒരേ സമയം ഇവിടെയെത്തി റോഡിൽ നിർത്തിയാൽ പിന്നെ, ഒരു മോട്ടോർ സൈക്കിളിനുപോലും കടന്നുപോകാനാവില്ല. അപ്പോഴേക്ക് ഏറെദൂരം നീളുന്ന ട്രാഫിക് ബ്ലോക്ക് രൂപപ്പെട്ടിട്ടുണ്ടാവും. ഒരു ഭാഗത്തേക്കുള്ള ബസ് നിർത്തുന്നത് അൽപം മാറി പുനർനിർണയിച്ചാൽ തീരാവുന്ന പ്രശ്നമാണിത്. പക്ഷേ, ആരോടുപറയാൻ?.
ഇതിനുപുറമെ ബസ്സ്റ്റോപ്പുകൾക്ക് തൊട്ടരികെയുള്ള വിദേശമദ്യഷോപ്പും ഗതാഗതക്കുരുക്കിെൻറ എരിതീയിൽ എണ്ണ പകരുന്നു. ബിവറേജസ് ഔട്ട്ലെറ്റിലേക്ക് റോഡിനോട് ചേർന്ന കവാടത്തിനരികിൽ മദ്യം വാങ്ങാനെത്തുന്നവർ വാഹനങ്ങൾ നിർത്തുന്നത് ഏറെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ടൂറിസ്റ്റുകളുടെ വാഹനങ്ങളാണ് ഇവയിലേറെയും. മദ്യഷാപ്പ് സ്ഥാപിച്ചതിനു പിന്നാലെ കുറച്ചുകാലം പൊലീസിെൻറ സേവനം ഇവിടെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല.
കുത്തിപ്പൊളിച്ച് കൈനാട്ടി
കുരുക്കിന് തുടക്കമിടുന്ന കൈനാട്ടി ജങ്ഷനിൽ ഇപ്പോൾ കാര്യങ്ങൾ കൂടുതൽ പ്രശ്നത്തിലാണ്. നവീകരണത്തിനായി ജങ്ഷൻ കുത്തിപ്പൊളിച്ചതോടെ കൽപറ്റയിലെ ഗതാഗതക്കുരുക്ക് ഇരട്ടിച്ചു.
കൈനാട്ടിയിലും പിന്നാലെ ബൈപാസ് ജങ്ഷനിലും ഗതാഗത തടസ്സം നേരിടുന്നതോടെ ഏറെദൂരം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് പതിവായിരിക്കുന്നു.
സമാന്തര പാതകളുടെ അഭാവം
ബൈപാസ് വന്ന സമയത്ത് ഗതാഗതക്കുരുക്കിന് ഏറെ ആശ്വാസമുണ്ടായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മിക്ക വാഹനങ്ങളും ബൈപാസിനെ ആശ്രയിച്ചത് തുണയായി. അപ്പോഴും ബൈപാസിൽനിന്ന് നഗരഹൃദയത്തിലേക്ക് തുറക്കുന്ന ലിങ്ക് റോഡ് വേണമെന്ന ആവശ്യം നിരന്തരം ഉയർന്നിരുന്നു. പ്രസ് ക്ലബ് റോഡ് വഴി പിണങ്ങോട് റോഡ് ജങ്ഷനിലേക്ക് തുറക്കുന്ന ലിങ്ക് റോഡ് വന്നാൽ കൂടുതൽ പേർ ഗതാഗതത്തിനായി ബൈപാസിനെ ആശ്രയിക്കുകയും അതുവഴി മെയിൻ റോഡിലെ വീർപ്പുമുട്ടലിന് ആശ്വാസമാവുകയും ചെയ്യുമെന്നാണ് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത്. എന്നാൽ, സ്ഥലം വിട്ടുകിട്ടാനുള്ള പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ അത് കേവലം ആഗ്രഹമായി ചുരുങ്ങി. പുതിയ ബസ്സ്റ്റാൻഡ് ഭാഗത്തേക്ക് തുറക്കുന്ന രീതിയിൽ ലിങ്ക് റോഡ് പണിയുന്ന കാര്യം മുനിസിപ്പാലിറ്റി ബജറ്റിൽ പലകുറി സൂചിപ്പിക്കപ്പെട്ടെങ്കിലും അത് യാഥാർഥ്യമാകുന്നതിന് അടുത്തെത്തിയതുമില്ല.
ഇതിനുപുറമെ സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് എസ്.പി ഓഫിസ്, എമിലി, പള്ളിത്താഴം വഴി പിണങ്ങോട് റോഡ് ജങ്ഷനിലെത്തുന്ന റോഡ് വീതികൂട്ടി നവീകരിച്ചാൽ ഗതാഗതക്കുരുക്കിന് അറുതിവരുത്താനും നഗരവികസനത്തിന് അനുഗുണമാവുന്ന രീതിയിൽ ഉപയോഗപ്പെടുത്താനും കഴിയും. കാലങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്ന ഈ ആവശ്യവും പരിഗണിക്കപ്പെടുന്നില്ല.
അർധരാത്രിയിലും നീളുന്ന ബ്ലോക്ക്; നോക്കുകുത്തിയായി പൊലീസ്
മുമ്പൊക്കെ പകൽ മാത്രമായിരുന്നു രൂക്ഷമായ ഗതാഗതക്കുരുക്കെങ്കിൽ ഇപ്പോൾ അത് അർധരാത്രിയിലേക്കും നീളുന്നു.
ടോറസും ടിപ്പറുമടങ്ങുന്ന ചരക്കുവാഹനങ്ങളും ടൂറിസ്റ്റ് ബസുകളുമൊക്കെ പൊട്ടിപ്പൊളിഞ്ഞ ബൈപാസ് റോഡിലൂടെ പോകാൻ മടികാട്ടുമ്പോഴാണ് കുരുക്ക് കൂടുതൽ മുറുകുന്നത്.
ട്രാഫിക് ജങ്ഷനിലും കൈനാട്ടി ബൈപാസ് ജങ്ഷനിലും പകൽ ഓരോ പൊലീസുകാരാണ് ഡ്യൂട്ടിയിലുണ്ടാവുക.
വണ്ടിയിൽ ടൗൺ പരിസരങ്ങളിലേക്കുള്ള ലോഡാണെന്ന് ഇവരെ തെറ്റിദ്ധരിപ്പിച്ച് ഭീമാകാരമായ ടോറസുകളടക്കം പകൽ ടൗണിലൂടെ സഞ്ചരിക്കുന്നത് പതിവുകാഴ്ചയാണ്.
പൊലീസുകാർ ഇല്ലെന്നുകണ്ടാൽ ഇവർ പിന്നെ, ബൈപാസ് വഴി പോകാറില്ല. സ്കൂൾ വിദ്യാർഥികളടക്കം ഇരുചക്ര വാഹനങ്ങളുടെ പിന്നിലിരിക്കുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ഉടൻ ഫൈനടിക്കാൻ 'ശുഷ്കാന്തി'കാട്ടുന്ന പൊലീസുകാർ നിയമം ലംഘിച്ച് അമിത ഭാരം കയറ്റി പകൽസമയത്ത് ടൗണിലൂടെയുള്ള ടോറസുകളുടെയും ടിപ്പറുകളുടെയും സഞ്ചാരത്തെ ചോദ്യം ചെയ്യാറുമില്ല.
വൈകീട്ട് ഡ്യൂട്ടിയിലുള്ള പൊലീസുകാർ മടങ്ങുന്നതോടെ, ടിപ്പറുകളടക്കം മിക്ക ചരക്കുവാഹനങ്ങളും ടൗണിലൂടെ മാത്രമേ സഞ്ചരിക്കാറുള്ളൂ. രാത്രിയിൽ കണ്ടെയ്നറുകളടക്കം വാഹനങ്ങളൊന്നും ബൈപാസിനെ ആശ്രയിക്കാതെ വരുന്നതോടെയാണ് ടൗണിൽ ബ്ലോക്ക് നീളുന്നത്.
'സഞ്ചാരികളേ ഇതിലേ, ഇതിലേ...'
ടൂറിസത്തിെൻറ പേരിൽ ഇവിടേക്ക് മറുനാട്ടുകാരെ മാടിവിളിക്കുന്ന അധികൃതർ പക്ഷേ, വയനാടൻ ജനതക്ക് ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഒട്ടും ബോധവാന്മാരല്ല എന്നതാണ് ജില്ലയുടെ ഏറ്റവും വലിയ ശാപം. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾക്ക് മുൻഗണന നൽകുമ്പോൾ വയനാട്ടുകാർ ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റോഡുകൾ പലതും കാലങ്ങളായി നന്നാക്കാതെ കിടക്കുകയാണ്.
മാനന്തവാടി, സുൽത്താൻ ബത്തേരി ഭാഗങ്ങളിലേക്ക് കൽപറ്റവഴിയെത്തുന്ന ടൂറിസ്റ്റുകളും ബൈപാസ് റോഡ് തകർന്നതു കാരണം മെയിൻ റോഡിനെയാണ് ആശ്രയിക്കുന്നത്. വലിയ ടൂറിസ്റ്റ് ബസുകൾ വരെ ഏതുതിരക്കിലും ടൗണിലൂടെയേ ഇപ്പോൾ പോകാറുള്ളൂ. സഞ്ചാരികളുടെ വാഹനബാഹുല്യം വലിയൊരളവിൽ കുരുക്കിന് ആക്കംകൂട്ടുന്നുണ്ട്. ബൈപാസ് റോഡ് നന്നാക്കിയാൽ ടൂറിസ്റ്റുകളിൽ വലിയൊരു ഭാഗവും അതുവഴി പോകാനാണ് താൽപര്യം കാട്ടുക.
പ്ലാനിങ്ങില്ലാത്ത നഗരം
ഒരുവിധ ഭാവനയും ദീർഘദൃഷ്ടിയുമില്ലാതെ കാലങ്ങളായി വളർച്ച മുരടിച്ചുപോയ നഗരത്തിൽ റോഡുകളും അതുപോലെയാകുന്നത് സ്വാഭാവികം. കൽപറ്റക്കും സംഭവിച്ചത് അതുതന്നെയാണ്. ഇട റോഡുകളും സമാന്തരപാതകളും കുറഞ്ഞ നഗരത്തിൽ കൃത്യമായ പ്ലാനിങ് ഒരുകാലത്തും ഉണ്ടായിട്ടില്ല. ഒരു ബൈപാസ് വന്നതൊഴിച്ചു നിർത്തിയാൽ ഉള്ളസ്ഥലത്ത് തട്ടിക്കൂട്ട് പരിഷ്കാരങ്ങൾ എന്നതിനപ്പുറത്തേക്കുള്ള വികസന പദ്ധതികളൊന്നും ഗതാഗതമേഖലയിൽ കൽപറ്റയിൽ വന്നിട്ടില്ല.
വാഹനങ്ങളും ജനസംഖ്യയും വ്യാപാരങ്ങളുമൊക്കെ പതിന്മടങ്ങ് വർധിച്ചിട്ടും പതിറ്റാണ്ടുകൾക്കുമുമ്പുള്ള അതേ സഞ്ചാര സൗകര്യങ്ങളിലാണിന്നും ടൗൺ. അശാസ്ത്രീയമായ പാർക്കിങ് സംവിധാനങ്ങളും ഗതാഗതക്കുരുക്കിന് വലിയൊരളവിൽ കാരണമാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.