ഹണി ട്രാപ്: യുവാവിൽനിന്ന് ലക്ഷങ്ങൾ തട്ടിയ രാജസ്ഥാൻ സ്വദേശിനി പിടിയിൽ
text_fieldsകൽപറ്റ: ടെലിഗ്രാം വഴി നഗ്ന വിഡിയോ കാൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽനിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിനിയെ വയനാട് സൈബർ പൊലീസ് ജയ്പൂരിൽനിന്ന് പിടികൂടി. രാജസ്ഥാനിലെ സവായ് മദേപുർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28) എന്ന യുവതിയെയാണ് ഇൻസ്പെക്ടർ സുരേഷ് ബാബുവും സംഘവും പിടികൂടിയത്. കേരള പൊലീസ് തന്നെ തിരക്കി രാജസ്ഥാൻ വരെയെത്തിയ ഞെട്ടലിൽ യുവതി ഉടൻതന്നെ യുവാവിന് തട്ടിയെടുത്ത തുക അയച്ചു നൽകി.
തട്ടിപ്പിനിരയായതിനെ തുടർന്ന് സൈബർ പൊലീസിൽ യുവാവ് നൽകിയ പരാതിയിൽ കേസെടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതി വലയിലാകുന്നത്. 2023 ജൂലൈയിലാണ് യുവാവിനെ കബളിപ്പിച്ച് യുവതി പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലെ സിം കാർഡിൽനിന്നും ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി ബത്തേരി സ്വദേശിയായ യുവാവിനെ നഗ്ന വിഡിയോ കാൾ ചെയ്തശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം സ്വീകരിച്ചത്. എസ്.ഐ ബിനോയ് സ്കറിയ, എസ്.സി.പി.ഒമാരായ കെ. റസാക്ക്, കെ.എ. സലാം, പി.എ. ഷുക്കൂർ, അനീസ്, സി.പി.ഒ സി. വിനീഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.