മനുഷ്യാവകാശ കമീഷന്റെ അന്ത്യശാസനം: 14 വർഷങ്ങൾക്ക് ശേഷം ഡോക്ടർ നഷ്ടപരിഹാരം നൽകി
text_fieldsകൽപറ്റ: രക്താർബുദം ബാധിച്ച കുട്ടി ചികിത്സാപിഴവ് കാരണം മരിച്ച സംഭവത്തിൽ ഡോക്ടറിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി രക്ഷിതാക്കൾക്ക് നൽകണമെന്ന മനുഷ്യാവകാശ കമീഷൻ ഉത്തരവ് 14 വർഷങ്ങൾക്ക് ശേഷം നടപ്പായി. രക്താർബുദം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് 14 വർഷങ്ങൾക്ക് ശേഷം നടപടിയുണ്ടായത്.
കേരള ഹൈക്കോടതിയിലും മനുഷ്യാവകാശ കമീഷനിലും വർഷങ്ങൾ നീണ്ട നിയമയുദ്ധങ്ങൾക്ക് ശേഷമാണ് നടപടി. കണിയാമ്പറ്റ സ്വദേശിനി മിനി ഗണേശിന്, കമീഷൻ 2008 ഡിസംബർ രണ്ടിന് വിധിച്ച 1,75,000 രൂപ നൽകണമെന്ന ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ അന്ത്യശാസനത്തിന് ഒടുവിലാണ് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവ് നടപ്പാക്കിയത്.
മിനി ഗണേശിന്റെ മകൾ ആറര വയസ്സുണ്ടായിരുന്ന അഞ്ജലി 2003 സെപ്റ്റംബർ 21നാണ് മരിച്ചത്. 1996 ഡിസംബർ അഞ്ചിനാണ് കുട്ടി രക്താർബുദത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തുടങ്ങിയത്. ഡോ. പി.എം. കുട്ടിയാണ് ചികിത്സിച്ചത്. രോഗം മാറിയെന്നാണ് ഡോക്ടർ രക്ഷിതാക്കളെ ധരിപ്പിച്ചത്.
2002ൽ പെൺകുട്ടിയുടെ കാഴ്ച മങ്ങിത്തുടങ്ങി. എന്നാൽ, ഇത് മൈഗ്രേനാണെന്ന് പറഞ്ഞ് ഡോക്ടർ അതിനുള്ള ചികിത്സ നൽകി. കാഴ്ച ശക്തി പൂർണമായും കുറഞ്ഞപ്പോൾ കോയമ്പത്തൂരിലെയും ബംഗളൂരുവിലെയും ആശുപത്രികളാണ് കീമോ ചെയ്യാൻ പോലും കഴിയാത്ത തരത്തിൽ അർബുദ രോഗം വ്യാപിച്ചതായി കണ്ടെത്തിയത്.
തുടർന്ന് മിനി ഗണേഷ് കമീഷനിൽ പരാതി നൽകി. കമ്മീഷൻ അംഗമായിരുന്ന ജസ്റ്റിസ് വി.പി. മോഹൻകുമാർ ചികിത്സാപിഴവ് കണ്ടെത്തി. ഡോക്ടറിൽനിന്ന് ഒന്നേ മുക്കാൽ ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി അമ്മക്ക് നൽകാൻ 2008ൽ ഉത്തരവിട്ടു. ഇതിനെതിരെ ഡോക്ടർ കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് അപ്പീൽ തള്ളി.
2021 ജൂൺ 21നാണ് ഹൈക്കോടതി വിധി വന്നത്. എന്നിട്ടും നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്നാണ് മിനി ഗണേഷ് വീണ്ടും മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. തുടർന്ന് 2021 നവംബർ 22ന് നഷ്ടപരിഹാരം എത്രയും വേഗം അനുവദിക്കണമെന്ന് കമീഷൻ ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകി.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 1,75,000 രൂപ ഈടാക്കി നൽകിയതായി ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കമീഷനെ അറിയിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.