മനുഷ്യ-വന്യജീവി സംഘര്‍ഷം: വനമേഖലയിലെ അനാവശ്യയാത്രകള്‍ ഒഴിവാക്കണം -മന്ത്രി
text_fieldsകൽപറ്റ: ജില്ലയിലെ ജനവാസ മേഖലകളില്‍ വന്യജീവികളിറങ്ങുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആര്. കേളു.
കലക്ടറേറ്റില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട ജില്ലതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പറഞ്ഞു. വന്യജീവി ആക്രമണത്തിന്റെ ഗൗരവം മനസ്സിലാക്കി വനമേഖലകളിലൂടെയുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ രാത്രി സമയങ്ങളില്‍ വനപാതയിലൂടെ സഞ്ചരിക്കരുതെന്നുമാണ് മന്ത്രി പറഞ്ഞത്. വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും മന്ത്രി അറിയിച്ചു.
കാട്ടാന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സഞ്ചാരപാത നീരീക്ഷിക്കാന്‍ പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാന്‍ മന്ത്രി നിർദേശം നൽകി. വനമേഖലയിലെ ആവാസ വ്യവസ്ഥയില്‍ മാറ്റം സംഭവിക്കുന്നതിനാല്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന സാഹചര്യം കൂടുതലാണെന്നും വനം വകുപ്പ് ജാഗ്രതയോടെ നിരീക്ഷണം നടത്തണമെന്നും വൈല്‍ഡ് ലൈഫ് വാര്ഡന്, നോര്‍ത്ത്, സൗത്ത് ഡി.എഫ്.ഒമാരോട് മന്ത്രി ആവശ്യപ്പെട്ടു.
മേപ്പാടി അമരക്കുനി, ചെതലത്ത് ഭാഗങ്ങളില്‍ അന്തര്‍ സംസ്ഥാന ഫോഴ്സുമായി സഹകരിച്ച് ശക്തമായ പട്രോളിങ് നിരീക്ഷണം നടത്തുന്നതായി നോര്‍ത്തേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ അറിയിച്ചു. കര്‍ണ്ണാടക-കേരള അതിര്‍ത്തിയിലെത്തിയ ബേലൂര്‍ മഘ്നയുടെ സഞ്ചാരപാത നിരീക്ഷിക്കുന്നതിന് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി. ആനത്താരകളിലെ നിരീക്ഷണം രാത്രികാല പെട്രോളിങ് എന്നിവ ശക്തമാക്കാന്‍ യോഗം ആവശ്യപ്പെട്ടു. നോര്‍ത്ത്, സൗത്ത് ഡി.എഫ്മാരുടെ കീഴിലുള്ള ആര്.ആര്.ടി ടീമുകളുടെ സേവനം ഉപയോഗപ്പെടുത്തണം.
മന്ത്രി ഒ.ആർ. കേളുവിന്റെ പ്രസ്താവന വയനാട്ടിലെ സ്ഥിതിഗതികളുടെ സത്യാവസ്ഥ അറിയുന്ന ഒരു ഭരണാധികാരിയുടെ സത്യസന്ധവും സധൈര്യവുമായ നിലപാടാണെന്ന് പ്രകൃതി സംരക്ഷണ സമിതി പറഞ്ഞു. വനത്തിനും വന്യജീവികൾക്കും വനം വകുപ്പുജീവനക്കാർക്കും എതിരെ വിദ്വേഷവും കിംവദന്തികളും പ്രചരിപ്പിക്കുകയാണ് കർഷക രക്ഷാ വേഷം കെട്ടിയ ചില സ്വതന്ത്ര കർഷക സംഘനകളും ചില മത സംഘടനകളും. ഇവരെ തുറന്നുകാണിക്കാൻ കേളുവിനെപ്പോലുള്ള അധികാരികൾ രംഗത്തുവരണം. വയനാടടക്കമുള്ള വനമേഖലയിൽ വനം വകുപ്പ് ജീവനക്കാർക്ക് ധൈര്യത്തോടെ ജോലി ചെയ്യാനാകുന്നില്ല.
വയനാട്ടിൽ തഴച്ചു വളരുന്ന അനിയന്ത്രിത വിനോദസഞ്ചാരം കാടിനുള്ളിലും വനമേഖലയിലും നാൾക്കുനാൾ വർധിക്കുകയാണ്. രാത്രിയെന്നോ പകലെന്നോ നിരോധിതമേഖലയെന്നോ വ്യത്യാസമില്ലാതെ സഞ്ചാരികൾ കാടുകയറുന്നു. കാട്ടിനുള്ളിലൂടെയുള്ള റോഡിൽ നിയമവിരുദ്ധ ട്രക്കിംങും രാത്രികാല സഫാരികളും യഥേഷ്ടം നടക്കുന്നു. ഇതെല്ലാം വന്യജീവി പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. ഇവ അവസാനിപ്പിക്കാനും മന്ത്രി മുൻകൈയെടുക്കണം. സമിതി യോഗത്തിൽ എം. ഗംഗാധരൻ അധ്യക്ഷതവഹിച്ചു.
ബാബു മൈലമ്പാടി, എ.വി. മനോജ്, എൻ. ബാദുഷ, തോമസ് അമ്പലവയൽ, സി.എ. ഗോപാലകൃഷ്ണൻ, പി.എം. സുരേഷ്, ഒ.ജെ. മാത്യൂ, സണ്ണി മരക്കടവ്, രാധാകൃഷ്ണ ലാൽ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.