കുടിവെള്ളമില്ലാതെ വലഞ്ഞത് നൂറുകണക്കിന് കുടുംബങ്ങൾ; കുടിവെള്ളം മുട്ടിച്ച ചെക്ഡാം നാട്ടുകാർ തുറന്നു
text_fieldsകൽപറ്റ: സ്വകാര്യ തോട്ടം നടത്തിപ്പുകാർ ചെക്ഡാം അടച്ചത് റാട്ടക്കൊല്ലി, പുൽപാറ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചതായി പരാതി. തുടർന്ന് നാട്ടുകാർ സംഘടിച്ച്, ചെക്ഡാം തുറന്ന് തോട്ടിലേക്ക് വെള്ളമൊഴുക്കി. റാട്ടക്കൊല്ലി മലയിൽനിന്ന് ഉത്ഭവിക്കുന്ന തോട്ടിലാണ് ചെക്ഡാമുള്ളത്.
ഈ തോട്ടിൽ ബണ്ടുകെട്ടി വെള്ളം തടഞ്ഞുനിർത്തി വലിയ പൈപ്പിട്ട് താഴ്വാരത്ത് ടാങ്കുകൾ സ്ഥാപിച്ചാണ് വീടുകളിലേക്ക് പൈപ്പുകളിലൂടെ വെള്ളം എത്തിച്ചിരുന്നത്. എന്നാൽ ഒരു ആഴ്ച മുമ്പ് റാട്ടക്കൊല്ലി മല നീലഗിരി എസ്റ്റേറ്റിലെ ചെക്ഡാം ടാർപോളിൻ ഷീറ്റ് അടക്കം വിരിച്ച് അടക്കുകയായിരുന്നുവെന്നും ഇതോടെ കൽപറ്റ മുനിസിപ്പാലിറ്റി 16, 17 വാർഡുകളിലെ മുന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ളം നിലച്ചുവെന്നും നാട്ടുകാർ പറഞ്ഞു.
തോട്ടിലെ ഒഴുക്ക് നിലച്ചതോടെ പൈപ്പിലൂടെ താഴ്വാരത്തെ ടാങ്കുകളിൽ വെള്ളമെത്തുന്നതും മുടങ്ങി. വെള്ളമില്ലാതായതോടെ നാട്ടുകാർ അന്വേഷിച്ച് മുകളിലെത്തിയപ്പോഴാണ് ചെക്ഡാമിൽ വെള്ളം തടഞ്ഞുവെച്ച് തോട്ടം നനക്കാൻ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഇതോടെ ഇവർ നഗരസഭ അധികൃതർക്ക് പരാതി നൽകുകയായിരുന്നു.
കഴിഞ്ഞദിവസം രണ്ട് വാർഡുകളിലെയും കൗൺസിലർമാരും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറും സ്ഥലം സന്ദർശിച്ചു. റിപ്പോർട്ട് തയാറാക്കി വെള്ളം കെട്ടിനിർത്തിയ വസ്തുക്കൾ പൊളിച്ചുമാറ്റാൻ തോട്ടം ഉടമക്ക് നിർദേശം നൽകാനിരിക്കെയാണ് നാട്ടുകാർ സംഘടിച്ച് വെള്ളം തുറന്നുവിട്ടത്. കുടിവെള്ള പ്രശ്നം അസഹ്യമായതോടെയാണ് ഞായറാഴ്ച വെള്ളം തുറന്നുവിട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ചെക്ഡാമിൽ അനധികൃതമായി കിണർ നിർമിച്ചിട്ടുണ്ടെന്നും ഇവർ ആരോപിച്ചു.
മുൻ വർഷങ്ങളിലും തോട്ടം നടത്തിപ്പുകാർ ചെക്ഡാമിൽ വെള്ളം തടഞ്ഞിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ വെള്ളത്തിന്റെ ഒഴുക്ക് പൂർണമായും തടഞ്ഞിരുന്നില്ല. ഇത് വലിയ പ്രയാസവും സൃഷ്ടിച്ചിരുന്നില്ല. കഴിഞ്ഞ ആഴ്ചമുതൽ പൂർണമായും അടച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്.
റാട്ടക്കൊല്ലി മലയിൽനിന്ന് ഉത്ഭവിക്കുന്ന തോട്ടിൽനിന്നായിരുന്നു മുമ്പ് കൽപറ്റ നഗരസഭയിൽ കുടിവെള്ളമെത്തിച്ചിരുന്നത്. ഇതിനായി വലിയടാങ്ക് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കാരാപ്പുഴ പദ്ധതി യാഥാർഥ്യമായതോടെ ഈ കുടിവെള്ള വിതരണ പദ്ധതി ഉപേക്ഷിച്ചു.
കഴിഞ്ഞദിവസം മുതൽ തോട്ടിലേക്ക് വെള്ളം ഒഴുക്കിവിടാൻ തുടങ്ങിയിരുന്നുവെന്ന് തോട്ടം നടത്തിപ്പുകാരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കെട്ടിനിർത്തിയ വെള്ളംകൂടി അവർ പൊളിക്കുകയാണ് ചെയ്തത്. അവിടെ വെള്ളം കെട്ടിനിന്നാൽ താഴേക്ക് ഉറവ കൂടുകയേയുള്ളൂ. പൊളിച്ചതോടെ വേനൽ കനക്കുമ്പോൾ നീരുറവയും വറ്റാനിടയുണ്ട്.
കാപ്പി പൂത്തതിന് ശേഷം രണ്ടാമത് മഴ ലഭിക്കാതെ കരിയാൻ തുടങ്ങിയതോടെയാണ് തോട്ടം നനക്കാൻ ആരംഭിച്ചത്. തോട്ടത്തിന് മുകളിലെ കുളത്തിൽനിന്ന് പൈപ്പിട്ട് നാട്ടുകാർക്ക് വെള്ളമെടുക്കാൻ അനുവദിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.
നാലുദിവസം കൂടി മാത്രമേ ചെക്ഡാമിൽനിന്ന് തോട്ടത്തിലേക്ക് വെള്ളം എടുക്കുകയുള്ളൂവെന്ന് കഴിഞ്ഞ ദിവസം നഗരസഭ അധികൃതർ വന്നപ്പോൾ അറിയിച്ചിരുന്നു. വർഷങ്ങളായി ഇവിടെ നിന്ന് വേനലിൽ വെള്ളമെടുത്ത് തോട്ടം നനയ്ക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘നഗരസഭ അനുമതി നൽകിയിരുന്നില്ല’
നാട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടർന്ന് ചെക്ഡാം പ്രദേശം സന്ദർശിച്ചിരുന്നുവെന്ന് കൽപറ്റ നഗരസഭ പുൽപാറ വാർഡ് കൗൺസിലർ സാജിത മജീദ്, റാട്ടക്കൊല്ലി കൗൺസിലർ എ.ആർ. ശ്യാമള എന്നിവർ പറഞ്ഞു. നഗരസഭ എച്ച്.ഐയും കൂടെയുണ്ടായിരുന്നു. ചെക്ഡാം അടച്ചതായി മനസ്സിലായി. വളരെ ചെറിയ തോതിൽ മാത്രമേ വെള്ളം താഴേക്ക് ഒഴുകുന്നുണ്ടായിരുന്നുള്ളൂ. അത് തോട്ടിലെ ഒഴുക്കിന് പര്യാപ്തമായിരുന്നില്ല.
നഗരസഭ ആർക്കും വെള്ളം കെട്ടിനിർത്താൻ അനുമതി കൊടുത്തിരുന്നില്ല. റിപ്പോർട്ട് തയാറാക്കി, പൊളിച്ചുമാറ്റാൻ നിർദേശം നൽകാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നാട്ടുകാർ തന്നെ വെള്ളം തുറന്നുവിട്ടത്. നാട്ടുകാരുടെ കുടിവെള്ളം തടയാൻ ആർക്കും അവകാശമില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.