ഇരട്ട വോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി –വയനാട് ജില്ല കലക്ടര്‍
text_fieldsകൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന വോട്ടെടുപ്പില്‍ അവസാന ഒരു മണിക്കൂറില്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരമാണ്. ഇവര്‍ സ്വന്തം വാഹനങ്ങളിലാണ് പോളിങ് ബൂത്തുകളില്‍ എത്തേണ്ടത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നേരിട്ട് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്. സുരക്ഷ സംവിധാനം ഒരുക്കുന്നതിെൻറ ഭാഗമായി പോളിങ് ഓഫിസര്‍മാര്‍ക്ക് പി.പി.ഇ കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 756 കോവിഡ് രോഗികളാണ്.
400ല്‍പരം ആളുകള്‍ കോവിഡ് നിരീക്ഷണത്തിലുമുണ്ട്. കോളനികളില്‍ മദ്യം, പണം എന്നിവ നല്കി വോട്ട് നേടുന്നതിനുള്ള ശ്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത് തടയുന്നതിനായി കോളനികള്‍ കേന്ദ്രീകരിച്ച് 40 സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. മതസ്പര്‍ധ, വ്യക്തിവിദ്വേഷം, സ്ഥാനാര്‍ഥികളെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണെന്ന് കലക്ടര്‍ പറഞ്ഞു.
ഇരട്ടവോട്ട് തടയുന്നതിനായി ഹൈകോടതി നിര്‍ദേശിച്ച എല്ലാ ക്രമീകരണങ്ങളും പോളിങ് ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇരട്ടവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്കു പുറമെ ബൂത്ത് ഏജൻറുമാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. മാവോവാദി ഭീഷണിയുള്ള ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ജില്ലയിലെ പോളിങ് ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരില്‍ 60 ശതമാനം പേരും വോട്ടര്‍ ഫെസിലിറ്റേഷന്‍ സെൻററുകളിലെത്തി വോട്ടു ചെയ്തിട്ടുണ്ട്. അല്ലാത്തവര്‍ക്ക് തപാലില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അയച്ചുനല്‍കിയെന്നും കലക്ടര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.