നാടുകാണിക്കുന്നിൽ അനധികൃത നിർമാണം; അമ്പതോളം കുടുംബങ്ങൾ ഭീതിയിൽ
text_fieldsകൽപറ്റ: കോട്ടത്തറ കരിങ്കുറ്റി നാടുകാണിക്കുന്നിൽ ചെങ്കുത്തായ കുന്നിടിച്ച് വൻ നിർമാണ പ്രവർത്തനം നടത്തുന്നതായി പരാതി. ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖല ദുരന്തനിവാരണ സമിതി മഞ്ഞ മേഖലയായി പ്രഖ്യാപിച്ചതാണ്.
നേരത്തേ മെഡിക്കൽ കോളജിനായി കണ്ടെത്തിയ ഭൂമിയുടെ പിറകുവശത്തായി വനഭൂമിയോട് ചേർന്നാണ് കുന്നിടിച്ചും പാറപൊട്ടിച്ചും മരംമുറിച്ചും റിസോർട്ടിനായുള്ള നിർമാണം തകൃതിയായി നടക്കുന്നത്.
ചെങ്കുത്തായ മലയിൽ വലിയ തോതിൽ മണ്ണിടിച്ചതിനാൽ താഴ്ഭാഗത്തെ അമ്പതോളം കുടുംബങ്ങൾ ഭീഷണിയിലാണ്. വടകര സ്വദേശിയുടെ ഭൂമി കമ്പളക്കാടുള്ള റിയൽ എസ്റ്റേറ്റ് സംഘമാണ് നോക്കിനടത്തുന്നത്.
മലമുകളിൽ മണ്ണിടിച്ചും പാറപൊട്ടിച്ചും ഭൂമി നിരപ്പാക്കിയിട്ടുണ്ട്. കുന്നിൻ മുകൾഭാഗംവരെ റോഡും വെട്ടിയിട്ടുണ്ട്. മല തുരന്ന് മണ്ണെടുത്തതിനാൽ ഉരുൾപൊട്ടാനും സാധ്യതയേറെയാണ്. ഇതാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്.
വലിയ ഉറവകളുള്ള പ്രദേശം കൂടിയാണിത്. ഒരു മാസത്തോളമായി നിർമാണ പ്രവർത്തനം തുടങ്ങിയിട്ട്. അതേസമയം, ഒരു നിർമാണ പ്രവൃത്തിക്കും പഞ്ചായത്ത് അനുമതി കൊടുത്തിട്ടില്ലെന്ന് വാർഡംഗം ജീന തങ്കച്ചൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.