വയനാട്ടിൽ വീണ്ടും അനധികൃത മരംമുറി; ആറുപേർക്കെതിരെ കേസ്
text_fieldsകല്പറ്റ: വയനാട്ടില്‍ വനംവകുപ്പ് അനുമതിയുടെ മറവിൽ വീണ്ടും അനധികൃത മരംമുറി. 1986ൽ വൈത്തിരി സുഗന്ധഗിരി കാർഡമം പ്രോജക്ടിന്റെ ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത മൂവായിരത്തോളം ഏക്കർ ഭൂമിയിൽനിന്നാണ് വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല മരങ്ങൾ മുറിച്ചുകടത്തിയത്. സംഭവത്തിൽ ആറുപേർക്കെതിരെ കേസെടുത്തു.
ആദിവാസികളെ കബളിപ്പിച്ചായിരുന്നു മരംമുറി. കൽപറ്റ റേഞ്ചിലെ ഇതേ ഡിവിഷന് കീഴിലെ ഭൂമിയിലാണ് സംഭവം. ആദിവാസി വീടുകള്‍ക്ക് ഭീഷണിയാകുന്ന മരങ്ങള്‍ മുറിക്കാനുള്ള വനം വകുപ്പ് അനുമതിയുടെ മറവിലാണ് വ്യാപകമായി മരം മുറിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 30 മരങ്ങള്‍ സ്ഥലത്തുനിന്ന് കടത്തിയിട്ടുണ്ട്. മരംമുറി ഉപകരാർ എടുത്ത കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി ഹനീഫയാണ് പ്രധാന പ്രതി. തൊഴിലാളികളടക്കമുള്ള കോഴിക്കോട്, വയനാട് സ്വദേശികളാണ് മറ്റുള്ള പ്രതികൾ. അതേസമയം, ഇവരുടെ പേരുവിവരങ്ങൾ വനംവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല.
പ്രദേശത്തെ മൂന്ന് പ്ലോട്ടുകളിലായി 20 മരങ്ങൾ മുറിക്കാനാണ് വനം വകുപ്പ് സൗത്ത് വയനാട് ഡിവിഷൻ ഓൺലൈൻ ടെൻഡർ ക്ഷണിച്ചത്.
കോഴിക്കോട് സ്വദേശിയാണ് ഇത് കരാറെടുത്തത്. ഇതിന്റെ മറവിലാണ് മരം മുറിച്ചുകടത്തിയത്. വിവാദമായതിന് പിന്നാലെ വനം വകുപ്പ് നടപടികളുമായി രംഗത്തെത്തുകയായിരുന്നു. 20 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിനുശേഷം വനംവകുപ്പ് തുടർ പരിശോധന നടത്താത്തതാണ് വ്യാപക മരംമുറിക്ക് ഇടയാക്കിയതെന്ന ആരോപണം ശക്തമാണ്. കടത്തിയ മരങ്ങളും ലോറിയും വനം വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. പ്രത്യേക സംഘത്തെ നിയോഗിച്ച് വനംവകുപ്പ് സ്ഥലത്ത് പരിശോധന തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.