അനധികൃത മദ്യവിൽപന; പരിശോധന കർശനമാക്കാൻ ജനകീയ സമിതി നിർദേശം
text_fieldsകൽപറ്റ: വ്യാജമദ്യത്തിന്റെ ഉപഭോഗം, കടത്ത്, വില്‍പന എന്നിവ ജനകീയ പങ്കാളിത്തത്തോടെ നിര്‍മാർജനം ചെയ്യുന്നതിന് ശക്തമായ നടപടികളുമായി അധികൃതർ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കലക്ടറേറ്റിൽ ജില്ലതല ജനകീയ സമിതി യോഗം ചേർന്നു.
ക്രിസ്മസ് - പുതുവല്‍സര ആഘോഷങ്ങളോടനുബന്ധിച്ച് അബ്കാരി /എന്‍.ഡി.പി.എസ് മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പിന്റെ പരിശോധന കര്‍ശനമാക്കാന്‍ യോഗം നിര്‍ദേശം നല്‍കി. കല്‍പറ്റയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് എക്‌സൈസ് ഡിവിഷന്‍ ഓഫിസ് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയതായി എക്‌സൈസ് അധികൃതര്‍ യോഗത്തിൽ അറിയിച്ചു.
ലഹരി പദാർഥങ്ങളുമായി ബന്ധപ്പെട്ട ഉൽപാദനം, വില്‍പന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമിലെ 04936-288215 എന്ന നമ്പറിലും ടോള്‍ഫ്രീ നമ്പറായ 1800 425 2848 ലും വിളിച്ചറിയിക്കാം.
വിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള ലഹരിവില്‍പന തടയുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരം കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതമാക്കാനും തീരുമാനിച്ചു. കോളജുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും.
ഡെപ്യൂട്ടി കലക്ടര്‍ വി. അബൂബക്കര്‍, എക്‌സൈസ് കമീഷണര്‍ കെ.എസ്. ഷാജി, വിമുക്തി മാനേജര്‍ അസി. എക്‌സൈസ് കമീഷണര്‍ ടി.ജെ. ടോമി, എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ജനകീയ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.