ക്ഷീരകർഷകർക്ക് ഇരുട്ടടിയായി കാലിത്തീറ്റ വില വർധന
text_fieldsകൽപറ്റ: പാൽ വില വർധിപ്പിക്കുന്നതിന് മുന്നേ കാലിത്തീറ്റയുടെ വില കുത്തനെ വർധിപ്പിച്ചത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. കേരള ഫീഡ്സും മിൽമയും ഉൾപ്പെടെയുള്ള കാലിത്തീറ്റ ഉൽപാദകരാണ് കർഷകർക്ക് ലഭിക്കുന്ന പാലിന്‍റെ വില വർധന പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കാലിത്തീറ്റയുടെ വില ചാക്കിന് ശരാശരി 150 രൂപ മുതൽ 180 രൂപ വരെ വർധിപ്പിച്ചത്.
വില വർധന നിയന്ത്രിച്ചില്ലെങ്കിൽ പശു വളർത്തൽ ഇനിയും തുടരാൻ കഴിയാത്ത സാഹചര്യമാണെന്നാണ് കർഷകർ വ്യക്തമാക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് ക്ഷീര കർഷക സംഘടനകളുടെ തീരുമാനം.
2019നുശേഷം പാലിന് ലിറ്ററിന് ഒരു പൈസ പോലും വർധിപ്പിച്ചിട്ടില്ല. എന്നാൽ, 2019 മുതൽ 2022വരെ കാലിത്തീറ്റക്ക് നാല് തവണയാണ് വില വർധിപ്പിച്ചത്. 2019ൽ 50 കിലോയുടെ കാലിത്തീറ്റ ചാക്കിന് 1050 രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 1400നും 1500നുമിടയിലായി ഉയർന്നു.
ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് മിൽമയുടെ ഗോമതി ഗോൾഡ് എന്ന കാലിത്തീറ്റയുടെ വില 1370ൽനിന്ന് 1550തായും ഗോമതി റിച്ചിന്‍റെ വില 1240ൽനിന്ന് 1400 ആയും കുത്തനെ വർധിപ്പിച്ചതെന്ന് ക്ഷീരകർഷകർ പറയുന്നു.
160 രൂപ മുതൽ 180 രൂപവരെയാണ് മിൽമയുടെ കാലിത്തീറ്റയുടെ വില ഒറ്റയടിക്ക് വർധിപ്പിച്ചത്. കേരള ഫീഡ്സും 150 രൂപയലധികം കാലിത്തീറ്റയുടെ വില വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ ഒരു ലിറ്റർ പാലിന് ശരാശരി 45 രൂപയുടെ ചെലവുണ്ട്. എന്നാൽ, ഒരു ലിറ്റർ പാലിന് ശരാശരി 35 രൂപയാണ് ക്ഷീരകർഷകന് ലഭിക്കുന്നത്.
മിൽമ പാക്കറ്റ് പാലിനുൾപ്പെടെ ലിറ്ററിന് 50 രൂപയായി ഉയർത്തിയിട്ടും ക്ഷീര കർഷകന് ലഭിക്കുന്ന വില വർധിപ്പിച്ചിട്ടില്ല. ഇത്തരത്തിൽ നഷ്ടം സഹിക്കുന്നതിനിടെയുള്ള കാലിത്തീറ്റ വർധന പശു വളർത്തൽ നിർത്തേണ്ട അവസ്ഥയാണുണ്ടാക്കുന്നതെന്ന് ക്ഷീരകർഷകർ പറയുന്നു.
കാലിത്തീറ്റ വിലവർധനക്ക് പുറമേ പശുക്കളിൽ ചർമ മുഴ രോഗമുണ്ടാകുന്നതും കർഷകരുടെ ആശങ്ക ഉയർത്തുകയാണ്. രോഗം സ്ഥിരീകരിച്ചാൽ ചികിത്സയോ മരുന്നോ ഇല്ലാത്തതിനാൽ പ്രതിരോധ കുത്തിവെപ്പ് മാത്രമാണ് പരിഹാരം. ഇതിനായി പഞ്ചായത്ത് തലത്തിൽ ക്യാമ്പുകൾ നടത്തി പശുക്കൾക്ക് പ്രതിരോധ വാക്സിൻ നൽകാനും സർക്കാർ ഇടപെടലുണ്ടാകണമെന്നുമാണ് ക്ഷീര കർഷകർ ആവശ്യപ്പെടുന്നത്.
നാലു രൂപ ഇൻസെന്‍റീവും മുടങ്ങി; പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് കർഷകർ
കൽപറ്റ: പാൽ വില വർധിപ്പിക്കാതെ കാലിത്തീറ്റ വില കുത്തനെ ഉയർത്തിയത് ക്ഷീരകർഷകരോടുള്ള വെല്ലുവിളിയാണെന്നും സർക്കാറിന്‍റെ കർഷകദ്രോഹ നടപടി പിൻവലിച്ചില്ലെങ്കിൽ ജില്ലയിലും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും മലബാർ െഡയറി ഫാർമേഴ്സ് അസോസിയേഷൻ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പാൽ ഉൽപാദനത്തിലെ നഷ്ടം കുറക്കാൻ ലിറ്ററിന് നാല് രൂപ വീതം ഇൻസെന്‍റീവായി കർഷകർക്ക് നൽകുന്ന സർക്കാർ പദ്ധതിയും മുടങ്ങിക്കിടക്കുകയാണ്. ഇക്കഴിഞ്ഞ മേയിൽ ഇതിനായി 28 കോടി മാറ്റിവെച്ചിരുന്നു. ജൂണിൽ മാത്രമാണ് തുക ലഭിച്ചത്.
ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇൻസെന്‍റീവ് ലഭിച്ചില്ല. ഇൻസെന്‍റീവ് തരാമെന്ന് മാത്രമാണ് വകുപ്പ് മന്ത്രി അറിയിച്ചിട്ടുള്ളതെന്നും കർഷകർ പറഞ്ഞു.
കാലിത്തീറ്റ വില വർധന പിൻവലിക്കുക, പാലിന് ഉൽപാദച്ചെലവിന് അനുസൃതമായി ലിറ്ററിന് പത്തു രൂപ വർധിപ്പിക്കുക, വകുപ്പ് മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച ഇൻസെന്‍റീവും ആനുകൂല്യങ്ങളും നടപ്പാക്കുക, ഇതര സംസ്ഥാനത്തുനിന്നുള്ള പാലിന് സെസ് ഏർപ്പെടുത്തി നിയന്ത്രിക്കുക, തദ്ദേശ സ്ഥാപനങ്ങളിലൂടെ കർഷകന് ലഭിച്ചിരുന്ന സബ്സിഡികൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്‍റ് മത്തായി പുള്ളോർക്കുടി, ജില്ല സെക്രട്ടറി വി.ആർ. വിമൽമിത്ര, പി.എസ്. അഭിലാഷ്, ബിനു ജോർജ് എന്നിവർ വാർത്തസമ്മേളനത്തിൽ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.