ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ വർധന; തടയിടാൻ 'യോദ്ധാവ്' കാമ്പയിനുമായി പൊലീസ്
text_fieldsകൽപറ്റ: ജില്ലയിൽ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് തടയിടുന്നതിനായി പ്രത്യേക ബോധവത്കരണ കാമ്പയിനുമായി ജില്ല പൊലീസ്. 'യോദ്ധാവ്' എന്ന പേരിൽ നടപ്പാക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ജില്ല തല ഉദ്ഘാടനവും ബൈക്ക് റാലിയും ശനിയാഴ്ച വൈകീട്ട് അഞ്ചിന് കൽപറ്റ എച്ച്.ഐ.എം യു.പി സ്കൂൾ പരിസരത്ത് നടക്കുമെന്ന് ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.
ലഹരി ഉപയോഗവും വിപണനവുമായി ബന്ധപ്പെട്ട് ജില്ലയിൽ കഴിഞ്ഞ ഒന്നരമാസത്തിനിടെ 191 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആഗസ്റ്റ് എട്ട് മുതൽ 31 വരെയുള്ള കാലയളവിൽ 131 കേസുകളായിരുന്നു. 144 പ്രതികളെ അറസ്റ്റ് ചെയ്തു. ഈ മാസം ഇതുവരെ 60 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കൂടുതലും മാരക മയക്കുമരുന്നായ എം.ഡി.എം.എ കേസുകളാണ്. പിടികൂടുന്നവരിൽ കൂടുതലും യുവാക്കളാണ്. കഴിഞ്ഞ ദിവസം മുത്തങ്ങ, കൽപറ്റ എന്നിവിടങ്ങളിൽനിന്നായി എം.ഡി.എം.എയും കഞ്ചാവുമായി നാലു യുവാക്കളാണ് പിടിയിലായത്.
വിദ്യാർഥികൾക്കിടയിലെയും യുവാക്കൾക്കിടയിലെയും ലഹരി ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് 'യോദ്ധാവ്' പദ്ധതി നടപ്പാക്കുന്നതെന്ന് ആർ. ആനന്ദ് പറഞ്ഞു.
യുവതലമുറയുടെ വിവിധതരം ലഹരിവസ്തുക്കളുടെ വർധിച്ച ഉപയോഗം സമീപനാളുകളിൽ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. വർധിച്ചുവരുന്ന മദ്യം-മയക്കുമരുന്ന് ഉപയോഗം, വിൽപന, കടത്ത് എന്നിവക്കെതിരെ ജാഗ്രത പുലർത്തേതുണ്ട്.
ലഹരി ഉപയോഗം തടയുന്നതിന് നിയമം നടപ്പാക്കുന്നവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പൊതുജനങ്ങൾ തയാറാകണം. സമൂഹത്തിലെ ഓരോ പൗരനെയും ലഹരിക്കെതിരെയുള്ള യോദ്ധാക്കളാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'യോദ്ധാവ്' എന്ന പേരിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ആരംഭിക്കുന്നത്.
ഇതിനോടകം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ പൊലീസിന്‍റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ടത്തെ ജില്ല തല ഉദ്ഘാടനത്തിൽ സിനിമ താരം അബു സലീം, സന്തോഷ് ട്രോഫി ജേതാവ് കെ. മുഹമ്മദ് റാഷിദ് എന്നിവരും ജില്ലയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്സ്, സന്നദ്ധ സംഘടനകൾ, വിവിധ ക്ലബ് അംഗങ്ങൾ, സ്കൂൾ, കോളജ് ലഹരി വിരുദ്ധ ക്ലബ് അംഗങ്ങൾ, വ്യാപാരി സുഹൃത്തുക്കൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവത്കരണ പരിപാടികൾ നടത്തും. ജനമൈത്രി ബീറ്റ് ഓഫിസർമാർ വീടുകളിലെത്തി ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശം കൈമാറും. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ലഹരി വിപണനം തടയാനുള്ള നടപടികളും ഊർജിതമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.