വയനാട് ജില്ലയില്‍നിന്ന് നീക്കംചെയ്തത് 1190 ടണ്‍ അജൈവമാലിന്യം
text_fieldsകൽപറ്റ: അജൈവ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലീന്‍ കേരള കമ്പനി ജനുവരി മുതല്‍ ഒക്ടോബര്‍ മാസം വരെയുള്ള കാലയളവില്‍ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് നീക്കം ചെയ്തത് 1190 ടണ്‍ അജൈവ മാലിന്യങ്ങള്‍. 1042 ടണ്‍ തരം തിരിക്കാത്തതും 148 ടണ്‍ തരം തിരിച്ചതുമായ അജൈവ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. തരംതിരിച്ച അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കിയതിലൂടെ ജില്ലയില്‍ ഹരിതകര്‍മസേന 10,11,955 രൂപ നേടി.
ഏറ്റവും കൂടുതല്‍ തരം തിരിച്ച മാലിന്യങ്ങള്‍ നല്‍കിയത് പുല്‍പള്ളി ഗ്രാമപഞ്ചായത്താണ്. 33.36 ടണ്‍ മാലിന്യമാണ് പുല്‍പള്ളിയില്‍ നിന്ന് നീക്കം ചെയ്തു.
ഏറ്റവും കുറവ് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്താണ്. 1180 കിലോഗ്രാമാണ് ഇവിടെ നിന്നും നീക്കം ചെയ്തത്. തരം തിരിക്കാത്ത മാലിന്യങ്ങള്‍ എറ്റവും കൂടുതല്‍ ശേഖരിച്ചത് അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും കുറവ് കോട്ടത്തറ പഞ്ചായത്തില്‍ നിന്നുമാണ്. യഥാക്രമം 188 ടണ്‍, 11 ടണ്‍ മാലിന്യങ്ങളാണ് ഇവിടങ്ങളില്‍നിന്നും ശേഖരിച്ചത്.
മാലിന്യശേഖരണത്തിന് പുതുരീതി
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ സെക്ടറുകളാക്കിത്തിരിച്ച് കൃത്യമായ ഷെഡ്യൂള്‍ പ്രകാരമാണ് ക്ലീന്‍ കേരള കമ്പനി ഇനിമുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് അജൈവ മാലിന്യ ശേഖരണം നടത്തുക. ഇതു പ്രകാരം സെക്ടര്‍ ഒന്നില്‍ ഉള്‍പ്പെടുന്ന മാനന്തവാടി സുല്‍ത്താന്‍ ബത്തേരി നഗരസഭകള്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്, എന്നിവിടങ്ങളില്‍ നിന്നും മാസത്തിലെ ആദ്യ ആഴ്ചയിലും സെക്ടര്‍ രണ്ടില്‍ ഉള്‍പ്പെടുന്ന മാനന്തവാടി ബ്ലോക്കില്‍നിന്ന് രണ്ടാമത്തെ ആഴ്ചയിലും സെക്ടര്‍ മൂന്നില്‍ ഉള്‍പ്പെടുന്ന പനമരം ബ്ലോക്കില്‍നിന്ന് മൂന്നാമത്തെ ആഴ്ചയിലും സെക്ടര്‍ നാലില്‍ ഉള്‍പ്പെടുന്ന കൽപറ്റ ബ്ലോക്കില്‍നിന്ന് നാലാമത്തെ ആഴ്ചയിലുമായിട്ടാണ് ക്ലീന്‍ കേരള കമ്പനി അജൈവ മാലിന്യശേഖരണം നടത്തുക.
ഷെഡ്യൂള്‍ പ്രകാരം നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തിന് മുമ്പോ ശേഷമോ ഏതൊരു തദ്ദേശസ്ഥാപനത്തിനും അടിയന്തരമായി മാലിന്യനീക്കം നടത്തേണ്ടതുണ്ടെങ്കില്‍ കമ്പനിയെ അറിയിച്ചാൽ നടപടിയെടുക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ഏകോപനത്തിലൂടെയാണ് ക്ലീന്‍ കേരള കമ്പനി ജില്ലയിലെ അജൈവ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.