ഭീഷണിപ്പെടുത്തലും പണപ്പിരിവും: കൽപറ്റ എസ്.ഐക്ക് സസ്പെൻഷൻ
text_fieldsകൽപറ്റ: വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുകയും ക്രിമിനൽ കേസിലെ പ്രതിയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്ത പൊലീസ് സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കൽപറ്റ സ്റ്റേഷനിലെ എസ്.ഐ ടി. അനീഷിനെതിരെയാണ് നടപടി. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. രാജ്പാൽ മീണയാണ് സസ്പെൻഡ് ചെയ്തത്. റിസോർട്ടുകൾ, സ്പാകൾ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് ഏറെക്കാലമായി ഇയാൾ പണപ്പിരിവ് നടത്തിവന്നിരുന്നു.
നിയമവിരുദ്ധമായി സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്തിരുന്നു. മുമ്പ് പത്തനംതിട്ടയിലായിരുന്ന ഇയാൾ അച്ചടക്ക നടപടിയുടെ ഭാഗമായാണ് കൽപറ്റയിലെത്തിയത്. ഒരു വർഷത്തോളമായി കൽപറ്റ സ്റ്റേഷനിൽ എത്തിയിട്ട്. പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ അനീഷിനെതിരെ വകുപ്പു തല അന്വേഷണവും നടത്തിയിരുന്നു. റിസോർട്ട് ഉടമകളിൽനിന്ന് ഇയാൾ പണം വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ല മേധാവി തപോഷ് ബസുമതാരിയുടെ നിർദേശപ്രകാരം ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയിൽ പ്രവർത്തിച്ചുവന്നിരുന്ന മസാജ് സ്പാ കേന്ദ്രങ്ങളിൽ പൊലീസ് കർശന പരിശോധന നടത്തിവരികയാണ്. മതിയായ രേഖകളില്ലാതെ അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന 37 സ്പാ നടത്തിപ്പുകാർക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.