പണം തട്ടിയെടുത്തതായി ആരോപണം
text_fieldsകല്പറ്റ: കര്‍ണാടകയില്‍ ഇഞ്ചിക്കൃഷി നടത്തുന്നതിന് ഒന്നേകാല്‍ ഏക്കര്‍ സ്ഥലം ഈടു നല്കി പണം പലിശക്കെടുത്തപ്പോള് ഇടനിലക്കാരനായിരുന്ന ആള് കമീഷന് ഇനത്തില്‍ വന്‍തുക കൈക്കലാക്കിയതായും നഷ്ടമായ പണം തിരിച്ചു കിട്ടാൻ നടപടി സ്വീകരിക്കണമെന്നും അമ്പലവയല്‍ കളത്തുവയല്‍ ഒറവനാംതടത്തില്‍ ബിജു, ഭാര്യ റിൻസി എന്നിവർ ആവശ്യപ്പെട്ടു.
2016ല്‍ നടന്ന ഇടപാടില്‍ 2.65 ലക്ഷം രൂപ ബിജുവിന് കിട്ടാനുണ്ട്. ഈ കേസ് ഇതുവരെ തീർപ്പായില്ല. പനമരം സ്വദേശി സഹോദരന്റെ പണം പലിശക്ക് ലഭ്യമാക്കുകയും സ്വത്ത് തട്ടിയെടുക്കാന്‍ പദ്ധതിയിടുകയും ചെയ്തതെന്ന് കാണിച്ച് 2016 ൽ വൈത്തിരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
കര്‍ണാടകയിലെ സര്‍ഗൂരില്‍ മറ്റു രണ്ടുപേരുമായി ചേര്‍ന്ന് പാട്ടത്തിനെടുത്ത 10 ഏക്കറില്‍ ഇഞ്ചിക്കൃഷി നടത്തുന്നതിനാണ് പണം പലിശക്ക് എടുക്കേണ്ടിവന്നത്. കര്‍ണാടകയില്‍ ഭൂമി പാട്ടത്തിന് എടുത്തതിന്റെ രേഖയുടെ പകര്‍പ്പ്, കളത്തുവയലിലെ വസ്തുവിന്റെ ആധാരം എന്നിവ നല്കിയാല് ബാങ്ക് വായ്പ തരപ്പെടുത്തുമെന്നു പറഞ്ഞ് അമ്പലവയലിലെ സുഹൃത്താണ് പനമരം സ്വദേശിയെ പരിചയപ്പെടുത്തിയത്. പനമരം സ്വദേശി കമീഷനായി 60,000 രൂപ കൈപ്പറ്റിയെങ്കിലും ബാങ്ക് വായ്പ ലഭിച്ചില്ല. ഈ ഘട്ടത്തിലാണ് കേരളത്തിനു പുറത്ത് സ്ഥാപനം നടത്തുന്ന സഹോദരന്റെ പക്കല്‍നിന്നു മൂന്നു ശതമാനം പലിശക്ക് 25 ലക്ഷം രൂപ ലഭ്യമാക്കാമെന്ന് പനമരം സ്വദേശി അറിയിച്ചത്. പറഞ്ഞ തുകയില്‍ രണ്ടു ലക്ഷം രൂപ കമീഷനായി പനമരം സ്വദേശി പിടിച്ചു.
ഒരു കോടിയിലേറെ രൂപ വിലവരുന്ന സ്ഥലം കരാറിന്റെ മറവില്‍ 25 ലക്ഷം രൂപക്ക് തട്ടിയെടുക്കാനായിരുന്നു പദ്ധതി. സംഭവവുമായി ബന്ധപ്പെട്ട് പനമരം സ്വദേശിയും മറ്റൊരാളും ഭാര്യയെ ഭീഷണിപ്പെടുത്തിയതായും ബിജു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.