'കബനിക്കായ് വയനാട്'; വൈത്തിരിയില്‍ മാപ്പത്തോണ്‍ തുടങ്ങി
text_fieldsകൽപറ്റ: കബനി നദി പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായി മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ വൈത്തിരി പഞ്ചായത്തില്‍ ആരംഭിച്ചു. നവകേരളം കര്‍മ പദ്ധതിയില്‍ ഹരിത കേരളം മിഷൻ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാപ്പിങ് നടത്തുന്നത്.
ജില്ലയുടെ പ്രധാന ജലസ്രോതസ്സായ കബനി നദിയുടെ നിലനില്‍പ്പ് ഉറപ്പാക്കുകയും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കുകയുമാണ് പദ്ധതി ലക്ഷ്യം.
കോട്ടയം, വയനാട് ജില്ലകളിലെ നവകേരളം കർമ പദ്ധതി റിസോഴ്സ് പേഴ്സൻമാരുടെ നേതൃത്വത്തില്‍ അഞ്ച് ഗ്രൂപ്പുകളാണ് മാപ്പിങ് നടത്തുന്നത്. മാപ്പത്തോണ്‍ സാങ്കേതിക സഹായത്തോടെ സർവേ നടത്തുകയും ഡിജിറ്റല്‍ മാപ്പിങ്ങിലൂടെ രേഖപ്പെടുത്തുകയും ചെയ്യും.
കബനിയുടെ ഉത്ഭവ കേന്ദ്രമായ വൈത്തിരി പൊഴുതന പഞ്ചായത്തുകളിലാണ് ആദ്യം മാപ്പിങ് നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളുടെ വിശദീകരണവും ഓറിയന്റേഷനും പഞ്ചായത്ത് ഹാളില്‍ നടന്നു. മറ്റ് പഞ്ചായത്തുകളിലെ മാപ്പിങ് ഉടന്‍ ആരംഭിക്കും.
ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങളിലൂടെ ഒഴുകുന്ന കബനിയുടെ പ്രധാന കൈവഴികളുടെ നിലവിലെ സ്ഥിതി വിലയിരുത്തി സര്‍വേ നടത്തുകയും മാപ്പത്തോണ്‍ സാങ്കേതികവിദ്യയിലൂടെ മാപ്പിങ് നടത്തി മാലിന്യമുള്ള ഇടങ്ങളും ഒഴുക്കുനിലച്ച നീര്‍ച്ചാലുകളും കണ്ടെത്തി അവയെ പുനരുജ്ജീവിപ്പിച്ച് സുസ്ഥിരമാക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് കബനി പുനരുജ്ജീവനം.
ഐ.ടി മിഷന്റെ സാങ്കേതിക സഹായത്തോടെയാണ് സർവേ നടത്തുന്നത്. ഡിജിറ്റല്‍ മാപ്പത്തോണിലൂടെ രണ്ട് മീറ്റര്‍ വ്യക്തതയുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നിർമിക്കുന്ന ഡിജിറ്റല്‍ ഭൂപടങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് ജല സ്രോതസ്സുകളുടെ ചെറിയ സവിശേഷതകള്‍ പോലും കൃത്യമായി മനസ്സിലാക്കാന്‍ കഴിയും.
ഇത്തരത്തില്‍ മാപ്പിങ്ങിലൂടെ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ പഠിച്ച് കൃത്യമായ ആസൂത്രണവും പദ്ധതി നിർവഹണവും നടത്താനാകും. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഒരു പ്രദേശത്തെ വിഭവങ്ങളും സവിശേഷതകളും ഡിജിറ്റല്‍ ഭൂപടമായ ഓപണ്‍ സ്ട്രീറ്റ് മാപ്പില്‍ രേഖപ്പെടുത്താന്‍ കഴിയും.
വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, കോട്ടയം നവകേരളം കർമ പദ്ധതി ജില്ല കോര്‍ഡിനേറ്റര്‍ പി. രമേശ്, നവകേരളം കർമ പദ്ധതി ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റുമാരായ എബ്രഹാം കോശി, ടി.പി. സുധാകരന്‍, വി. രാജേന്ദ്രന്‍ നായര്‍, നവകേരളം കര്‍മ പദ്ധതി റിസോഴ്സ് പേഴ്സൻ ആര്‍. രവിചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, നവകേരളം കര്‍മ പദ്ധതി റിസോഴ്സ്പേഴ്സൻമാര്‍ തുടങ്ങിയര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.