കബനിക്കായ് വയനാട്; മാപ്പിങ് പൂര്‍ത്തിയായി
text_fieldsകൽപറ്റ: ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള കബനി നദീ പുനരുജ്ജീവനം കാമ്പയിനിന്റെ മാപ്പിങ് പ്രവൃത്തികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. എഴുനൂറ്റി അമ്പതോളം നീര്‍ച്ചാലുകളും തോടുകളുമാണ് മാപ്പിങ്ങിലൂടെ കണ്ടെത്തി അടയാളപ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ വൈത്തിരി, കോട്ടത്തറ, വെള്ളമുണ്ട, പൊഴുതന, പനമരം, തരിയോട്, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട്, പുല്പള്ളി, പടിഞ്ഞാറത്തറ, എടവക, തവിഞ്ഞാല്‍, തിരുനെല്ലി, വെങ്ങപ്പള്ളി, മാനന്തവാടി നഗരസഭ എന്നീ 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് മാപ്പിങ് നടത്തിയത്.
‘കബനിക്കായ് വയനാട്’ കാമ്പയിനിന്റെ മാപ്പത്തൺ അവതരണവും ആസൂത്രണവും 15 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കും. ജല സംരക്ഷണം, കൃഷി, ടൂറിസം, മാലിന്യ സംസ്കരണം എന്നീ നാല് മേഖലകളെ കബനി നദിയുമായി ബന്ധിപ്പിച്ച് പുനരുജ്ജീവന പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. ആദ്യ അവതരണവും ആസൂത്രണവും ആഗസ്റ്റ് നാലിന് വൈത്തിരി ഗ്രാമപഞ്ചായത്തില്‍ നടക്കും.
ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങളിലൂടെ ഒഴുകുന്ന കബനിയുടെ പ്രധാന കൈവഴികളുടെ നിലവിലെ സ്ഥിതിയെ കുറിച്ച് സര്‍വേ നടത്തുകയും മാപ്പത്തൺ സാങ്കേതികവിദ്യയിലൂടെ മാപ്പിങ് നടത്തി മാലിന്യമുള്ള ഇടങ്ങളും ഒഴുക്കു നിലച്ച നീര്‍ച്ചാലുകളും കണ്ടെത്തി അവയെ പുനരുജ്ജീവിപ്പിച്ച് സുസ്ഥിരമാക്കുന്നതിനുള്ള സമഗ്ര പദ്ധതിയുമാണ് പദ്ധതി.
കബനിക്കായ് വയനാട് കാമ്പയിനിന്റെ ഭാഗമായുള്ള മാപ്പത്തണിൽ വിദ്യാർഥികളും പങ്കെടുത്തു. മാനന്തവാടി ഗവ. എൻജിനീയറിങ് കോളജ്, മീനങ്ങാടി ഗവ. പോളിടെക്നിക് കോളജ് എന്നിവിടങ്ങളിലെ 48 വിദ്യാർഥികളാണ് മാപ്പത്തൺ പ്രവര്‍ത്തനങ്ങളില്‍ പങ്ക്ചേര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.