കൈനാട്ടി-കെല്‍ട്രോണ്‍ വളവ് റോഡ് പ്രവൃത്തി ആരംഭിക്കുന്നു
text_fieldsകല്പറ്റ: സംസ്ഥാന പാതിയിലെ കൈനാട്ടി മുതൽ കെല്‍ട്രോണ്‍ വളവുവരെയുള്ള റോഡ് പ്രവൃത്തി ഉടന്‍ ആരംഭിക്കും. റോഡിന്റെ ടെൻഡർ നടപടി പൂര്‍ത്തിയായതായും ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോഓപറേറ്റിവ് സൊസൈറ്റി പ്രവൃത്തി ഏറ്റെടുത്ത് പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ അറിയിച്ചു.
സംസ്ഥാന പാതയിലെ 10 കിലോമീറ്ററുള്ള ഈ ഭാഗം മുഴുവനായും തകർന്ന് യാത്ര ദുഷ്കരമായത് സംബന്ധിച്ച് മാധ്യമം വാർത്ത ചെയ്തിരുന്നു. ഇതുസംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിക്ക് എം.എല്‍.എ നിവേദനം നല്‍കുകയും ചെയ്തിരുന്നു. കല്പറ്റ-മാനന്തവാടി റോഡിലെ കൈനാട്ടി മുതല്‍ കെല്‍ട്രോണ്‍ വളവുവരെ റോഡ് നവീകരണം നേരത്തെ ആരംഭിച്ചതാണ്.
എന്നാല്‍, പ്രസ്തുത പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥയും കാലാവധിക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാലും പ്രസ്തുത കരാറുകാരനുമായിട്ടുള്ള കരാര്‍ റദ്ദുചെയ്യുകയും തുടര്‍ന്ന് പുതിയ ടെൻഡർ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് 2024 ജനുവരിയില്‍ നടന്ന ടെൻഡറില്‍ രണ്ട് കമ്പനികള്‍ പങ്കെടുക്കുകയും എന്നാല്‍ ഒരു കമ്പനി ടെൻഡർ നടപടി ചോദ്യം ചെയ്ത് ഹൈകോടതിയില്‍ പോയതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തി തുടങ്ങുന്നതിന് കാലതാമസം ഉണ്ടാകുകയും ചെയ്തു.
കോടതി വിധി പ്രകാരം യു.എല്‍.സി.സി.എസിന് 36 കോടി 50 ലക്ഷം രൂപയുടെ മൂന്ന് റോഡുകള്‍ക്ക് ഇപ്പോള്‍ അനുമതിയായിരിക്കുകയാണ്. കൈനാട്ടി-കെല്‍ട്രോണ്‍വളവ്, കല്പറ്റ ബൈപാസ്, മേപ്പാടി-കാപ്പംകൊല്ലി എന്നീ റോഡുകളാണ് ഈ പ്രവൃത്തികളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
നിലവിലെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കെ.ആര്.എഫ്.ബി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മഴ കുറഞ്ഞാല്‍ റോഡിന്റെ പ്രവൃത്തി വേഗത്തില്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.