കൽപറ്റ നഗരസഭ; ടി.ജെ. ഐസക് ചെയർമാനാകും
text_fieldsകൽപറ്റ: ഏഴുമാസത്തോളം നീണ്ട കോൺഗ്രസിലെ അനിശ്ചിതത്വത്തിന് വിരാമമിട്ട് കൽപറ്റ നഗരസഭയുടെ പുതിയ ചെയർമാൻ സ്ഥാനത്തേക്ക് ടി.ജെ. ഐസക്കിനെ കെ.പി.സി.സി നിർദേശിച്ചു. ആദ്യ വർഷം ചെയർമാൻ സ്ഥാനം ഐസക്കിന് നൽകാനും തുടർന്നുള്ള വർഷം പി. വിനോദ് കുമാറിന് സ്ഥാനം കൈമാറാനുമാണ് കെ.പി.സി.സി നൽകിയ കത്തിലുള്ളത്. വിനോദ് കുമാറിന് ഡി.സി.സി ഭാരവാഹിത്വം നൽകാനും കത്തിൽ നിർദേശമുള്ളതായാണ് അറിയുന്നത്.
ഫെബ്രുവരി ഏഴിനാണ് മുൻസിപ്പൽ ചെയർമാൻ, വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പ്. കൗണ്‍സില്‍ ചേര്‍ന്ന് രാവിലെ 11ന് ചെയര്‍മാനെയും ഉച്ചകഴിഞ്ഞ് വൈസ് ചെയര്‍പേഴ്സനെയും തെരഞ്ഞെടുക്കും. ഡിസംബര്‍ 18ന് മുസ്ലിം ലീഗിലെ കെയംതൊടി മുജീബ് ചെയര്മാന് പദവിയും കോണ്‍ഗ്രസിലെ കെ. അജിത വൈസ് ചെയര്പേഴ്സൻ സ്ഥാനവും രാജിവച്ച പശ്ചാത്തലത്തിലാണ് രണ്ടു സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്നണി ധാരണയനുസരിച്ച് വൈസ് ചെയര്പേഴ്സൻ പദവി മുസ്ലിംലീഗിനാണ് ഇനി ലഭിക്കേണ്ടത്.
യു.ഡി.എഫ് ധാരണയനുസരിച്ച് ആദ്യ രണ്ടര വർഷം ചെയർമാൻ സ്ഥാനം മുസ് ലിം ലീഗിനും തുടർന്നുള്ള രണ്ടരവർഷം കോൺഗ്രസിനും സ്ഥാനം നൽകാനായിരുന്നു ധാരണ. എന്നാൽ ലീഗിന്റെ കാലാവധിക്കുശേഷം ചെയർമാൻ സ്ഥാനത്തിനുവേണ്ടി കോൺഗ്രസിൽ നിന്നും ടി.ജെ. ഐസക്കും പി. വിനോദ് കുമാറും ശക്തമായി രംഗത്തുവന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
വിവിധ തലങ്ങളിൽ നിരവധി അനുനയന ചർച്ച നടന്നെങ്കിലും വിജയിക്കാത്താതിനെത്തുടർന്ന് തീരുമാനം നീണ്ടുപോകുകയായിരുന്നു. രണ്ടുപേർക്കും സ്ഥാനം വീതംവെക്കാൻ തീരുമാനമായെങ്കിലും ആദ്യടേം തങ്ങൾക്കുവേണമെന്ന ആവശ്യത്തിൽ ഇരുവരും ഉറച്ചുനിന്നതോടെ പ്രതിസന്ധി രൂക്ഷമായി.
കോൺഗ്രസിന്റെ പുതിയ നഗരസഭ ചെയർമാനെ തീരുമാനമാകാത്തതിനെ തുടർന്ന് മൂന്നുവർഷം കഴിഞ്ഞാണ് ലീഗിനെ കെയം തൊടി മുജീബ് ചെയർമാൻ സ്ഥാനം രാജിവെച്ചത്. രാജിക്കുശേഷവും ചെയർമാന്റെ കാര്യത്തിൽ കോൺഗ്രസിൽ തീരുമാനമായിരുന്നില്ല. തുടർന്നാണ് ഇരുവർക്കും ചെയർമാൻ സ്ഥാനം വീതം വെക്കാനും ആദ്യ അവസരം ഐസക്കിന് നൽകാനുമുള്ള കെ.പി.സി.സി യുടെ നിർദേശം കഴിഞ്ഞ ദിവസം എത്തിയത്.
അതേസമയം, രണ്ടു വർഷത്തിൽ താഴെ മാത്രം കാലാവധി ബാക്കിയുള്ളപ്പോൾ എങ്ങനെ പദവി വീതംവെക്കുമെന്ന കാര്യത്തിൽ കോൺഗ്രസിൽ ആശങ്കയുണ്ട്. 2010-2015 കാലയളവിൽ രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റും കെ.എൽ. പൗലോസ് ഡി.സി.സി പ്രസിഡന്റും ആയിരുന്ന സമയത്ത് രണ്ടരവർഷത്തെ കാലാവധിയിൽ പി.പി. ആലിയും ടി.ജെ. ഐസക്കും ചെയർമാൻ സ്ഥാനം വീതം വെക്കാൻ കെ.പി.സി.സി നിർദേശിച്ചിരുന്നെങ്കിലും ഐസക്കിന് ചെയർമാൻ സ്ഥാനം ലഭിച്ചിരുന്നില്ല.
അതേസമയം, ആദ്യ ടേം ചെയർമാൻ സ്ഥാനം ലഭിക്കാത്തപക്ഷം എൽ.ഡി.എഫുമായി ധാരണയിലെത്താൻ അവരുമായി ചർച്ച നടത്തിയെന്ന് ആരോപണമുള്ള വിനോദ് കുമാറിന് ഡി.സി.സി ഭാരവാഹിത്വം നൽകരുതെന്ന ആവശ്യവുമായി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ചെയർമാൻ തെരഞ്ഞെടുപ്പിൽ ഐസക്കിന് പിന്തുണ നൽകിയില്ലെങ്കിൽ വിനോദ്കുമാർ പക്ഷത്തുള്ള സുഭാഷിന് ചെയർമാൻ സ്ഥാനം നൽകി ഭരണം നഷ്ടപ്പെടാതിരിക്കാനുള്ള പദ്ധതികളും കോൺഗ്രസ് ആലോചനയിലുണ്ട്.
വൈസ് ചെയര്പേഴ്സൻ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ സരോജിനി ഓടമ്പമായിരിക്കും സ്ഥാനാര്‍ഥിയെന്നാണ് അറിയുന്നത്. 28 ഡിവിഷനുകളുള്ള നഗരസഭയില്‍ യു.ഡി.എഫിന് 15ഉം എല്‍ഡി.എഫിന് 13ഉം കൗണ്‍സിലര്‍മാരാണുള്ളത്. യു.ഡി.എഫില്‍ മുസ്ലിംലീഗിന് ഒമ്പതും കോണ്‍ഗ്രസിന് ആറും അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.