കൽപറ്റ ബൈപാസ് പ്രവൃത്തി ആറുമാസത്തിനകം തീര്‍ക്കണം -മന്ത്രി റിയാസ്
text_fieldsകൽപറ്റ-വാരാമ്പറ്റ, ബീനാച്ചി-പനമരം റോഡുകള്‍ രണ്ടുമാസത്തിനകം തീര്‍ക്കണം •ബൈപാസ് പ്രവൃത്തി ആറുമാസത്തിനകം തീർത്തില്ലെങ്കിൽ കരാറുകാരൻ കരിമ്പട്ടികയില്‍
കൽപറ്റ: ജില്ലയിലെ സുപ്രധാന റോഡുകളുടെ നിർമാണം പൂർത്തിയാകാതെ ഇഴയുന്നതിനെ തുടർന്ന് ജനം ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഇടപെടൽ.
ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ അടിയന്തരമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന പൊതുമരാമത്ത് വ
കുപ്പുമായി ബന്ധപ്പെട്ട ജില്ല അടിസ്ഥാന സൗകര്യ ഏകോപന സമിതി യോഗത്തില്‍ മന്ത്രി കര്‍ശന നിർദേശം നൽകി. വിവിധ കാരണങ്ങളാല്‍ പ്രവൃത്തികളില്‍ പുരോഗതിയില്ലാത്ത ബീനാച്ചി-പനമരം റോഡ്, കൽപറ്റ ബൈപാസ്, മേപ്പാടി-ചൂരല്‍മല റോഡ്, കൽപറ്റ-വാരാമ്പറ്റ റോഡ്, എസ്.എച്ച്-പത്താംമൈല്‍ റോഡ് എന്നിവയുടെ കാര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. ജില്ല ആസ്ഥാനത്തെ ഏറ്റവും പ്രധാന റോഡായ കൽപറ്റ ബൈപാസ് നവീകരണം ആറുമാസത്തിനകം പൂര്‍ത്തീകരിക്കാനും ഇല്ലെങ്കില്‍ പ്രവൃത്തി റദ്ദാക്കി കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്താനും മന്ത്രി നിർദേശം നല്കി. പൊട്ടിപ്പൊളിഞ്ഞ ബൈപാസ് രണ്ടാഴ്ചക്കകം ഗതാഗത യോഗ്യമാക്കണം. ഇല്ലെങ്കില്‍ ഡി.എം ആക്ട് പ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കും. കൽപറ്റ-വാരാമ്പറ്റ റോഡ് ജൂലൈ 30നകവും പനമരം-ബീനാച്ചി റോഡ് രണ്ടുമാസത്തിനകവും പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഇല്ലെങ്കില്‍ ടെര്‍മിനേഷന്‍ ഉള്‍പ്പെടെ കരാറുകാര്‍ക്കെതിരെ ചട്ടപ്രകാരം നടപടി സ്വീകരിക്കും.
ചർച്ചയായി വയനാട് തുരങ്കപാത
വയനാട് തുരങ്കപാത, കാട്ടിക്കുളം-പനവല്ലി റോഡ്, മാനന്തവാടി-പേരിയ റോഡ്, വൈത്തിരി-തരുവണ റോഡ്, കമ്പളക്കാട്-കൈനാട്ടി റോഡിന്റെ റീടെയ്ന്‍ വാള് നിർമാണം, അപ്രോച്ച് റോഡില്ലാതെ ഏഴുവര്‍ഷത്തോളമായി കിടക്കുന്ന മുട്ടില്‍ 14ാം വാര്‍ഡിലെ മടക്കത്തി പാലം, ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള കാരാപ്പുഴ റോഡ്, കാക്കവയല്‍-കൊളവയല്‍-കേണിച്ചിറ-പുൽപള്ളി റോഡ് എന്നിവയുടെ നവീകരണ പ്രവൃത്തികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പൊതുമരാമത്ത് സെക്രട്ടറി അജിത്ത് കുമാര്‍, ജോയന്റ് സെക്രട്ടറി ശീറാം സാംബശിവറാവു, ഡി.ഐ.സി.സി സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍ എസ്. സുഹാസ്, ജില്ല കലക്ടര്‍ എ. ഗീത, സബ്കലക്ടര്‍ ആര്. ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ. ഷാജു, പി.ഡബ്ല്യു.ഡിയുടെ ഒമ്പത് ചീഫ് എൻജിനീയര്‍മാര്‍, എക്സിക്യൂട്ടിവ് എൻജിനീയര്‍ പി. ഗോകുല്‍ദാസ്, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം -വയനാട് വികസന സമിതി
കൽപറ്റ: കൽപറ്റയിലെ ഗതാഗതപ്രശ്നങ്ങള്‍ക്ക് അടിയന്തര നടപടിയായി ബൈപാസിന്റെ പ്രവൃത്തി നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്നും അതിനാൽ കടുത്ത നടപടികളിലേക്ക് പോവുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം വയനാട് വികസനസമിതി സ്വാഗതം ചെയ്തു.
കല്പറ്റ ബൈപാസ് രണ്ടാഴ്ചക്കകം ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനും ആറ് മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും വയനാട് ഡി.ഐ.സി.സി യോഗത്തില്‍ തീരുമാനിച്ചതായാണ് മന്ത്രി അറിയിച്ചത്. നിത്യേനെ ജില്ല ആസ്ഥാനമായ കൽപറ്റയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്.
ഈ തീരുമാനത്തോടുകൂടി പ്രയാസത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും തീരുമാനം സ്വാഗതാർഹമാണെന്നും വയനാട് വികസനസമിതി ജന. സെക്രട്ടറി പി.പി. ഷൈജൽ പറഞ്ഞു.
മേപ്പാടി-ചൂരല്‍മല റോഡ്: ഈമാസം തിരുവനന്തപുരത്ത് യോഗം
മേപ്പാടി-ചൂരല്‍മല റോഡ് വീതികൂട്ടി നവീകരിക്കുന്നതിന് ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ സ്ഥലം ലഭ്യമാക്കുന്നതു സംബന്ധിച്ച് റവന്യൂ-പൊതുമരാമത്ത്-വനം മന്ത്രിമാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും എച്ച്.എം.എല്‍ പ്രതിനിധികളുടെയും യോഗം ഈമാസം തന്നെ തിരുവനന്തപുരത്ത് ചേരും. പ്രവൃത്തി നീളുന്ന എസ്.എച്ച്-പത്താംമൈല്‍ റോഡിന്റെ ബാക്കി വര്‍ക്ക് തീര്‍ക്കുന്നതിന് ജൂണ്‍ 15നകം ഷെഡ്യൂള്‍ തയാറാക്കി പ്രവൃത്തി പുനഃക്രമീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
ജില്ലയിലെ പ്രധാന മരാമത്ത് പദ്ധതികളില്‍ ഉള്‍പ്പെട്ട മാനന്തവാടി - കൈതക്കല്‍ റോഡ് പ്രവൃത്തിയും ചെക്കൊടിയൂര് റോഡിന്റെ അപ്രോച്ച് റോഡ് ജോലിയും പൂര്‍ത്തിയായതില്‍ മന്ത്രി സന്തോഷം പ്രകടിപ്പിച്ചു. കൽപറ്റ നിയോജക മണ്ഡലം എം.എല്‍.എ ടി. സിദ്ദീഖാണ് തന്റെ മണ്ഡലത്തില്‍ അനന്തമായി നീളുന്ന പ്രവൃത്തികളുടെ കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എക്കുവേണ്ടി ടി. സിദ്ദീഖ് ബത്തേരി മണ്ഡലത്തിലെ വിഷയങ്ങളും മന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. ഒ.ആര്. കേളു എം.എല്‍.എ മാനന്തവാടി മണ്ഡലത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി.
തൃക്കാക്കരയിലെ പരാജയം വിലയിരുത്തും -മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കൽപറ്റ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ കനത്ത പരാജയം പാർട്ടി തലത്തിലും മുന്നണി തലത്തിലും വിലയിരുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽ.ഡി.എഫിന് വോട്ടു കൂടിയിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പിൽ നടത്തിയ മികച്ച പ്രവർത്തനത്തിനനുസരിച്ചുള്ള വോട്ട് വർധന ഉണ്ടായിട്ടില്ലെന്നും കൽപറ്റയിൽ മാധ്യമങ്ങളുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഏതു പ്രതിസന്ധി ഘട്ടത്തിലും യു.ഡി.എഫിനൊപ്പംനിന്ന മണ്ഡലമാണ് തൃക്കാക്കര. അങ്ങനെയുള്ളൊരു മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ശക്തമായ പ്രവർത്തനമാണ് എൽ.ഡി.എഫ് നടത്തിയത്. നല്ല ആത്മവിശ്വാസത്തോടുകൂടിയാണ് പ്രവർത്തിച്ചത്. വോട്ടെണ്ണുന്നതിന്റെ തൊട്ടുമുമ്പുവരെ തൃക്കാക്കര മണ്ഡലത്തിൽ ഈസി വാക്കോവറാണെന്ന് ആർക്കും പറയാൻ പറ്റാത്ത തരത്തിലേക്ക് പോരാട്ടമെത്തി. ഇതിനേക്കാളേറെ വോട്ടുവർധന ഉണ്ടാകേണ്ടിയിരുന്നു.
ജനവിധി എൽ.ഡി.എഫ് അംഗീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ഒരുപാട് പരാജയങ്ങൾ മുന്നണി മുമ്പും നേരിട്ടിട്ടുണ്ട്. പരാജയത്തിൽ കിതക്കുന്നവരല്ല, പരാജയങ്ങളെ വിലയിരുത്തി കുതിക്കുന്നവരാണ് എൽ.ഡി.എഫ്. ഒരുപാടു ഘടകങ്ങൾ തെരഞ്ഞെടുപ്പുഫലത്തെ ബാധിച്ചിട്ടുണ്ട്. സ്ഥാനാർഥി നിർണയമുൾപ്പെടെ എല്ലാ കാര്യങ്ങളും എൽ.ഡി.എഫ് പരിശോധിക്കും. സ്ഥാനാർഥി നല്ല നിലയിൽ ഇടപെട്ടിട്ടുണ്ട്. നല്ല ട്രെൻഡ് ഉണ്ടാക്കാൻ പറ്റിയിട്ടുണ്ട്. എന്നാൽ, എൽ.ഡി.എഫ് വിരുദ്ധ വോട്ടുകൾക്ക് ഏകോപന സ്വഭാവമുണ്ടായിട്ടുണ്ടെന്നാണ് ഫലം തെളിയിക്കുന്നത്.
'സിക്സറടിച്ച് സെഞ്ച്വറി തികക്കും' എന്ന തന്റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അത് പ്രതീക്ഷിച്ചിരുന്നുവെന്നായിരുന്നു റിയാസിന്റെ മറുപടി. തന്റെ മാത്രം വിശ്വാസമായിരുന്നില്ല അത്. വോട്ടെടുപ്പിന്റെ തലേന്നുവരെ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ്.
പോയ ഇടങ്ങളിലെല്ലാം നല്ല സമീപനമായിരുന്നു. സർക്കാറിനെതിരായ വികാരം എവിടെയുമില്ല. സർക്കാറിനോട് വലിയ താൽപര്യമാണ് ജനങ്ങൾക്കുണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ വിജയം സുനിശ്ചിതമാണെന്നായിരുന്നു കണക്കുകൂട്ടലെന്നും റിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.