കല്പറ്റ മത്സ്യ-മാംസ മാര്‍ക്കറ്റ് ഒമ്പതിന് തുറക്കും
text_fieldsകല്പറ്റ: നഗരമധ്യത്തിലെ മത്സ്യ-മാംസ മാര്‍ക്കറ്റ് ജൂലൈ ഒമ്പതുമുതല്‍ ജനങ്ങള്‍ക്കായി തുറന്നുനല്‍കുമെന്ന് കല്പറ്റ നഗരസഭ ചെയര്മാന് കേയംതൊടി മുജീബ് അറിയിച്ചു. മൂന്നുവര്‍ഷമായി പൂട്ടിക്കിടന്ന മാര്‍ക്കറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 40 ലക്ഷം രൂപ ചെലവഴിച്ചാണ് മാര്‍ക്കറ്റില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയത്.
മാലിന്യം സംസ്കരിക്കുന്നതിനുള്ള എസ്.ടി.പി പ്ലാൻറ്, വൈദ്യുതി, പ്ലംബിങ്, ഇൻറര്ലോക്ക്്, മേല്‍ക്കൂര അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായി. ശുചീകരണത്തിന് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.
മത്സ്യ, ഇറച്ചി, കോഴി സ്റ്റാളുകളുമടക്കം 19 സ്റ്റാളുകളാണ് മാര്‍ക്കറ്റില്‍ ഒരുക്കിയത്. മാര്‍ക്കറ്റ് തുറന്ന് നല്‍കുന്നതിലൂടെ നഗര പരിധിയിലെ വ്യാപാരികള്‍ക്ക് വലിയ ആശ്വാസമാകും. മൂന്നുവര്‍ഷം മുമ്പ് നവീകരണ പ്രവൃത്തികള്‍ക്കായി അടച്ച മാര്‍ക്കറ്റ് ഉടന്‍ തുറക്കണമെന്ന ആവശ്യവുമായി വ്യാപാരികളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. മാര്‍ക്കറ്റ്് അടച്ചതോടെ നഗരസഭ മുഴുവന്‍ വ്യാപാരികളെയും ഇവിടെ നിന്ന് ഒഴിപ്പിച്ച് ബൈപാസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ തന്നെ മറ്റൊരു മാര്‍ക്കറ്റിലേക്ക് മാറ്റുകയായിരുന്നു.
നഗരത്തില്‍നിന്ന് ഒരു കിലോമീറ്ററിലധികം ദൂരമുള്ളതിനാല്‍ മത്സ്യവും ഇറച്ചിയും വാങ്ങാന്‍ ആളുകളെത്തുന്നത് കുറവായിരുന്നു. പലരും മാര്‍ക്കറ്റിലേക്ക് പോകാതെയായി. കച്ചവടം തീര്‍ത്തും കുറഞ്ഞു. മാസങ്ങള്‍ കഴിഞ്ഞിട്ടും മെച്ചപ്പെടാതെ വന്നതോടെ പലരും കടകള്‍ അടച്ചുപൂട്ടി.
പുതിയ ഭരണസമിതി അധികാരത്തിലേറി പണികള്‍ വേഗത്തിലാക്കാന്‍ നിർദേശിച്ചു. ഇതോടെ, നാട്ടുകാരുടെയും കച്ചവടക്കാരുടെയും പരാതിക്ക്് പരിഹാരമാവുമെന്നാണ് പ്രതീക്ഷ. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുനിസിപ്പല്‍ ചെയര്മാന് കേയംതൊടി മുജീബ് നവീകരിച്ച മത്സ്യ-മാംസ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.