കൽപറ്റയിലെ മാലിന്യസംസ്കരണം; ഹരിത ബയോ പ്ലാന്റ് നിർമാണം അന്തിമഘട്ടത്തിൽ
text_fieldsകൽപറ്റ: കൽപറ്റ നഗരസഭയിലെ മാലിന്യപ്രശ്നത്തിന് പരിഹാരമായി വെള്ളാരംകുന്നിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. ഹരിത ബയോ പ്ലാന്റിനായുള്ള ആധുനിക യന്ത്രോപകരണങ്ങള്‍ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ സ്ഥാപിച്ചു. ഖര-ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മാലിന്യസംസ്കരണ പ്ലാന്റാണ് ഇവിടെ സ്ഥാപിക്കുന്നത്. ഇതോടെ സമ്പൂര്‍ണ മാലിന്യ സംസ്കരണത്തില്‍ സംസ്ഥാനത്തെ മൂന്നാമത്തെ നഗരസഭയായും ജില്ലയിലെ ആദ്യത്തേതായും കല്പറ്റ മുനിസിപ്പാലിറ്റി മാറും.
സമ്പൂർണ ശുചിത്വ നഗരസഭയെന്ന ലക്ഷ്യത്തിനായി ശുചിത്വമിഷനും കല്പറ്റ മുനിസിപ്പാലിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 15,000 ചതുരശ്ര അടി വലുപ്പമുള്ള മാലിന്യസംസ്കരണ പ്ലാന്റ് സംസ്ഥാനത്തെ മറ്റൊരു നഗരസഭയിലുമില്ല. ഒരു കോടി പത്തു ലക്ഷം രൂപയാണ് ഇതിനായി ചെലവ് വരുന്നത്. നഗരസഭയുടെ കൈവശമുള്ള വെള്ളാരംകുന്നിലെ ഒമ്പത് ഏക്കര്‍ സ്ഥലത്താണ് ആധുനിക രീതിയിലുള്ള പ്ലാന്റ് സ്ഥാപിച്ചത്.
ഖരമാലിന്യങ്ങള്‍ തരംതിരിക്കാനായുള്ള സോര്‍ട്ടിങ് കണ്‍വെയര്‍ ബെല്‍റ്റ്, ബെയിലിങ് മെഷീൻ, ജൈവമാലിന്യങ്ങള്‍ക്കായി ഷ്രെഡിങ് യൂനിറ്റ്, പള്‍വറ്റൈസര്‍ സീവിങ് മെഷീൻ തുടങ്ങിയവയാണ് സ്ഥാപിച്ചത്. ജൈവ മാലിന്യങ്ങള്‍ സംസ്കരിച്ച് വളമാക്കുന്നതിനും തരംതിരിച്ച മാലിന്യങ്ങള്‍ വിൽക്കുന്നതിലൂടെ വരുമാനമുണ്ടാക്കാനും പദ്ധതിയുണ്ട്. സംസ്കരണ പ്ലാന്റിനുള്ള കെട്ടിട നിർമാണത്തിനായി 88.75 ലക്ഷം രൂപയും യന്ത്രോപകരണങ്ങള്‍ക്കായി 20 ലക്ഷം രൂപയുമാണ് ചെലവഴിക്കുന്നത്. പാലക്കാട് ആസ്ഥാനമായ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിനാണ് (ഐ.ആര്.ടി.സി) സാങ്കേതിക സഹായത്തോടൊപ്പം നിർമാണ ചുമതലയും നല്‍കിയിരിക്കുന്നത്.
വീടുകളില്‍ നിന്ന് നേരിട്ട് ഖര-ജൈവ മാലിന്യങ്ങള്‍ ഹരിത സേനാംഗങ്ങള്‍ ശേഖരിക്കും. ജൈവ-അജൈവ മാലിന്യങ്ങള്‍ വീടുകളിൽനിന്ന് തന്നെ വേർതിരിച്ചുനൽകിയാൽ സംസ്കരണം കൂടുതൽ എളുപ്പമാകും. ശേഖരിക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച് വില്‍ഡ്രോ കമ്പോസ്റ്റിങ് യൂനിറ്റുകളില്‍ നിക്ഷേപിക്കും. കൃത്രിമ ബാക്ടിരീയ തളിച്ച് ഈ യൂനിറ്റുകളിൽ കിടക്കുന്ന മാലിന്യം 45 ദിവസത്തിനുശേഷം വളമായി മാറും. വീടുകളില്‍ നിന്നും വേഗത്തില്‍ മാലിന്യങ്ങള്‍ ശേഖരിച്ചെന്ന് ഉറപ്പാക്കേണ്ടത് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സാനിറ്റേഷന്‍ കമ്മിറ്റിയുടെ ചുമതലയായിരിക്കും. മാലിന്യം ശേഖരിച്ചെന്ന് ഉറപ്പാക്കാനായി പ്രത്യേക കാര്‍ഡ്, ബുക്ക് സംവിധാനം നടപ്പാക്കും. ഇവ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.