കമ്പളക്കാട്–കൈനാട്ടി റോഡിൽ ദുരിതയാത്ര
text_fieldsകല്പറ്റ: കല്പറ്റ -മാനന്തവാടി സംസ്ഥാന പാതയില്‍ കൈനാട്ടിമുതല്‍ കമ്പളക്കാട് വരെ റോഡ് തകർന്നു യാത്ര ദുഷ്കരമായി. 10 കിലോമീറ്ററോളം റോഡാണ് കുണ്ടും കുഴിയുമായി കിടക്കുന്നത്. മഴയത്തു കുഴികളില്‍ വെള്ളം നിറഞ്ഞതോടെ അപകട ഭീഷണിയിലാണ് ഇതുവഴിയുള്ള യാത്ര. മലയോര ഹൈവേ പദ്ധതിയില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്.എഫ്.എബി) നാലുവര്‍ഷം മുമ്പ് ആരംഭിച്ച പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല.
കമ്പളക്കാട് മുതല്‍ കൈനാട്ടിവരെ റോഡിനിരുവശവും വീതി കൂട്ടി ഓവുചാല്‍ നിര്‍മാണവും അവിടങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റലും മാത്രമാണു വർഷങ്ങളായിട്ട് നടന്നത്. മലയോര ഹൈവേ പദ്ധതിയില്‍ കമ്പളക്കാട് മുതല്‍ മേപ്പാടി-ചൂരല്‍മല വരെ ഒരു പാക്കേജില്‍ മൂന്നു ഭാഗമായാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്. കമ്പളക്കാട് മുതല്‍ കൈനാട്ടി വരെയും കല്പറ്റ ബൈപാസ് മറ്റൊരു പ്രവൃത്തിയായും മേപ്പാടി-ചൂരല്‍മല റോഡ് ഒരു ഭാഗമായുമാണ് നവീകരണം. ഇതിൽ കമ്പളക്കാടുമുതല് കൈനാട്ടി വരെയാണ് റോഡ് ഏറ്റവും മോശം. പുളിയാര്മലക്കു സമീപം ആലന്തട്ട വളവില്‍ റോഡ് പൂർണമായും തകര്‍ന്നു. ഇവിടെ ചെറു വാഹനങ്ങള്‍ അപകടത്തിൽപെടുന്നത് നിത്യ സംഭവമാണ്. മടക്കിമലക്കടുത്ത് നേരത്തെ സ്ഥിരം അപകട സ്ഥലമായിരുന്ന ഭാഗത്തു റോഡരികില്‍ വലിയ ചാല് രൂപപ്പെട്ടിട്ടുണ്ട്.
കെല്‍ട്രോണ്‍ വളവിനു സമീപത്തും റോഡരികില്‍ വലിയ കുഴികളാണ്. മഴയില്‍ കുഴികളില്‍ വെള്ളം കെട്ടി നില്ക്കുന്നതിനു പുറമേ തെരുവുവിളക്കുകള്‍ ഇല്ലാത്തതും രാത്രിയാത്ര ദുഷ്കരമാക്കുന്നു. ജില്ല ആസ്ഥാനത്തേക്കുള്ള പ്രധാന റോഡാണ് ദയനീയാവസ്ഥയില്‍ തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.