കലക്ടറേറ്റ് പടിക്കല്‍ കാട്ടുനായ്ക്ക കുടുംബങ്ങളുടെ കഞ്ഞിവെപ്പുസമരം
text_fieldsകല്പറ്റ: താമസയോഗ്യമായ വീടിനും കൃഷിക്കും ഭൂമി തേടി കലക്ടറേറ്റ് പടിക്കല്‍ മല്ലികപ്പാറ കോളനിവാസികളുടെ കഞ്ഞിവെപ്പുസമരം. വയനാട് വന്യജീവിസങ്കേതത്തിലെ തോൽപെട്ടി റേഞ്ചില്‍പ്പെട്ട അരണപ്പാറ മല്ലികപ്പാറ കോളനിയില്‍നിന്ന് 2015ല്‍ കുടിയൊഴിഞ്ഞ കാട്ടുനായ്ക്ക കുടുംബങ്ങളാണ് ജില്ല ആസ്ഥാനത്ത് സമരത്തിനെത്തിയത്.
തോൽപെട്ടി വനാതിര്‍ത്തിയില്‍ കര്‍ണാടകയിലെ നാഗര്‍ഹോള വനത്തോടു ചേര്‍ന്നാണ് മല്ലികപ്പാറ. 50 സെന്റ് ഭൂമി വീതം നല്കി ഒമ്പതു കാട്ടുനായ്ക്ക കുടുംബങ്ങളെയാണ് മല്ലികപ്പാറയില്‍ കുടിയിരുത്തിയിരുന്നത്. അതിരൂക്ഷമായ വന്യജീവിശല്യത്തിന്റെ പശ്ചാത്തലത്തിലാണ് പ്രാക്തന ഗോത്രമായ കാട്ടുനായ്ക്ക വിഭാഗത്തിൽപെട്ട ഈ കുടുംബങ്ങള്‍ കുടിയൊഴിഞ്ഞത്. വീടിനടുത്ത് മേയുന്ന ആടിനെ കടുവ പിടിക്കുന്നതിനുവരെ ആദിവാസികള്‍ സാക്ഷികളായി. സ്വത്തിനു പുറമേ ജീവനും അപകടത്തിലായപ്പോഴാണ് മല്ലികപ്പാറയിലെ കാപ്പിയും കുരുമുളകും ഉൾപ്പെടെ വിളയുന്ന ഭൂമി വിട്ടൊഴിയാനുള്ള തീരുമാനം.
കുടിയൊഴിഞ്ഞതില് നാലു കുടുംബങ്ങള്‍ക്കു കാട്ടിക്കുളത്തിനടുത്ത് ഭൂമിയും വീടും ലഭിച്ചു. മറ്റു കുടുംബങ്ങള്‍ വാടക വീടുകളിലും ബന്ധുഗൃഹങ്ങളിലുമായി ജീവിതം തുടരുകയാണ്.
മല്ലികപ്പാറയില്‍ ഉണ്ടായിരുന്നതിനു തുല്യ അളവില്‍ വാസ-കൃഷിയോഗ്യമായ ഭൂമിക്കായി നടത്തിയ പരിശ്രമങ്ങള്‍ വൃഥാവിലായപ്പോഴാണ് വിവിധ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ ആദിവാസികള്‍ കലക്ടറേറ്റ് പടിക്കല്‍ സമരത്തിനെത്തിയത്. പയ്യമ്പള്ളിയില്‍ വാടകക്കു താമസിക്കുന്ന ഗൗരിയുടെ നേതൃത്വത്തിലായിരുന്നു സമരം. ഭൂമിക്കായി പഞ്ചായത്ത്, വില്ലേജ്, വനം, ട്രൈബല്‍ ഓഫിസുകളില്‍ നല്കിയ അപേക്ഷകളില്‍ നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരത്തിനു നിര്‍ബന്ധിതമായതെന്നു ഗൗരി പറഞ്ഞു. ഭൂപ്രശ്നം നേരില്‍ ബോധിപ്പിക്കുന്നതിനായി കൈക്കുഞ്ഞുമായി മൂന്നു തവണ ജില്ല കലക്ടറെ കാണാനെത്തിയെങ്കിലും സന്ദര്‍ശനാനുമതി ലഭിച്ചില്ലെന്ന് രണ്ടു കുട്ടികളുടെ മാതാവുകൂടിയായ ഗൗരി പറയുന്നു. കഞ്ഞിവെപ്പുസമരം മാനന്തവാടി കുറുക്കന്മൂല കളപ്പുര കോളനിയിലെ, ദുരൂഹ സാഹചര്യത്തില്‍ മരിച്ച ശോഭയുടെ മാതാവ് അമ്മിണി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചു ചേര്‍ന്ന യോഗം 'മക്ത്ബ്' പത്രാധിപര്‍ കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗൗരി മല്ലികപ്പാറ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ-സാംസ്കാരിക, മനുഷ്യാവകാശ പ്രസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്ത് സെയ്തു കുടുവ, കെ.പി. സുബൈര്‍, സി.കെ. ഗോപാലന്, പി.പി. ഷാന്റോലാല്‍, ഡോ. പി.ജി. ഹരി, മുജീബ് റഹ്മാന് അഞ്ചുകുന്ന്, അജയന് മണ്ണൂര്‍, മല്ലികപ്പാറയില്നിന്നു കുടിയൊഴിഞ്ഞ കുടുംബങ്ങളിലെ അംഗങ്ങളായ അഭിരാം, പാര്‍വതി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.