ട്രാക്കിൽ ചേർത്തുനിർത്തണം...ഇവരുടെ കരുത്തിനെ
text_fieldsവയനാട്ടിൽ പ്രതിഭകൾക്ക് പഞ്ഞമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട് എല്ലാ പരിശീലകരും. ഗോത്രവർഗക്കാർ ഉൾപ്പെടെയുള്ളവർക്കിടയിൽനിന്ന് ലക്ഷണമൊത്ത താരങ്ങളെ വാർത്തെടുക്കാൻ കഴിയുമെന്നും അവർക്ക് ആത്മവിശ്വാസമുണ്ട്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മുന്നോട്ടുള്ള കുതിപ്പിന് കാലങ്ങളായി വിഘാതം സൃഷ്ടിക്കുകയാണ്.
ചെറുപ്പം മുതൽ ഓടിയും ചാടിയും വളരെ ഫ്ലക്സിബിളായി വളരുന്ന ഗോത്രവർഗക്കാരിലാണ് ഇപ്പോഴും പരിശീലകരുടെ നോട്ടം. നൈസർഗികമായി നല്ല അത്ലറ്റിക് ഗുണങ്ങളുള്ള ഇവരെ ശരിയായ രീതിയിൽ പരിശീലിപ്പിച്ചെടുത്താൽ ഏറെക്കാലം കളത്തിൽ മികവോടെ തുടരാൻ അവർക്ക് കഴിയുമെന്ന കണക്കുകൂട്ടലിലാണിത്.
പിന്തുണയില്ലെങ്കിൽ കൊഴിഞ്ഞുപോകും, ട്രാക്കിൽനിന്നും
ഗോത്രവർഗക്കാരായ അത്ലറ്റുകളെ - പ്രത്യേകിച്ച് പണിയ വിഭാഗക്കാരെ - നിരന്തരമായ പ്രോത്സാഹനവും പിന്തുണയും നൽകി മാത്രമേ കളത്തിൽ നിലനിർത്തിക്കൊണ്ടുപോകാൻ കഴിയൂ. ഒളിമ്പിക്സിലെത്തിയ ടി. ഗോപിയേക്കാൾ തനിക്ക് പ്രതീക്ഷയുണ്ടായിരുന്ന താരം പണിയ വിഭാഗത്തിൽ നിന്നുള്ള ബാലൻ എന്ന അത്ലറ്റായിരുന്നുവെന്ന് ഗോപിയെ ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ പരിശീലക കെ.പി. വിജയി ടീച്ചർ ഇപ്പോഴും പറയുന്നു. ബാലനെ അത്രമേൽ താൽപര്യത്തോടെ ടീച്ചർ ചേർത്തുനിർത്തിയെങ്കിലും പിന്നീടവൻ വഴിമാറിയോടിക്കളഞ്ഞു. സംസ്ഥാന മീറ്റിൽ തകർപ്പൻ പ്രകടനത്തോടെ സ്വർണമെഡലുകൾ നേടിയ ബാലനെ ഭാവിതാരമായി അന്ന് ചൂണ്ടിക്കാട്ടിയ വിദഗ്ധർ ഏറെയായിരുന്നു. കേരളത്തിെൻറ അത്ലറ്റിക് ഭൂമികയിൽ തിളങ്ങിനിൽക്കേണ്ടിയിരുന്ന ബാലൻ പക്ഷേ, ഇന്ന് കൂലിപ്പണിക്കാരനാണ്. ഇങ്ങനെ എണ്ണിപ്പറയാൻ വയനാടിെൻറ കായിക ചരിത്രത്തിൽ ഒരുപാടുണ്ട് ഉദാഹരണങ്ങൾ.
മികച്ച പോഷകാഹാരങ്ങളടക്കം ലഭ്യമാക്കിയാവണം ഈ താരങ്ങളെ വളർത്തിക്കൊണ്ടുവരേണ്ടത്. പ്രാരാബ്ധങ്ങൾ നിറഞ്ഞ ചുറ്റുപാടുകളിൽനിന്നാണ് ജില്ലയിലെ കായികതാരങ്ങളേറെയും വരുന്നത്. ഗോത്രവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ജില്ലയിലെ വിദ്യാലയങ്ങൾ നേടുന്ന വലിയ ഭീഷണിയാണിന്ന്. ഭാവിയുടെ വാഗ്ദാനങ്ങളെന്നു കരുതുന്ന കായികതാരങ്ങളും ഇൗ കൊഴിഞ്ഞുപോക്കിൽ ഉൾപ്പെടുന്നു. മാതാപിതാക്കളെ ബോധവത്കരിക്കുകയും കുട്ടികളെ ഏതുവിധേനയും ട്രാക്കിനോട് ചേർത്തുനിർത്തുകയുമാണ് ഇതിനുള്ള പരിഹാരം.
പരിശീലനമില്ലാതെ ഏറെക്കാലം
ചിട്ടയായ, ശാസ്ത്രീയ പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അത്ലറ്റിക്സിനോട് അകാലത്തിൽ വിടപറയുന്ന താരങ്ങൾ ഏറെയാണ്. ഒട്ടും പ്രചോദിതരല്ലെങ്കിൽ ഗോത്രവർഗ കായികതാരങ്ങൾ കായികമേഖലയിൽ തുടർന്നുപോവാറില്ല. ഇതിന് മികച്ച സൗകര്യങ്ങൾ നൽകി അവരെ കൂടെ നിർത്തേണ്ടതുെണ്ടന്ന് മീനങ്ങാടി ഒളിമ്പിയ അക്കാദമിയിലെ പരിശീലകനായ പി.കെ. തങ്കച്ചൻ ചൂണ്ടിക്കാട്ടുന്നു.
ഈ കോവിഡ് കാലത്ത് ജില്ലയിലെ അത്ലറ്റുകൾക്കൊന്നും പരിശീലനത്തിന് കഴിഞ്ഞിട്ടില്ല. ഗോത്ര വിഭാഗക്കാരായ അത്ലറ്റുകളാവട്ടെ, ഒട്ടും പരിശീലനം നടത്തിയിട്ടില്ല. രണ്ടു വർഷത്തോളം പരിശീലനം നടത്താതിരുന്നശേഷം നേരെ വന്ന് മീനങ്ങാടിയിലെ ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രാക്കിലും ഫീൽഡിലും ഇറങ്ങിയവർ നിരവധിയാണ്. ആഗ്രഹിക്കുന്ന രീതിയിൽ പരിശീലനം നടത്താൻ സൗകര്യങ്ങളൊന്നുമില്ല എന്നതു തന്നെയാണ് പ്രധാന കാരണം. ജില്ലയിൽ സർക്കാർ തലത്തിലുള്ള ഏക സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്കുപോലും താഴേക്കിടയിലുള്ള പരിശീലന സൗകര്യങ്ങൾ മാത്രമാണുള്ളത്.
പതിറ്റാണ്ടുകൾക്കുമുമ്പുള്ള അതേ സൗകര്യങ്ങളിൽ തന്നെ തളച്ചിടപ്പെടുന്നുവെന്നതാണ് വയനാട്ടിലെ അത്ലറ്റുകളുടെ വളർച്ച മുരടിച്ചുപോകാൻ പ്രധാന കാരണം.
വമ്പൻ വേദികളിലെ സഭാകമ്പം
ജില്ലയിലെ അത്ലറ്റിക് മേളകളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച് കയറിയെത്തിയ താരങ്ങൾ സംസ്ഥാന സ്കൂൾ മീറ്റ് പോലെയുള്ള വേദികളിൽ ഇടർച്ച കാട്ടുന്നത് കാലങ്ങളായി തുടരുന്ന പ്രതിഭാസമാണ്. സ്പൈക്കും മറ്റ് അനുബന്ധ സൗകര്യങ്ങളും ഇല്ലാതെയാണ് മിക്കവരും വയനാടൻ മണ്ണിൽ ഓടിത്തെളിയുന്നത്. വലിയ മീറ്റുകളിൽ മത്സരിക്കാനിറങ്ങുമ്പോൾ ഇവരുടെ ആത്മവിശ്വാസം ചോർന്നു പോകുന്നത് തങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധിയാണെന്ന് കണിയാരം ഫാ. ജി.കെ.എം.എച്ച്.എസിലെ അധ്യാപകനും മുൻ അത്ലറ്റുമായ ടി.ജെ. റോബി പറയുന്നു.
മറ്റു ജില്ലകളിലെ പേരുകേട്ട അക്കാദമികളിലെയും സ്കൂളുകളിലെയും താരങ്ങൾ വലിയ സൗകര്യങ്ങളും പത്രാസുമായി പോരിനിറങ്ങുമ്പോൾ വയനാട്ടിലെ കുട്ടികൾ സ്റ്റാർട്ടിങ് ബ്ലോക്കിലെ വെടിയൊച്ചക്കു മുമ്പേ മാനസികമായി പിന്നിലാവുന്നു. ഗോത്രവർഗ വിദ്യാർഥികൾ പ്രത്യേകിച്ചും. ഇതിെൻറ പ്രതിഫലനമാണ് മെഡൽ ടേബിളിലും കാണുന്നത്.
ഇതിനുപുറമെ, വയനാട്ടിൽനിന്ന് വ്യത്യസ്തമായ കാലാവസ്ഥയും കുട്ടികളെ പിന്നോട്ടടിപ്പിക്കുന്നതിന് കാരണമാണെന്ന് കെ.പി. വിജയി ടീച്ചർ പറയുന്നു. ചുരമിറങ്ങിയെത്തുന്ന കടുത്ത ചൂടിൽ വയനാട്ടിലെ പിള്ളേർ പിന്നാക്കം പോവുന്നത് പതിവാണെന്നും ടീച്ചർ സാക്ഷ്യപ്പെടുത്തുന്നു.
ജെയ്ഷയും ഗോപിയും നൽകുന്ന പാഠം
സ്കൂൾ കായികമേളകളിൽ മെഡൽ നേടാനായി ഞെക്കിപ്പഴുപ്പിക്കുന്ന താരങ്ങളിലേക്കല്ല ശ്രദ്ധയൂന്നേണ്ടത് എന്നതിെൻറ വലിയ സൂചകങ്ങളാണ് വയനാട്ടിലെ ഒളിമ്പ്യന്മാരായ ഒ.പി. ജെയ്ഷയും ടി. ഗോപിയും. വയനാട്ടിൽ ജീവിച്ചുവളർന്ന സാഹചര്യങ്ങളാണ് ഇരുവർക്കും രാജ്യാന്തരതലത്തിൽ ചുവടുറപ്പിക്കാൻ സഹായകമായത്. സ്കൂൾ മീറ്റിൽ എണ്ണിപ്പറയാൻ നേട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല ഇവർക്ക്. എന്നാൽ, പിന്നീട് ആർമിയിലും മറ്റുമായി ശാസ്ത്രീയ പരിശീലന സൗകര്യങ്ങൾ ലഭിച്ചതോടെയാണ് ഇരുവരും രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയത്.
ഈ രീതിയിൽ ചെറുപ്പത്തിലേ തന്നെ കണ്ടെത്തി മികച്ച ശിക്ഷണം നൽകാൻ കഴിയുന്ന ട്രെയിനിങ് സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് വേണ്ടത്. വയനാട്ടിൽ മൂന്നു താലൂക്കുകളിലും ഒാരോ സിന്തറ്റിക് ട്രാക്കുകളെങ്കിലും സ്ഥാപിച്ച് താരങ്ങളെ കണ്ടെത്തി ശാസ്ത്രീയ പരിശീലനം നൽകേണ്ട സമയം അതിക്രമിച്ചുവെന്ന് ജില്ലയിലെ കായിക സംഘാടകർ തന്നെ ചൂണ്ടിക്കാട്ടുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.