കേരള ചിക്കന്‍ പദ്ധതി; ബ്രഹ്മഗിരി സൊസൈറ്റിക്കെതിരെ കർഷകർ
text_fieldsകല്പറ്റ: ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്കെതിരെ കോഴി കർഷകരും രംഗത്ത്. കേരള ചിക്കന്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സികളില്‍ ഒന്നായ ബ്രഹ്മഗിരി സൊസൈറ്റിക്ക് കീഴില്‍ കോഴികൃഷി നടത്തി കടക്കെണിയിലായ കര്‍ഷകരാണ് പദ്ധതി നിലച്ച് ഒരുവർഷം കഴിഞ്ഞിട്ടും സൊസൈറ്റിക്ക് നൽകിയ കോടികൾ തിരിച്ചു നൽകാത്തതിനെതിരെ രംഗത്തുവന്നത്. സൊസൈറ്റിക്ക് നൽകിയ പണവും നഷ്ടപരിഹാരവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഹൈകോടതിയെ സമീപിച്ച കഴിഞ്ഞു.
ഹരജി ഫയലില്‍ സ്വീകരിച്ച ഹൈകോടതി, കേരള ചീഫ് സെക്രട്ടറി, ഹോം സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി എന്നിവര്‍ക്കും ക്ഷീര വികസന, മൃഗസംരക്ഷണ, കൃഷി വകുപ്പ് മേധാവികള്‍ക്കും ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി അധികൃതര്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. കേരള ചിക്കന്‍ പദ്ധതിയില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ബ്രഹ്മഗിരി സൊസൈറ്റിയുമായി സഹകരിച്ചു ഇറച്ചിക്കോഴി ഉൽപാദനം നടത്തിയത്. ആറ് ജില്ലകളിലുമായി നൂറോളം കര്‍ഷകരിൽനിന്ന് വിത്തുധനമായി സൊസൈറ്റി മൂന്നര കോടി രൂപ തുടക്കത്തിൽ വാങ്ങിയിട്ടുണ്ട്. വളര്‍ത്തുകൂലി ഇനത്തില്‍ 50 ലക്ഷം രൂപയും ബ്രഹ്മഗിരി സൊസൈറ്റി നല്‍കാനുണ്ടെന്നാണ് ഇവർ പറയുന്നത്. ചിക്കന്‍ പദ്ധതിയില്‍ അംഗങ്ങളായി ഫാം തുടങ്ങുന്ന കര്‍ഷകര്‍ക്കു കോഴിക്കുഞ്ഞുങ്ങളും തീറ്റയും വെറ്ററിനറി ഡോക്ടറുടേതടക്കം സേവനങ്ങളും സൊസൈറ്റി വാഗ്ദാനം ചെയ്തിരുന്നു. കോഴി ഒന്നിനു 130 രൂപയാണ് വിത്തുധനമായി സൊസൈറ്റി കര്‍ഷകരില്‍നിന്ന് ഈടാക്കിയത്.
പദ്ധതിയില്‍നിന്ന് പിന്മാറുമ്പോള് ഈ തുക തിരികെ നല്‍കുമെന്നായിരുന്നു വ്യവസ്ഥ. ഫാമില്‍ ഉൽപാദിപ്പിക്കുന്ന കോഴിക്ക് കിലോഗ്രാമിനു എട്ട് മുതല്‍ 11 വരെ രൂപ വളര്‍ത്തുകൂലിയും ഉറപ്പുനല്‍കിയിരുന്നു. കേരള ചിക്കന്‍ പദ്ധതിയുടെ നോഡല്‍ എജന്‍സികളില്‍ ബ്രഹ്മഗിരി സൊസൈറ്റി മാത്രമാണ് കര്‍ഷകരില്‍നിന്നു വിത്തുധനം വാങ്ങിയതെന്ന് കർഷകർ പറയുന്നു. കരാര്‍ പാലിക്കാന്‍ ബ്രഹ്മഗിരി സൊസൈറ്റി തയാറാകാത്ത സാഹചര്യത്തിലാണ് കര്‍ഷകർ ഹൈകോടതിയെ സമീപിച്ചത്. 2023 ജനുവരി 23ന് കര്‍ഷക പ്രതിനിധികളും ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി ഭാരവാഹികളും വിഷയം ചര്‍ച്ച ചെയ്തിരുന്നു. കര്‍ഷകര്‍ക്കുള്ള പണം മാര്‍ച്ച് 31നകം നല്‍കുമെന്നും ഇതില്‍ വീഴ്ച ഉണ്ടായാല്‍ 1,000 കോഴികള്‍ക്ക് 5,000 രൂപ നിരക്കില്‍ ഓരോ ബാച്ച് കണക്കാക്കി നഷ്ടപരിഹാരം നല്‍കുമെന്നും ചര്‍ച്ചയില്‍ മാനേജ്മെന്റ് ഉറപ്പുനല്‍കിയിരുന്നു. ഇക്കാര്യം രേഖയാക്കി മാനേജ്മെന്റും കര്‍ഷക പ്രതിനിധികളും ഒപ്പു വച്ചിരുന്നു.
എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് ഇതുവരെ തുക ലഭിച്ചില്ല. ഇക്കാര്യം മുഖ്യമന്ത്രി ഉള്‍പ്പടെ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലം ഉണ്ടായില്ലെന്ന് കോഴി കർഷക ഫെഡറേഷന് ഭാരവാഹികളായ പി.എ. മുസ്തഫ, ജിജേഷ് പി. നായർ, പി.സി. മനോജൻ, ലതീഷ് നായർ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കര്‍ഷകരില്‍ പലരും ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വന്‍തുക വായ്പയെടുത്താണ് ഇറച്ചിക്കോഴി ഫാം ആരംഭിച്ചത്. വായ്പ കുടിശ്ശികയായ കര്‍ഷകര്‍ ജപ്തി ഭീഷണിയിലാണ്. 2018 ഡിസംബര്‍ 30ന് മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തതാണ് കേരള ചിക്കന്‍ പദ്ധതി. ആധുനിക സഹകരണ കൃഷിയുടെ ആദ്യമാതൃകയെന്നാണ് പദ്ധതിയെ സര്‍ക്കാറും നോഡല്‍ ഏജന്‍സികളും വിശേഷിപ്പിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.