കേരള ഫോക് ലോർ അക്കാദമി അവാർഡ് നിറവിൽ സുധീർ ബാബുവും വി.സി. രവിയും
text_fieldsകൽപറ്റ: കേരള ഫോക് ലോർ അക്കാദമിയുടെ 2022ലെ അവാർഡ് ജില്ലയിലെ കമ്പളനാട്ടി കലാരംഗത്ത് പ്രവർത്തിച്ചുവരുന്ന വി.സി. രവിക്കും നാടൻപാട്ട് കലാരംഗത്ത് പ്രവർത്തിച്ചുവരുന്ന പി.കെ. സുധീർ ബാബുവിനും. വെങ്ങപ്പള്ളി പുഴമുടി പുലിവെട്ടി വീട്ടിൽ പി.കെ. സുധീർ ബാബു (48) 27 വർഷമായി നാടൻപാട്ട് കലാരംഗത്ത് പ്രവർത്തിക്കുന്ന കലാകാരനാണ്.
കൽപറ്റയിൽ പ്രവർത്തിച്ചു വരുന്ന ‘സൃഷ്ടി മുണ്ടേരി’ എന്ന സാംസ്കാരിക സംഘടനയിലൂടെയാണ് തുടക്കം. ഖത്തറിലെ കലാസാംസ്കാരിക രംഗങ്ങളിലെ പ്രശസ്തരായ നാടൻപാട്ട് സംഘം ‘കനൽ ഖത്തർ’ പ്രധാന പ്രവർത്തകനായ സുധീർബാബു ഖത്തറിലാണുള്ളത്. വയനാടന്‍ ഗോത്രജീവിതത്തിന്റെ നോവും നൊമ്പരവും അടങ്ങുന്ന പാട്ടുകളും കലകളും ഇന്ത്യയിലെ ഒട്ടനവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.
പാര്‍ശ്വവത്കരിക്കപ്പെടുന്ന ഗോത്ര ജനതയുടെ വേദനകളും സംസ്കൃതിയുടെയും ജീവിതത്തിന്റെയും താളങ്ങളും മുഖ്യധാരാ സമൂഹത്തിനു പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. ആദിവാസി വിഭാഗങ്ങളിലെ വട്ടക്കളി, കമ്പളനാട്ടി, ഉചാരുകളി, ഗദ്ദിക, ഇരുള നൃത്തം, മംഗലംകളി തുടങ്ങിയവയിലും പരിചയമുണ്ട്.
2005 -2006 വർഷത്തെ നെഹ്റു യുവ കേന്ദ്രയുടെ ഏറ്റവും മികച്ച സന്നദ്ധ പ്രവർത്തകനുള്ള ജില്ല യുവജന അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്ത കലാകാരനാണ് സുധീർ ബാബു. ഭാര്യ: ഷഹനാസ്. മക്കൾ: വിദ്യാർഥികളായ ദയ തനസ്, ഡാനിഷ് മുഹമ്മദ്.
25 വർഷമായി വയനാട് ജില്ലയിലെ പണിയ സമുദായത്തിന്റെ നാടൻ കലാരൂപമായ കമ്പളനാട്ടി കലാരംഗത്ത് പ്രവർത്തിച്ചുവരുകയാണ് 43കാരനായ വി.സി. രവി. കൽപറ്റ, മടിയൂർ കുനി, ഓണിവയൽ കോളനി സ്വദേശിയാണ്. കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ പരിപാടി അവതരിപ്പിക്കുന്നുണ്ട്.
കമ്പളനാട്ടി കല പ്രചരിപ്പിക്കുകയും ചെയ്തു വരുന്ന കലാകാരനാണ് വി.സി. രവി. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിൽ ഫോക് ഡാൻസ്, നാടൻപാട്ട് എന്നിവയിൽ രവി കുട്ടികൾക്ക് പരിശീലനം നൽകുന്നു. കൽപറ്റ ദ്വാരക എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയാണ്. ഭാര്യ: നിഷ. മക്കൾ: വിദ്യാർഥികളായ ദീപക് രവി, ദീപ്തി രവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.