ഓണക്കാലത്തും വേതനം കിട്ടാതെ സാക്ഷരത മിഷൻ പ്രേരക്മാർ
text_fieldsകൽപറ്റ: വേതനം കിട്ടാതെ സംസ്ഥാനത്തെ സാക്ഷരത പ്രേരക്മാർ. മൂന്നു മാസം മുതൽ ഒരു വർഷം വരെയുള്ള വേതന കുടിശ്ശികയാണ് പലർക്കും ഇപ്പോൾ ലഭിക്കാനുള്ളത്. വേതനം നൽകേണ്ടത് തദ്ദേശസ്വയംഭരണ വകുപ്പും സാക്ഷരത മിഷനുമാണ്. എന്നാൽ, രണ്ടു വകുപ്പുകളും അനാസ്ഥ തുടരുകയാണ്.
മുമ്പ് സാക്ഷരത തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾ മാത്രമായിരുന്നു പ്രേരക്മാർ നടത്തിയിരുന്നത്. ഇപ്പോൾ ഡിജിറ്റൽ സാക്ഷരത, മാലിന്യ സംസ്കരണം, ലഹരി വിരുദ്ധ പരിപാടി, വരുമാനദായക പ്രവർത്തനങ്ങൾ, ഓഫിസ് ഡ്യൂട്ടി എന്നിവ കൂടി ചെയ്യേണ്ടതുണ്ട്. എന്നാൽ, നിരവധി പേർക്കുള്ള വേതന കുടിശ്ശിക പോലും നൽകാതെ ഇത്തരത്തിൽ അമിത ജോലി ചെയ്യിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ദേശീയ സാക്ഷരത പ്രവർത്തക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ശശികുമാർ ചേളന്നൂർ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായിരുന്ന സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയെയും പ്രേരക്മാരെയും 2023 സെപ്റ്റംബർ 22ന് ഇറങ്ങിയ ഉത്തരവ് പ്രകാരമാണ് തദ്ദേശ വകുപ്പിലേക്ക് വിന്യസിച്ചത്.
പ്രേരക്മാരുടെ വേതനത്തിന്റെ 60 ശതമാനം ഫണ്ട് തദ്ദേശ സ്ഥാപനവും 40 ശതമാനം സാക്ഷരത മിഷനും നൽകാനായിരുന്നു തീരുമാനം. തദ്ദേശ സ്ഥാപനങ്ങൾ ഏപ്രിൽ മുതൽ പ്രേരക്മാർക്ക് 100 ശതമാനം വേതനം നൽകുകയും മൂന്ന് മാസം കൂടുമ്പോൾ സാക്ഷരതാമിഷൻ 40 ശതമാനം തുക പഞ്ചായത്തുകൾക്ക് റീ കൂപ്പ് ചെയ്യാനുമാണ് തീരുമാനിച്ചത്.
അതുവരെയുള്ള കുടിശ്ശികയുടെ 40 ശതമാനം സാക്ഷരത മിഷനും 60 ശതമാനം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നൽകാനാണ് ഉത്തരവിൽ പറയുന്നത്. തുടർന്ന് ഏപ്രിൽ, മേയ് മാസങ്ങളിൽ പ്രേരക്മാർ 100 ശതമാനം വേതനം നൽകി. എന്നാൽ, ജൂൺ 25ന് ഇറങ്ങിയ ഉത്തരവിലെ അവ്യക്തത കാരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായ 60 ശതമാനം വേതനം മാത്രമാണ് പിന്നീട് ഭൂരിഭാഗം പഞ്ചായത്തുകളും നൽകിയത്. ബാക്കി തുക സാക്ഷരത മിഷൻ നൽകുമെന്നാണ് അധികൃതർ പ്രേരക്മാരോട് പറഞ്ഞത്. എന്നാൽ, സാക്ഷരത മിഷൻ ആ തുക ഇതുവരെ നൽകിയതുമില്ല.
ഓണത്തിന് മുമ്പ് സാക്ഷരത പ്രേരക്മാർക്ക് നൽകാനുള്ള വേതന കുടിശ്ശിക നൽകണമെന്ന് ദേശീയ സാക്ഷരത പ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രേരക്മാരുടെ വേതനം പൂർണമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്ക് യൂനിയൻ നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.