പ്ലോട്ടുകള്‍ വികസിപ്പിച്ച് വില്‍ക്കാന്‍ 'റെറ' രജിസ്ട്രേഷന്‍ നിര്‍ബന്ധം
text_fieldsകല്‍പറ്റ: വ്യവസായ- താമസാവശ്യങ്ങള്‍ക്കായി ഭൂമി പ്ലോട്ടുകളാക്കി തിരിച്ച് വില്‍പന നടത്തുന്നതിന് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്ന് കെ-റെറ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍ പറഞ്ഞു.
ആകെ 500 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ഭൂമി പ്ലോട്ടുകളാക്കി വികസിപ്പിച്ച് വിപണനം നടത്തുമ്പോള്‍ പൊതുവഴി ഉള്‍പ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി തദ്ദേശസ്ഥാപനത്തില്‍ നിന്ന് ആവശ്യമായ അനുമതി വാങ്ങിവേണം റെറയില്‍ രജിസ്റ്റര്‍ ചെയ്യാന്‍.
പ്ലോട്ടുകള്‍ക്കുപുറമെ, എട്ടു യൂനിറ്റിനു മുകളില്‍ വില്ലകള്‍, ഫ്ലാറ്റുകള്‍, വാണിജ്യ യൂനിറ്റുകള്‍, ഓഫിസുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ഗോഡൗണുകള്‍ തുടങ്ങിയവയെല്ലാം ഈ നിയമപ്രകാരം റിയല്‍ എസ്റ്റേറ്റ് പദ്ധതിയെന്ന നിര്‍വചനത്തില്‍ വരും. ജില്ലയില്‍ ഫ്ലാറ്റുകളും മറ്റും കുറവാണെന്നും പ്ലോട്ടുകളുടെ വികസിപ്പിക്കലും വില്‍പനയുമാണ് കൂടുതലെന്നും അദ്ദേഹം പറഞ്ഞു.
753 പദ്ധതികളും 256 ഏജന്‍റുമാരുമാണ് ഏപ്രില്‍ 30 വരെ കെ-റെറയില്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ രണ്ട് പ്രോജക്ടുകളും ആറ് ഏജന്‍റുമാരും മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകെ 1225 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 746 എണ്ണം തീര്‍പ്പാക്കി. അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ വിപണനം ചെയ്യുന്നതും ദീര്‍ഘകാല പാട്ടത്തിന് നല്‍കുന്നതും പിഴയീടാക്കാവുന്ന കുറ്റമാണ്.
രജിസ്റ്റര്‍ ചെയ്ത എല്ലാ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിര്‍മാണ പുരോഗതിയും rera.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത എല്ലാ പദ്ധതികളുടെയും ഭൂമിയുടെ രേഖകളും നിയമപ്രകാരമുള്ള അനുമതികളുമെല്ലാം ഇതിൽ ലഭ്യമാണ്.
പദ്ധതിയുടെ പേര്, ഡെവലപ്പര്‍, ജില്ല, താലൂക്ക്, വില്ലേജ് എന്നിങ്ങനെ വിവിധ തരത്തില്‍ പോര്‍ട്ടലില്‍ സെര്‍ച്ച് ചെയ്യാനാകും. കമ്പനിയുടെ മുന്‍കാല പ്രവര്‍ത്തനവും പദ്ധതിയുടെ വിലയും നിര്‍മാണ നിലവാരവും ലഭിച്ചിട്ടുള്ള അനുമതികളുമെല്ലാം പോര്‍ട്ടലില്‍ ലഭ്യമായതിനാല്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനും ചതിയില്‍ വീഴാതിരിക്കാനും കഴിയും. ഫ്ലാറ്റുകള്‍ വില്‍ക്കുന്നതിന് നിയമാനുസൃതമായ ഫോമില്‍ വില്‍പന കരാര്‍ എഴുതി രജിസ്റ്റര്‍ ചെയ്യാതെ ഉപഭോക്താവില്‍നിന്ന് 10 ശതമാനത്തിൽ കൂടുതൽ തുക മുൻകൂറായോ ആപ്ലിക്കേഷൻ ഫീസായോ വാങ്ങാൻ പാടില്ല. ഷെഡ്യൂള്‍ഡ് ബാങ്കിൽ ഓരോ പദ്ധതികൾക്കും പ്രത്യേകം അക്കൗണ്ട് തുടങ്ങുകയും മുന്‍കൂറായി വാങ്ങുന്ന തുകയുടെ 70 ശതമാനം അതത് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും വേണം.
എൻജിനീയർ, ആർക്കിടെക്ട്, ചാർട്ടേഡ് അക്കൗണ്ടന്‍റ് എന്നിവരുടെ നിയമാനുസൃത സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയതിനുശേഷം മാത്രമേ ഓരോ ഘട്ടത്തിലും ബാങ്കിൽ നിന്ന് തുക പിൻവലിക്കാവൂ. പരാതിയുള്ളവര്‍ക്ക് നിർദിഷ്ട രീതിയില്‍ അതോറിറ്റിയില്‍ കേസ് ഫയല്‍ ചെയ്യാവുന്നതാണ്.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമായി നടത്തിയ ബോധവത്കരണ പരിപാടിയില്‍ റെറ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍, അംഗം എം.പി. മാത്യൂസ്, വയനാട് സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കലക്ടര്‍ നിര്‍മല്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.