കോട്ടത്തറ-കാക്കഞ്ചാൽ റോഡ് നവീകരണം പുരോഗമിക്കുന്നു
text_fieldsകൽപറ്റ: കാൽനടയാത്രപോലും ദുസ്സഹമായിരുന്ന കോട്ടത്തറ-കാക്കഞ്ചാൽ റോഡ് നവീകരണം പുരോഗമിക്കുന്നു. പതിറ്റാണ്ടുകളായുള്ള യാത്രാദുരിതത്തിന് അറുതിയാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കോട്ടത്തറ-വേങ്ങപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
യാത്രയോഗ്യമല്ലാതെ, കാളപൂട്ട് കഴിഞ്ഞ വയലിന് സമാനമായി മഴക്കാലത്ത് മാറുന്ന റോഡാണ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നത്. 50 ശതമാനത്തിലധികം പ്രവൃത്തി പൂർത്തിയായി. ശരാശരി 7.5 മീറ്റർ വീതിയുള്ള റോഡിന്റെ നാല് മീറ്ററാണ് കോൺക്രീറ്റ് ചെയ്യുന്നത്.
പാർശ്വഭിത്തി നിർമാണവും കോൺക്രീറ്റും കഴിയുന്നതോടെ റോഡ് പൂർണമായും സഞ്ചാരയോഗ്യമാകും. മാർച്ചിന് മുമ്പുതന്നെ പ്രവൃത്തി പൂർണമായി പൂർത്തിയാക്കാനാവുമെന്ന് നിർമാണ കരാറുകാരൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, ടോറസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ സമരത്തിലായതിനാൽ നിർമാണ വസ്തുക്കൾ ലഭിക്കാത്തത് തിരിച്ചടിയാണെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. റോഡിനായി എത്തിച്ച മെറ്റീരിയൽ ഉപയോഗിച്ച് നിർമാണം നടക്കുന്നുണ്ട്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 2019ൽ കോട്ടത്തറ-കാക്കഞ്ചാൽ തെക്കുംതറ 1.850 കിലോമീറ്റർ റോഡ് നിർമാണത്തിന് അനുമതിയായത് നാട്ടുകാർക്ക് ആശ്വാസമായിരുന്നു.
ഏറെ കൊട്ടിഘോഷിക്കപ്പെടുകയും നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നൽകിയ വാഗ്ദാനമായിരുന്നു റോഡ് നവീകരണം. നിലവിലെ കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റനീഷിന്റെ വാർഡിലൂടെയാണ് റോഡ് കടന്നുപോകുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിലും റോഡ് ചർച്ചാവിഷയമായി. നിർമാണം ആരംഭിക്കുന്നതിൽ ടി. സിദ്ദീഖ് എം.എൽ.എയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും പ്രദേശവാസികളുടെ സജീവ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്.
ആദ്യം ടെൻഡർ വിളിച്ചപ്പോൾ ആരും പങ്കെടുക്കാതിരുന്നതോടെ വീണ്ടും വൈകിയ പദ്ധതി പിന്നീട് 2.5 കോടി രൂപക്കാണ് കരാറായത്. ഇക്കഴിഞ്ഞ മഴക്കാലത്തും വൻ ദുരിതമാണ് നാട്ടുകാർ അനുഭവിച്ചത്. മഴ മാറിയിട്ടും നിർമാണം തുടങ്ങാനുള്ള നീക്കമുണ്ടാവാതിരുന്നപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. റോഡ് യാഥാർഥ്യമാവുന്നതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.