ആതുര സേവന രംഗത്ത് ‘സാന്ത്വന’വുമായി കുടുംബശ്രീ മുന്നേറ്റം
text_fieldsകൽപറ്റ: ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾക്കായി നിത്യേന ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും യാത്ര ചെയ്യേണ്ടിവരുന്നത് രോഗികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ രംഗത്ത് കുടുംബശ്രീയുടെ ഇടപെടൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും പ്രശംസ ഏറ്റുവാങ്ങിയതും. വീടുകളിൽചെന്നും ബസ് സ്റ്റാൻഡും മറ്റും കേന്ദ്രീകരിച്ചും ജീവിത ശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനകൾ കുറഞ്ഞ ഫീസിൽ ചെയ്ത് കൊടുക്കുന്ന കുടുംബശ്രീ മിഷന്റെ ആതുരസേവന രംഗത്തെ മുന്നേറ്റം സാധാരണക്കാർക്ക് വലിയൊരു ആശ്വാസമാണ് നൽകുന്നത്. സാന്ത്വനമെന്ന പദ്ധതി കുടുംബശ്രീ ഉപജീവന പരിപാടികളുടെ കൂടി ഭാഗമായതോടെ നിരവധിപേർക്ക് തൊഴിലിനും ഒപ്പം സാധാരണക്കാർക്ക് ഈ സേവനം ഏറെ ഉപകാരപ്പെടുന്നതുമായി മാറി.
വയനാട്ടിൽ ആറു പേരടങ്ങുന്ന സാന്ത്വനം കുടുംബശ്രീ യൂനിറ്റ് കഴിഞ്ഞ എട്ടുവർഷമായി പ്രവർത്തിക്കുന്നുണ്ട്. ജില്ല മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യൂനിറ്റിലെ അംഗങ്ങൾ കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെ ബസ് സ്റ്റാൻഡുകളിൽ ജീവിതശൈലീ രോഗ പരിശോധനകൾ കുറഞ്ഞ നിരക്കിലാണ് ചെയ്യുന്നത്. ആവശ്യമായവർക്ക് വീടുകളിൽ പോയും പരിശോധന നടത്തിക്കൊടുക്കുന്നു.
കുടുംബശ്രീ, ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ (എച്ച്.എ.പി), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയുള്ള പ്രവർത്തനമാണ് സാന്ത്വനം. പ്രതിബദ്ധതയുള്ള ഒരുകൂട്ടം ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘടനയായ എച്ച്.എ.പി ഏഴു ദിവസത്തെ തീവ്രപരിശീലനം നൽകിയാണ് കുടുംബശ്രീ അംഗങ്ങളെ ഇതിനുവേണ്ടി തിരഞ്ഞെടുക്കുന്നത്.
പ്രകടനം മെച്ചപ്പെടുത്താൻ എല്ലാ വർഷത്തിലും ഇവർക്ക് പരിശീലനം നൽകുന്നുമുണ്ട്. സാന്ത്വനം ഗ്രൂപ്പുകൾ മേളകളിലും ഉത്സവങ്ങളിലും കുടുംബശ്രീ മുഖേന പ്രത്യേക സ്റ്റാളുകൾ ഒരുക്കി പരിശോധന നടത്താറുണ്ട്. ജീവിത തിരക്കുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജീവിതശൈലീ രോഗമുള്ളവർക്ക് ആവശ്യമായ സമയത്ത് വേഗത്തിൽ ഇത്തരം സാന്ത്വനം സെന്ററുകളിലൂടെ പരിശോധന നടത്താൻ സാധിക്കുമെന്നത് വലിയ നേട്ടമാണെന്ന് സാന്ത്വനം വളന്റിയറായ റോസമ്മ പറയുന്നു.
ആദിവാസികൾ ഉൾപ്പടെയുള്ള വിഭാഗത്തിൽ നിന്ന് പലപ്പോഴും ഫീസ് പോലും വാങ്ങിക്കാതെയാണ് പരിശോധന നടത്തിക്കൊടുക്കുന്നതെന്നും ഇവർ പറയുന്നു. പലപ്പോഴും വീടുകളിൽ അവശനിലയിൽ കഴിയുന്നവരെ സന്ദർശിച്ച് ഫീസ് പോലും വാങ്ങിക്കാതെ തന്നെ ആവശ്യമായ പരിശോധനകൾ നടത്തിക്കൊടുക്കാറുണ്ട്. മറ്റു ജില്ലകളിൽ നിരവധി സാന്ത്വന യൂനിറ്റുകൾ കുടുംബശ്രീക്ക് ഉണ്ടെങ്കിലും വയനാട്ടിൽ ഒന്ന് മാത്രമാണ് നിലവിലുള്ളത്. സേവന സ്വീകര്‍ത്താവിനെ സംബന്ധിച്ച് സമയവും ഒപ്പം യാത്രാക്കൂലി ഉള്‍പ്പെടെ വലിയ ചെലവ് കുറക്കാനും ഇത്തരം സാന്ത്വന കേന്ദ്രങ്ങളെ ആശ്രയിക്കുന്നതിലൂടെ സാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.