വിദ്യ തരംഗിണി വായ്പ ഉത്തരവിലെ അവ്യക്തത; പണം നൽകാൻ മടിച്ച് ബാങ്കുകൾ
text_fieldsകൽപറ്റ: ഓൺലൈൻ പഠനം കാര്യക്ഷമമാക്കുന്നതിൻെറ ഭാഗമായി സ്മാർട്ട് ഫോൺ സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ഫോൺ നൽകുന്ന സഹകരണ വകുപ്പിൻെറ വിദ്യ തരംഗിണി വായ്പ പദ്ധതിയിലെ അവ്യക്തതകൾ കാരണം വായ്പ നൽകാൻ മടിച്ച് ബാങ്കുകൾ. സഹകരണ ബാങ്കുകളുടെ പരിധിയിൽ അർഹരായ കുട്ടികൾക്ക് പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിനൊപ്പം അപേക്ഷ നൽകിയാൽ മൊബൈൽ ഫോൺ വാങ്ങാൻ ആവശ്യമായ 10,000 രൂപ നൽകണമെന്നാണ് ഉത്തരവ്.
എന്നാൽ, ബാങ്കിൽ ബന്ധപ്പെടുന്ന പല വിദ്യാർഥികൾക്കും ഉത്തരവിലെ അവ്യക്തത കാരണം പണം നൽകാൻ മടിക്കുകയാണ് ബാങ്ക് അധികൃതർ. നിലവിൽ എ ക്ലാസ് മെംബർമാർക്കാണ് ബാങ്ക് വായ്പ അനുവദിക്കുന്നത്.
വിദ്യാർഥികൾ ഒരു ബാങ്കിലും എ ക്ലാസ് അംഗങ്ങളല്ല. ഇനി രക്ഷിതാവിനാണ് വായ്പ കൊടുക്കുന്നതെങ്കിൽ ബാങ്കിൽ മെംബർ ആയതിനുശേഷം മാത്രമേ പണം നൽകാനാകൂ. ജില്ലയിലെ 28 പ്രാഥമിക സഹകരണ സംഘങ്ങളിൽ ലാഭകരമല്ലാത്ത നിരവധി ബാങ്കുകൾ ഉണ്ട്. ഇവർ സംസ്ഥാന സഹകരണ ബാങ്ക് അനുവദിക്കുന്ന വിവിധ ഉദ്ദേശ വായ്പകൾ വിതരണം ചെയ്താണ് മുന്നോട്ടുപോകുന്നത്. ഈ വായ്പകൾക്ക് ഒമ്പതു മുതൽ 11 ശതമാനം വരെ പലിശ പ്രാഥമിക സംഘങ്ങൾ കേരള ബാങ്കിന് നൽകണം.
ഇത്തരത്തിലുള്ള തുകയിൽനിന്ന് ഓരോ ബാങ്കും വിദ്യാ തരംഗിണി വായ്പക്ക് അഞ്ചു ലക്ഷം രൂപ പലിശരഹിതമായി ചെലവഴിക്കുമ്പോൾ അതിൻെറ പലിശ ബാങ്ക് എവിടന്നു കണ്ടെത്തും എന്നതും ഉത്തരവിൽ അവ്യക്തമാണ്. ജൂൺ 23നാണ് ഉത്തരവിറങ്ങുന്നത്. 25 മുതൽ വായ്പ നൽകാമെന്നാണ് ഉത്തരവിൽ പറയുന്നത്. സഹകരണ സംഘങ്ങളുടെ ബോർഡ് മീറ്റിങ് ചേർന്നു തീരുമാനം എടുത്തിട്ടാണ് പദ്ധതി നടപ്പാക്കേണ്ടത് എന്നിരിക്കെ ഉത്തരവിറക്കി രണ്ടാം ദിവസം തന്നെ വായ്പ അനുവദിക്കുന്നതാണ് എന്നു പറയുന്നതും നിലവിലുള്ള രീതികളുമായി യോജിച്ചു പോകുന്നതല്ലെന്ന് അധികൃതർ പറയുന്നു.
കോവിഡ് കാലത്ത് തിരിച്ചടവ് കുറഞ്ഞിട്ടുണ്ടെന്ന ബാങ്കിങ് മേഖലയിലെ വിലയിരുത്തലിന് തൊട്ടുപിറകെയാണ് തിരിച്ചടച്ചില്ലെങ്കിൽ എന്ത് നടപടി സ്വീകരിക്കാൻ കഴിയും എന്ന് വ്യക്തതയില്ലാതെ ഓരോ ബാങ്കും അഞ്ചു ലക്ഷം രൂപ കൊടുക്കണമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും ബോർഡ് അംഗങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.