ഉരുൾ ദുരന്ത പുനരധിവാസം; പടവെട്ടിക്കുന്ന് ഭാഗത്തെ കുടുംബങ്ങൾ പ്രത്യക്ഷ സമരത്തിന്
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട് ചൂരൽ മല സ്കൂൾ റോഡിലെ പടവെട്ടിക്കുന്ന് ഭാഗത്തെ കുടുംബങ്ങൾ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു.
പുനരധിവാസ പദ്ധതിയിൽ 27 കുടുംബങ്ങളെ തഴഞ്ഞ സർക്കാർ നടപടിക്കെതിരെ സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി കലക്ടറേറ്റിന് മുന്നിൽ സമരം നടത്തുമെന്നും ചൂരൽമലയിൽ കുടിൽ കെട്ടി സമരം നടത്തുമെന്നും പ്രദേശവാസികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
അതീവ ദുരന്ത സാധ്യതാ പ്രദേശമായിട്ടും ടൗൺഷിപ് പദ്ധതിയിൽ നിന്ന് പ്രദേശത്തെ കുടുംബങ്ങളെ ഒഴിവാക്കിയിരിക്കുകയാണ്. പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളുടെ മൂന്ന് പട്ടികകളിലും ഉൾപ്പെടാതെ 27 കുടുംബങ്ങളാണ് പ്രദേശത്തുള്ളത്. ഇവർക്ക് പ്രദേശത്തേക്ക് രണ്ടര കലോമീറ്റർ റോഡ് നിർമിക്കുമെന്നാണ് പറയുന്നത്.
എന്നാൽ, ഉരുൾ സാധ്യത ഭീഷണിയുള്ള പ്രദേശത്തേക്ക് കോടികൾ മുടക്കി റോഡ് നിർമിക്കുന്നതിനുപകരം പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത്. കനത്ത മഴ പെയ്യുമ്പോൾ എല്ലാ വർഷവും പ്രദേശത്തുകാരെ ദുരിതാശ്വസ ക്യാമ്പിലേക്ക് മാറ്റുക പതിവാണ്. ഉരുൾ ദുരന്തത്തിൽ റോഡ് തകർന്നതോടെ ഒറ്റപ്പെട്ടു പോയ പ്രദേശത്തെ 30 വീടുകളിൽ നോ ഗോ സോണിൽ നിന്ന് 50 മീറ്റർ പരിധിയിലെ വീടുകളെ പരിഗണിച്ചപ്പോൾ രണ്ടാം ഘട്ട ബി പട്ടികയിൽ മൂന്ന് വീടുകൾ മാത്രമാണ് ഉൾപ്പെട്ടത്.
പുനരധിവസിപ്പിക്കുമെന്ന് നേരത്തെ പ്രദേശങ്ങളിലെ കുടുംബങ്ങളെ അറിയിച്ചിരുന്നെങ്കിലും പിന്നീട് അവഗണിക്കുകയായിരുന്നു. ദുരന്ത സാധ്യത വിലയിരുത്തിയ അധികൃതർ 2020ൽ പ്രദേശത്തിന് മുകൾഭാഗത്തുണ്ടായ ഉരുൾപൊട്ടൽ പ്രദേശം സന്ദർശിക്കുകയോ പരിശോധിക്കുകയോ ചെയ്യാതെയാണ് സുരക്ഷിത മേഖലയിൽ ഉൾപ്പെടുത്തിയത്. തിരിച്ചുപോകേണ്ടി വന്നാൽ കുട്ടികളുടെ പഠനം ഉൾപ്പെടെ പ്രതിസന്ധിയിലാകും. ദുരന്തത്തിന് ശേഷം കുടുംബങ്ങൾ മാറിത്താമസിച്ചതിനാൽ പ്രദേശത്ത് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്. പ്രദേശത്തേക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കോടികൾ ചെലവാകും. എന്നാൽ ഇത്രയും കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് ഇത്ര ചെലവുണ്ടാകില്ല.
എന്നിട്ടും കുടുംബങ്ങളെ അപകട ഭീഷണി ഏറെയുള്ള പ്രദേശത്ത് തുടരാൻ നിർബന്ധിക്കുന്നത് വരാനിരിക്കുന്ന വർഷകാലങ്ങളിൽ കുടുംബങ്ങളെ മരിക്കാനായി വിട്ടുകൊടുക്കുന്ന തീരുമാനമാണ്.
നീക്കം അവസാനിപ്പിച്ച് പ്രദേശത്തെ കുടുംബങ്ങളുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച കുടുംബങ്ങൾ നൽകിയ പരാതി പരിഗണിക്കാമെന്ന് ജില്ല കലക്ടർ ഉറപ്പുനൽകിയെങ്കിലും വാക്കുപാലിച്ചില്ല. ജീവിതകാല സാമ്പാദ്യം കൊണ്ട് നിർമിച്ച വീടുകളിൽ ഭയമില്ലാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ജനവാസ യോഗ്യമല്ലാത്ത സ്ഥലത്തേക്ക് വീണ്ടും പ്രദേശത്ത് തുടരാൻ നിർബന്ധിക്കുന്നതിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ നടക്കുന്നതായി സംശയിക്കുന്നതായും ഇവർ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സി.എം അബ്ദുൽ റഫീഖ്, സി.എം. യൂനുസ്, പി.കെ.അരുൺ, എം. ഷഫീഖ്, പി. നസീർ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.