കോഫി ബോർഡ് സബ്സിഡിക്ക് അപേക്ഷകരുടെ ബാഹുല്യം
text_fieldsകൽപറ്റ: കാപ്പി കർഷകർക്കുള്ള കോഫി ബോർഡ് സബ്സിഡിക്ക് വയനാടിനായി ആകെ അനുവദിച്ചത് 13.4 കോടി രൂപ. എന്നാൽ, ഈ തുകയുടെ ഇരട്ടി തുകക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. സബ്സിഡിക്കായി അപേക്ഷ നൽകാൻ വ്യാപകമായി അധികൃതർ ബോധവത്കരണം നടത്തിയതോടെ മുൻകാലങ്ങളിൽനിന്ന് ഭിന്നമായി നിരവധി അപേക്ഷകളാണ് എത്തിയത്.
ഇതോടെ പലർക്കും സബ്സിഡി കിട്ടാത്ത അവസ്ഥ വരുമെന്ന ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചിലർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ, അപേക്ഷകരുടെ ബാഹുല്യമുണ്ടെങ്കിലും കർഷകരെ നിരാശരാക്കാതെ രണ്ട് ഘട്ടമായി സബ്സിഡി വിതരണം ചെയ്യാനാണ് തീരുമാനമെന്ന് കോഫി ബോർഡ് അധികൃതർ അറിയിച്ചു. ഇത് വയനാട്ടിലെ കാപ്പി കർഷകർക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ചരിത്രത്തിലാദ്യമായി വയനാട് ജില്ലയിലെ കാപ്പി കർഷകർക്ക് മാത്രമായി 13.4 കോടി രൂപയാണ് സബ്സിഡി പദ്ധതികൾക്കായി കോഫി ബോർഡ് വകയിരുത്തിയത്. തുക ലാപ്സാകാതിരിക്കാൻ വിപുലമായ ബോധവത്കരണവും നടത്തി. കർഷകരെ കൂടാതെ കർഷക താൽപര്യ സംഘങ്ങൾ, എഫ്.പി.ഒകൾ എന്നിവർക്കും ഇത്തവണ സബ്സിഡിക്ക് അപേക്ഷ നൽകാൻ അവസരമുണ്ടായിരുന്നു.
കാപ്പി വില വർധനകൂടി ആയതോടെ കൂടുതൽ കർഷകർ കാപ്പിക്കൃഷിയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു. പഴയ തോട്ടത്തിലെ പ്രായമായ ചെടികൾ വെട്ടിമാറ്റി പുതിയവ വെച്ചുപിടിപ്പിക്കാനും നിലവിലുള്ള തോട്ടങ്ങൾക്ക് ജലസേചനത്തിനുമൊക്കെയായി കർഷകരെല്ലാം അപേക്ഷ നൽകി. ഇതോടെയാണ് ആകെ 23 കോടി രൂപക്കുള്ള അപേക്ഷകൾ കോഫി ബോർഡിൽ ലഭിച്ചത്.
ആദ്യഘട്ടത്തിൽ സെപ്റ്റംബർ 30 വരെ അപേക്ഷ നൽകിയ ക്രമപ്രകാരം ആദ്യ അപേക്ഷകർക്ക് ഈ വർഷവും ബാക്കി വരുന്ന അപേക്ഷകർക്ക് അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലും സബ്സിഡി നൽകാനാണ് കോഫി ബോർഡ് ഒരുങ്ങുന്നതെന്ന് ജോ. ഡയറക്ടർ ഡോ. എം. കറുത്തമണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.