ഒരുങ്ങാം; ഓൺലൈൻ ക്ലാസിലേക്ക്
text_fieldsകൽപറ്റ: ഇത്തവണയും അധ്യയന വർഷം ആരംഭിക്കുന്നത് ഓൺലൈനിലൂടെ. കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ, ടി.വി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാണോ എന്ന് ഉറപ്പുവരുത്താനായി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പുതിയ അധ്യയന വര്‍ഷാരംഭവുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്തിെൻറയും വിദ്യാഭ്യാസ വകുപ്പിെൻറയും നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപന മേധാവികളുടെയും വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് കര്‍മ പദ്ധതി തയാറാക്കി.
ജൂണ്‍ ഒന്നിന് ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും ഓണ്‍ലൈനായി പ്രവേശനോത്സവം സംഘടിപ്പിക്കും. പുതുതായി പ്രവേശനം നേടിയവരുള്‍പ്പെടെ കുട്ടികള്‍ വീടുകളില്‍ നിന്ന് ഓണ്‍ലൈനായി പ്രവേശനോത്സവത്തില്‍ പങ്കാളികളാവും. ജൂണ്‍ ഒന്നിന് രാവിലെ 11ന് സ്കൂള്‍തല പ്രവേശനോത്സവം വിദ്യാലയങ്ങളില്‍ ആരംഭിക്കും. കൂടുതല്‍ കുട്ടികളുള്ള വിദ്യാലയങ്ങളില്‍ സ്കൂള്‍തല പരിപാടിയുടെ തുടര്‍ച്ചയായി ക്ലാസ്തല പരിപാടികളും സംഘടിപ്പിക്കും. അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികളും രക്ഷിതാക്കളും വെര്‍ച്വലായി ഒത്തുചേരും.
കുട്ടികള്‍ സ്വാഗതഗാനവും കലാപരിപാടികളുമൊരുക്കി പുതിയ കുട്ടികളെ വരവേല്‍ക്കും. ജനപ്രതിനിധികള്‍ ആശംസകളര്‍പ്പിക്കും. പ്രവേശനോത്സവത്തിെൻറ ആസൂത്രണത്തിനായി മുഴുവന്‍ സ്കൂളുകളിലും ഓണ്‍ലൈന്‍ എസ്.ആര്.ജി യോഗങ്ങള്‍ ചേര്‍ന്ന് തയാറെടുപ്പുകള്‍ നടത്തും.
പ്രവേശനം ഉറപ്പാക്കാൻ കാമ്പയിൻ
മുഴുവന്‍ കുട്ടികളുടെയും സ്കൂള്‍ പ്രവേശനം ഉറപ്പുവരുത്താന്‍ സമ്പൂര്‍ണ സ്കൂള്‍ പ്രവേശന കാമ്പയിൻ സംഘടിപ്പിക്കും. മുഴുവന്‍ ഗോത്ര വിദ്യാര്‍ഥികളും സ്കൂള്‍ പ്രവേശനം നേടിയെന്നുറപ്പാക്കുന്നതിനായി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പ്രത്യേകം പ്രവര്‍ത്തനം സംഘടിപ്പിക്കും. പുതിയ അധ്യയന വര്‍ഷത്തില്‍ വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ക്ലാസുകള്‍ക്ക് പുറമേ സ്കൂള്‍തലത്തില്‍ അധ്യാപകര്‍ കുട്ടികളുമായി നേരിട്ട് സംവദിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളും നടത്തും.
ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കുന്നതിന് പ്രാദേശിക ഇടപെടല്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഉറപ്പാക്കും. ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലാത്ത കുട്ടികളുടെ വിവരം ശേഖരിക്കുന്ന നടപടി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. പാഠപുസ്തകങ്ങള്‍ 60 ശതമാനവും സ്കൂള്‍ സൊസൈറ്റികളില്‍ എത്തിച്ചിട്ടുണ്ട്. യോഗം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി. ലീല അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം. മുഹമ്മദ് ബഷീര്‍, ജില്ല പഞ്ചായത്തംഗം സുരേഷ് താളൂര്‍, എ.കെ. റഫീക്ക്, പി.എം. ആസ്യ, സി.കെ. ശിവരാമന്, ടി.കെ. അബ്ബാസലി, പി.ജെ. ബിനേഷ്, കോഓഡിനേറ്റര്‍ വിത്സണ് തോമസ്, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.എം. ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.