ഒരുമിക്കാം, വരള്‍ച്ചയെ നേരിടാം
text_fieldsകൽപറ്റ: വരള്‍ച്ച പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കാര്യക്ഷമമാക്കണമെന്ന് ജില്ല കലക്ടര്‍ ഡോ.രേണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല വികസന സമിതി.
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണമെന്ന് കലക്ടർ നിർദേശം നൽകി. ജല ലഭ്യത ഉറപ്പാക്കാന്‍ ജല സ്രോതസ്സുകള്‍ സംബന്ധിച്ച് ജലവകുപ്പ് കര്‍മ്മ പദ്ധതി രൂപവത്കരിക്കണം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് തയാറെടുപ്പുകള്‍ നടത്തണം.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷക്ക് മുന്നോടിയായി സ്കുളുകളില് സൗകര്യം ഒരുക്കാന്‍ കലക്ടർ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറോട് ആവശ്യപ്പെട്ടു. ഓഫിസുകളിലെ മാലിന്യ നിര്‍മാർജന പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമത ഉറപ്പാക്കണം. ഇക്കാര്യത്തിലെ പരിശോധന തുടരാനും തീരുമാനമായി.
ബോട്ടുകളില്‍ സുരക്ഷിത യാത്രയൊരുക്കണം
കൽപറ്റ: ടൂറിസ്റ്റ്, യാത്ര ബോട്ടുകളിലെ സുരക്ഷിത യാത്രക്ക് ബോട്ടുടമസ്ഥന്‍, മാസ്റ്റര്‍, യാത്രക്കാര്‍ എന്നിവര്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. യാത്ര ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന ബോട്ടിന് നിയമപ്രകാരം രജിസ്ട്രേഷന്, സർവേ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
ബോട്ടിലെ ജീവനക്കാര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ പാലിക്കണം. പ്രവേശനാനുമതിയുള്ള സ്ഥലങ്ങളില്‍ മാത്രമേ യാത്രക്കാര്‍ പ്രവേശിക്കാന്‍ പാടുള്ളു. ബോട്ടിലെ അപ്പര്‍ ഡെക്കില്‍ ജീവനക്കാരുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമേ പ്രവേശിക്കാവൂ.
അപകട സാധ്യതയുണ്ടെന്ന് മനസ്സിലാകുന്ന സാഹചര്യത്തില്‍ പരിഭ്രാന്തരാകുകയോ ബോട്ടിന്റെ ഒരുവശത്തേക്ക് നീങ്ങുകയോ ചെയ്യാതെ ബോട്ടിലെ ജീവനക്കാര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പ്ലാസ്റ്റിക്ക് കുപ്പികളിലെ വെള്ളം, പ്ലാസ്റ്റിക്ക് കുപ്പികളിലെ ഭക്ഷണ സാധനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് പകരം പരമാവധി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.
യാത്രയില്‍ അഗ്നിബാധയുണ്ടാകാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിക്കരുത്. ബോട്ടിലെ അനുവദനീയമായ യാത്രക്കാരുടെ എണ്ണം പരിശോധിച്ച് ഉറപ്പ് വരുത്തണം. കൂടുതല്‍ യാത്രക്കാര്‍ ബോട്ടിലുള്ള പക്ഷം അത് ബോട്ടിലെ ജീവനക്കാരെയോ യാത്രക്കാരെയോ അറിയിക്കണം.
മറ്റ് തീരുമാനങ്ങളും നിർദേശങ്ങളും
- സി.എസ്.ആര് പ്രോജക്ടുകളുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കും.
- നെല്ലാറച്ചാല്‍ ടൂറിസം വികസന കേന്ദ്രത്തിന് നമ്പര്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് റവന്യൂ-ടൂറിസം വകുപ്പുകളുടെ നേതൃത്വത്തില്‍ സമയബന്ധിതമായി സംയുക്ത പരിശോധന നടത്തണം.
- വനം-വന്യജീവി സംരക്ഷണ നിയമത്തില്‍ കാലാനുസൃത മാറ്റം വരുത്തുന്നതിന് കേന്ദ്രത്തോട് ശിപാര്‍ശ ചെയ്യാന്‍ വനം വകുപ്പ് കത്ത് നല്‍കണം.
- അമ്പലവയല്‍ കാരാപ്പുഴ റോഡ് പ്രവൃത്തിക്ക് 90 ലക്ഷം രൂപയുടെ സാങ്കേതിക അനുമതി നല്കി. ടെണ്ടര്‍ നടപടി പൂര്‍ത്തിയായി.
- കാക്കവയല്‍-വാഴവറ്റ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പുരോഗമിക്കുന്നു.
- വയനാട് വന്യജീവി സങ്കേതത്തിനും ജനവാസകേന്ദ്രങ്ങളിലും പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് നബാര്‍ഡ് ആര്.ഐ.ഡി.എഫ് സമഗ്ര പദ്ധതി തയാറാക്കുന്നുണ്ട്. റിപ്പോര്‍ട്ട് സമയബന്ധിതമായി നല്‍കും.
- എസ്.എസ്.എല്‍.സി പരീക്ഷക്ക് മുന്നോടിയായി സ്കൂളുകളില്‍ നടത്തിയ റസിഡന്‍ഷ്യല്‍ ക്യാമ്പുകളുടെ കുടിശ്ശിക തുക വിതരണം ചെയ്യും.
- മാവിലാംതോട് പഴശ്ശി സ്മാരകം-ചീങ്ങേരി എന്നീ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും.
- മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളിയില്‍ 33 ഏക്കര്‍ സ്ഥലം വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് വനം വകുപ്പ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം.
- പ്രിയദര്‍ശിനി ടി എസ്റ്റേറ്റിലെ കാഞ്ഞിരങ്ങാട് യൂനിറ്റിലെ റോഡ് ഗതാഗത യോഗ്യമാക്കുന്നതുമായ ബന്ധപ്പെട്ട വിഷയത്തില്‍ നോര്‍ത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് പരിശോധന നടത്തണം.
- സുല്‍ത്താന്‍ബത്തേരി ചുങ്കം ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്നതിന് സ്വകാര്യഭൂമി ഏറ്റെടുക്കല്‍ സാധ്യത പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണം. -എം.പിയുടെ ഫണ്ടില്‍ നിന്നും ജില്ലയിലെ അഞ്ച് സ്കൂളുകള്‍ക്ക് അനുവദിച്ച ബസ് ലഭ്യമായതായും രണ്ട് സ്കൂളുകള്‍ക്ക് ഉടന്‍ തന്നെ ബസുകള്‍ ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.