ലൈഫ് ഭവന പദ്ധതി: വയനാട് ജില്ലയിൽ 21,246 അപേക്ഷകർ വീടിന് അർഹർ
text_fieldsകൽപറ്റ: ലൈഫ് ഭവന പദ്ധതിയിലേക്ക് അപേക്ഷിച്ചവരുടെ പരിശോധന സംസ്ഥാനത്ത് ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിച്ച് വയനാട് ജില്ല. ആദ്യഘട്ടത്തില്‍ പഞ്ചായത്ത്തലത്തില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും രണ്ടാം ഘട്ടത്തില്‍ ജില്ല കലക്ടര്‍ നിയോഗിച്ച ഉദ്യോഗസ്ഥരും നടത്തിയ ഓണ്‍ലൈന്‍ പരിശോധനയില്‍ ആകെയുള്ള 38,130 അപേക്ഷകരില്‍നിന്ന് 21,246 പേര് യോഗ്യത നേടി. കേരള സര്‍ക്കാറിെൻറ ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിയിലൂടെ ജില്ലയില്‍ ഇതിനോടകം 4,718 കുടുംബങ്ങളുടെ അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ട്.
നിലവിലുള്ള ലൈഫ് ഗുണഭോക്തൃ പട്ടികയില്‍ ഉള്പ്പെടാനാകാതെപോയ അര്‍ഹരായ ഭൂരഹിത, ഭവനരഹിത കുടുംബങ്ങളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചതിന് 38,130 അപേക്ഷകള്‍ ജില്ലയില്‍ ലഭിച്ചു. അപേക്ഷകളുടെ ഒന്നാംഘട്ട പരിശോധന കഴിഞ്ഞ് ജില്ലയില്‍ 23,798 അപേക്ഷകരുണ്ടായിരുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മാര്‍ച്ച് 18ന് പുന:പരിശോധന ആരംഭിച്ചു. ശേഷം ജില്ലയില്‍ 21,246 ഗുണഭോക്താക്കളെ അര്‍ഹരായി കണ്ടെത്തി. ഇതില്‍ 5589 പേര് ഭൂരഹിത ഭവനരഹിതരും 15,657 പേര് ഭവനരഹിതരുമാണ്. ഏറ്റവും കൂടുതല്‍ അര്‍ഹരായ ഗുണഭോക്താക്കളുള്ളത് മേപ്പാടി ഗ്രാമ പഞ്ചായത്തിലാണ്, 1454 പേര്. ഏറ്റവും കുറച്ച് ഗുണഭോക്താക്കളെ കണ്ടെത്തിയത് തരിയോട് ഗ്രാമ പഞ്ചായത്തിലാണ്, 257 പേര്. അന്തിമ കരട് പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും.
ഇതിലുള്ള ആക്ഷേപങ്ങള്‍ കേള്‍ക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് ഏഴു ദിവസം സമയം അനുവദിക്കും. തുടര്‍ന്ന് ഗ്രാമസഭ, തദ്ദേശ സ്ഥാപനസമിതി എന്നിവരുടെ അനുമതിയോടെ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.