ആദിവാസി കോളനികളിലെ ലോണ്‍ തട്ടിപ്പ്; ടി. സിദ്ദീഖ് എം.എല്‍.എ മന്ത്രിക്ക് നിവേദനം നൽകി
text_fieldsകല്പറ്റ: ഗോത്രവര്‍ഗ വിഭാഗക്കാരുടെ പേരില്‍ ലോണ്‍ എടുത്ത് തട്ടിപ്പ് നടത്തുന്ന ആളുകള്‍ക്കെതിരെയും ധനമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ പട്ടികജാതി-പട്ടികവര്‍ഗ വികസന മന്ത്രി കെ. രാധാകൃഷ്ണന് നിവേദനം നല്കി. വയനാട്ടില്‍ ഗോത്ര വിഭാഗങ്ങളെ കുരുക്കിലാക്കി വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നുവരുന്നുണ്ട്.
ഗോത്ര വിഭാഗങ്ങള്‍ മുഖേന വായ്പ വാങ്ങി പുറത്തുനിന്നുള്ള സംഘം തട്ടിയെടുക്കുന്നത് ലക്ഷങ്ങളാണ്. വര്‍ഷങ്ങളായി തുടരുന്ന തട്ടിപ്പിനിടെ കടബാധിതരായത് നൂറുകണക്കിന് ഗോത്രവര്‍ഗ വിഭാഗക്കാരാണ്. ജില്ലയിലെ അതിദരിദ്ര ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പു സംഘത്തിന്റെ പ്രവര്‍ത്തനം. വായ്പയാണെന്ന് പോലും അറിയാതെ കെണിയില്‍ ചെന്നു ചാടിയ നിരക്ഷരരായ നൂറുകണക്കിന് ഗോത്രവര്‍ഗ വിഭാഗക്കാര്‍ ജില്ലയിലുടനീളമുണ്ട്.
മുന്‍ വര്‍ഷങ്ങളിലെല്ലാം ഇങ്ങനെ വിവിധ കോളനികളിലായി വായ്പാ കുരുക്കിലകപ്പെട്ട ഇവര്‍ ഇപ്പോള്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതജീവിതമാണ്. ഗോത്രവര്‍ഗ വിഭാഗക്കാരുടെ അറിവില്ലായ്മയും ദാരിദ്ര്യവും മുതലെടുത്ത് ഇടനിലക്കാരും വട്ടിപ്പലിശയിടപാടുകാരും വിവിധ തട്ടിപ്പു സംഘങ്ങളും നടത്തിവരുന്ന സാമ്പത്തിക ചൂഷണങ്ങള്‍ക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്നും പാര്ശ്വവൽകരിക്കപ്പെട്ട ഗോത്ര വിഭാഗങ്ങളെ ഇത്തരം ചൂഷണങ്ങളില്‍ നിന്നും പരിരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു.
വിഷയത്തില്‍ പൊലീസ് അന്വേഷണം സമഗ്രമായി ഉണ്ടാവുമെന്നും ജില്ല പൊലീസ് മേധാവിയെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തുമെന്നും മന്ത്രി എം.എല്‍.എക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.