നാട്ടുകാർക്ക് പതിറ്റാണ്ടുകളായി യാത്രാദുരിതം; കാൽനടപോലും സാധ്യമാകാതെ കോട്ടത്തറ-കാക്കഞ്ചാൽ റോഡ്
text_fieldsകൽപറ്റ: റോഡ് ഉടനെ നന്നാക്കുമെന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മറുപടി കേൾക്കുമ്പോൾ കോട്ടത്തറ-കാക്കഞ്ചാൽ നിവാസികൾക്ക് ഇപ്പോൾ ഒരേസമയം ചിരിയും രോഷവുമാണ്. വർഷങ്ങളായുള്ള വാഗ്ദാനം വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ ഉയരുന്ന ചിരിയാണ് കാൽനടയാത്രപോലും ദുസ്സഹമായ റോഡിനെക്കുറിച്ച് ഓർക്കുമ്പോൾ രോഷമായി മാറുന്നത്.
പതിറ്റാണ്ടുകളായി യാത്രാ സൗകര്യമില്ലാതെ ഇത്രയും പ്രയാസപ്പെടുന്നവർ ജില്ലയിൽ മറ്റിടങ്ങളിൽ ഉണ്ടാവില്ലെന്നാണ് ഈ റോഡിനെ ആശ്രയിക്കുന്നവർ പറയുന്നത്. കോട്ടത്തറ-വേങ്ങപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് സഞ്ചാരയോഗ്യമല്ലാത്തത്.
കാളപൂട്ട് കഴിഞ്ഞ വയലിന് സമാനമാണ് മഴക്കാലത്ത് ഈ റോഡിന്‍റെ അവസ്ഥ. മുട്ടോളം ചളി പുരണ്ടല്ലാതെ നടന്നുപോവാൻ കഴിയില്ല. വർഷകാലത്ത് ഇതിലൂടെ വാഹനയാത്ര വെറും സ്വപ്നം മാത്രമാണ്.
ആദിവാസി കോളനിയിലേക്കടക്കം എത്തിപ്പെടാനുള്ള വഴിയാണ് അധികൃതരുടെ നിരന്തര അവഗണന കാരണം ഉപയോഗപ്രദമല്ലാതെ കിടക്കുന്നത്. വിവിധ കൃഷികൾ ചെയ്തുവരുന്ന പ്രദേശമാണിത്.
കാർഷിക വിളകൾ മാർക്കറ്റിൽ കൊണ്ടുപോകാൻ ഇതുവഴി വാഹനമെത്താത്തതും കർഷകരെ ദുരിതത്തിലാക്കുന്നു. അത്യാവശ്യ സന്ദർഭങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ വൻ പ്രയാസമാണ് പ്രദേശത്തെ കുടുംബങ്ങൾ അനുഭവിക്കുന്നത്.
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപെടുത്തി 2019ൽ കോട്ടത്തറ-കാക്കഞ്ചാൽ തെക്കുംതറ 1.850 കിലോമീറ്റർ റോഡ് നിർമാണത്തിന് അനുമതിയായത് നാട്ടുകാർക്ക് ആശ്വാസമായിരുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെടുകയും നിയസഭ തെരഞ്ഞെടുപ്പിൽ വരെ ഇടതുമുന്നണി ഉപയോഗപ്പെടുത്തുകയും ചെയ്ത വാഗ്ദാനം.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഈ റോഡ് സജീവ ചർച്ചാവിഷയമായിരുന്നു. ആദ്യം ടെൻഡർ വിളിച്ചപ്പോൾ ആരും പങ്കെടുക്കാത്തതിനെ തുടർന്ന് 2021 മാർച്ചിൽ പദ്ധതി റീ ടെൻഡർ ചെയ്തു. ഈ സമയത്താണ് നിയസഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽവന്നത്.
ഇതോടെ വീണ്ടും വൈകിയ പദ്ധതി ഒമ്പത് മാസം മുൻപാണ് 2.5 കോടി രൂപക്ക് കരാറായത്. ഇതുവരെ അഞ്ചോളം കൽവർട്ടുകളുടെ നിർമാണം മാത്രമാണ് നടന്നത്. മഴക്കാലമായതിനാലാണ് പ്രവൃത്തി കഴിഞ്ഞ മാസങ്ങളിൽ നിർത്തിവെച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
ഇക്കഴിഞ്ഞ മഴക്കാലത്തും വൻ ദുരിതമാണ് നാട്ടുകാർ അനുഭവിച്ചത്. മഴ മാറിയിട്ടും നിർമാണം തുടങ്ങാനുള്ള നീക്കമുണ്ടാവാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. വൻ പ്രചാരണം നൽകി പ്രഖ്യാപിച്ച പ്രളയാനന്തര പുനർനിർമിതി പദ്ധതികൾക്ക് സർക്കാർ ഫണ്ട് ലഭിക്കാത്തത് നിർമാണം ഇനിയും വൈകിപ്പിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതേസമയം, അടുത്ത ആഴ്ചയിൽതന്നെ നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് കരാറുകാരൻ അറിയിച്ചതായി വാർഡംഗവും കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. രനീഷ് 'മാധ്യമ'ത്തോട് പറഞ്ഞു. മഴകാരണം നിർമാണ വസ്തുക്കൾ ഇവിടെ എത്തിക്കാൻ കഴിയാത്തതിനാലാണ് പ്രവൃത്തി വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.