ഇന്ന് റോഡ് ഷോ മേളം, തെരഞ്ഞെടുപ്പ് ചൂടാളും
text_fieldsകൽപറ്റ: യു.ഡി.എഫിനായി സിറ്റിങ് എം.പി രാഹുൽ ഗാന്ധി, എൽ.ഡി.എഫിനായി സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനിരാജ, എൻ.ഡി.എക്കായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഇതാണ് വയനാട് ലോക്സഭ മണ്ഡലത്തിലെ ലൈനപ്പ്. സംഗതി ദേശീയ പോരാട്ടമാണെങ്കിലും വയനാട്ടിൽ ഉച്ചസൂര്യന്റെ ചൂട് മാത്രമാണ് ഇപ്പോൾ പൊള്ളുന്നത്. തെരഞ്ഞെടുപ്പ് ചൂട് ഇനിയുമായില്ല.
പക്ഷേ ഇനിയങ്ങോട്ട് കളി മാറും. രാഹുൽ ഗാന്ധിയും ആനിരാജയും ബുധനാഴ്ച നാമനിർദേശ പത്രിക നൽകും. വ്യാഴാഴ്ചയാണ് എൻ.ഡി.എ. സ്ഥാനാർഥി കെ. സുരേന്ദ്രൻ പത്രിക നൽകുക. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടാളും. എല്ലാവരുടെയും പ്രചാരണത്തിനായി വരും ദിവസങ്ങളിൽ ദേശീയ സംസ്ഥാന നേതാക്കൾ എത്തും.
യു.ഡി.എഫിന്റെ ഉറച്ച മണ്ഡലത്തിൽ ആനി രാജ വാഴില്ലെന്നത് ഉറപ്പുള്ള കാര്യമാണെങ്കിലും കഴിഞ്ഞ തവണത്തെ രാഹുലിന്റെ മൃഗീയ ഭൂരിപക്ഷമായ 4.31 ലക്ഷമെന്നത് കുറക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് ഇടതുമുന്നണി. എന്നാൽ ഭൂരിപക്ഷം അഞ്ചുലക്ഷം കടത്തുമെന്നാണ് യു.ഡി.എഫ് പറയുന്നത്.
വയനാട്ടിലെ സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപറ്റ മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട്, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലങ്ങളാണ് വയനാട് പാർലമെന്റ് മണ്ഡലത്തിന്റെ പരിധിയിൽ വരുന്നത്.
റോഡ് ഷോക്ക് ശേഷം രാഹുലിന്റെ പത്രിക
രാഹുൽ ഗാന്ധി ബുധനാഴ്ച ജില്ലയിൽ എത്തും. ഇതോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് ആവേശം പതിന്മടങ്ങാകും. രാഹുൽ ബുധനാഴ്ച ഉച്ചക്ക് 12നാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. മുന്നോടിയായി കൽപറ്റ ടൗണിൽ റോഡ്ഷോ നടക്കും. മണ്ഡലത്തിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ അണിനിരക്കും.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കൾ ഇതിന്റെ ഭാഗമാകും. മൂപ്പൈനാട് പഞ്ചായത്തിലെ തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്ടറിലിറങ്ങുന്ന രാഹുൽ ഗാന്ധി റോഡുമാർഗം കൽപറ്റ പുതിയ ബസ് സ്റ്റാൻഡിലെത്തും.
ഇവിടെ നിന്ന് കൽപറ്റയിലെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിയോജക മണ്ഡലങ്ങളിലെയും പ്രവർത്തകരായിരിക്കും റോഡ് ഷോയിൽ പങ്കെടുക്കുക. സുൽത്താൻ ബത്തേരി, മാനന്തവാടി നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകർ എം.പി. ഓഫിസ് പരിസരത്തുനിന്ന് പ്രകടനമായെത്തി പരിപാടിയുടെ ഭാഗമാകും. സിവിൽസ്റ്റേഷൻ പരിസരത്ത് റോഡ് ഷോ അവസാനിപ്പിച്ച ശേഷമായിരിക്കും രാഹുൽ പത്രിക നൽകുക.
കേരളത്തിലെ 20 മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് കാമ്പയിന്റെ തുടക്കമെന്ന നിലയിലുമാണ് രാഹുലിന്റെ റോഡ്ഷോ നടത്തുക. നിയോജകമണ്ഡലം, പഞ്ചായത്ത്, ബൂത്തുതല കൺവെൻഷനുകൾ ഇതിനകം യു.ഡി.എഫ് പൂർത്തീകരിച്ചിട്ടുണ്ട്. ഏപ്രിൽ ആറിന് യുവാക്കൾ പഞ്ചായത്തുതലത്തിൽ യുവന്യായ് കാമ്പയിൻ നടത്തും.
രാവിലെ പത്തിന് ആനിരാജ പത്രിക നൽകും
ബുധനാഴ്ച രാവിലെ പത്തിനായിരിക്കും എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ പത്രിക നൽകുക. നൂറുകണക്കിന് പ്രവർത്തകർ അണിനിരക്കുന്ന മെഗാ റാലിയോടെയായിരിക്കും അവർ എത്തുക. കൽപറ്റ ചുങ്കത്തുനിന്ന് തുടങ്ങുന്ന റാലി കലക്ടറേറ്റുവരെ സ്ഥാനാർഥിയെ അനുഗമിക്കും.
ലോക്സഭ മണ്ഡലത്തിലെ പ്രധാന നേതാക്കളും ഒപ്പമുണ്ടാകും. രാഹുലെന്ന ദേശീയ നേതാവിനെ നേരിടാൻ ദേശീയ നേതാവായ ആനി രാജ തന്നെയെത്തിയത് എൽ.ഡി.എഫിന് മുതൽകൂട്ടാണ്. സത്യമംഗലം വനപ്രദേശത്ത് വീരപ്പൻ വേട്ടയുടെ പേരിൽ വിവിധ സേനകളാൽ പീഡിപ്പിക്കപ്പെട്ട വനിതകളടക്കമുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചവരിൽ മുൻപന്തിയിൽ ആനി രാജയുണ്ടായിരുന്നു.
ഇതടക്കമുള്ള ദേശീയ വിഷയങ്ങളിലെ അവരുടെ ഇടപെടലുകൾ വനിതകളടക്കമുള്ള വോട്ടർമാരുടെ പിന്തുണ നേടാൻ സഹായകരമാകുമെന്നാണ് ഇടതിന്റെ കണക്കുകൂട്ടൽ. സത്യമംഗലത്തെ വനിതകൾ കഴിഞ്ഞ ദിവസം ആനിരാജയുടെ പ്രചാരണത്തിനിറങ്ങിയിരുന്നു.
കെ.സുരേന്ദ്രന്റെ പത്രിക നാളെ
വ്യാഴാഴ്ചയാണ് എൻ.ഡി.എ. സ്ഥാനാർഥി കെ. സുരേന്ദ്രൻ പത്രിക നൽകുക. മെഗാ റാലിയും കൽപറ്റയിൽ നടത്തും. കഴിഞ്ഞ തവണ അമേത്തിയിൽ രാഹുലിനെ പരാജയപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രചാരണത്തിനെത്തും. വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർഥി പ്രഖ്യാപനം വൈകിയിരുന്നു.
ഒടുവിൽ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെത്തന്നെ രംഗത്തിറക്കിയത് അണികളിൽ ആവേശമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റിൽ സംസ്ഥാന പ്രസിഡന്റ് തന്നെ മത്സരിക്കുന്നതിലെ അനൗചിത്യം പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു. വരും ദിവസങ്ങളിൽ പ്രമുഖർ എൻ.ഡി.എ. സ്ഥാനാർഥിയുടെ പ്രചാരണത്തിനായി എത്തും.
രണ്ടുപേർ നാമനിർദേശ പത്രിക സമര്‍പ്പിച്ചു
കൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പിനായി വയനാട് മണ്ഡലത്തില്‍ രണ്ടുപേര്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചു. കെ.പി. സത്യന്- സി.പി.ഐ (എം.എല്‍), അജീബ്- സി.എം.പി(എം.അജീബ് ഫാക്ഷന്‍) എന്നീ സ്ഥാനാഥികളാണ് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ ഡോ. രേണുരാജ് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
സ്ഥാനാർഥികള്‍ക്ക് ഏപ്രില്‍ നാല് വൈകിട്ട് മൂന്ന് വരെ നാമനിർദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.
ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനം ഇന്ന് ആരംഭിക്കും
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം ബുധനാഴ്ച മുതല്‍ ആരംഭിക്കും. പ്രിസൈഡിങ് ഓഫിസര്‍, ഒന്നാം പോളിങ് ഓഫിസര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ട പരിശീലനം നല്‍കുക. ബുധനാഴ്ച മാനന്തവാടി സെന്റ് പാട്രിക് ഹൈസ്കൂളില്‍ മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവ
ര്‍ക്കും ഏപ്രില്‍ നാലിന് ബത്തേരി അസംപ്ഷന്‍ ഹൈസ്കൂളില്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഏപ്രില്‍ അഞ്ചിന് കല്പറ്റ സെന്റ് ജോസഫ് കോണ്‍വെന്റ് ഹൈസ്കൂളില്‍ കല്പറ്റ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും. പരിശീലനത്തില്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ട്രെയിനിങ് മാനേജ്മെന്റ് നോഡല്‍ ഓഫിസര്‍ ബി.സി. ബിജേഷ് അറിയിച്ചു.
ഹരിത തെരഞ്ഞെടുപ്പ്: പരിശീലനം നല്കി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹരിതച്ചട്ട പാലനവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ പരിശീലനം സംഘടിപ്പിച്ചു. ഹരിത തെരഞ്ഞെടുപ്പ് മാർഗരേഖ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എന്‍.എം. മെഹ്റലി, ശുചിത്വ മിഷന് അസിസ്റ്റന്റ് കോഓഡിനേറ്റര്‍ കെ.റഹിം ഫൈസലിന് നല്കി പ്രകാശനം ചെയ്തു.
പോളിങ് സ്റ്റേഷനുകളിലും ബൂത്തുകളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളായ ഡിസ്പോസിബിള്‍ ഗ്ലാസ്, പ്ലേറ്റ്, ഇല, സ്പൂണ്‍, സ്ട്രോ, അലങ്കാര വസ്തുക്കള്‍, ഫ്ലക്സ് എന്നിവ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.